From the print
പോപുലര്‍ ഫ്രണ്ട് ആസ്ഥാന കേന്ദ്രം എന്‍ ഐ എ കണ്ടുകെട്ടി
നിര്‍മാണ പ്രവര്‍ത്തനമോ കൈമാറ്റമോ പാടില്ലെന്ന് നോട്ടീസ്.
മഞ്ചേരി | നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആസ്ഥാന കേന്ദ്രങ്ങളിലൊന്നായ മഞ്ചേരി ഞാവലിങ്ങല്‍ ഗ്രീന്‍വാലി എന്‍ ഐ എ കണ്ടുകെട്ടി. ഇക്കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് ഗ്രീന്‍വാലി അക്കാദമി കെട്ടിടത്തിന്റെ ചുമരില്‍ പതിച്ച നോട്ടീസില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ ഏജന്‍സിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഇനി നിര്‍മാണ പ്രവൃത്തികള്‍ നടത്താനോ സ്ഥാപനം
കൈമാറ്റം ചെയ്യാനോ പാടില്ലെന്നാണ് സ്ഥാപന മാനേജര്‍ക്ക് നല്‍കിയ കര്‍ശന നിര്‍ദേശം.
തിങ്കളാഴ്ച വൈകിട്ട് എന്‍ ഐ എ കൊച്ചി യൂനിറ്റ് ചീഫ് ഇന്‍സ്‌പെക്ടര്‍ ഉമേഷ് റായിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് നോട്ടീസ് പതിച്ചത്. യു എ പി എ പ്രകാരമാണ് നടപടി.
എന്‍ ഡി എഫിന്റെയും പിന്നീട് പോപുലര്‍ ഫ്രണ്ടിന്റെയും പ്രവര്‍ത്തനം പ്രധാനമായും ഇവിടം കേന്ദ്രീകരിച്ചായിരുന്നു. ആയുധ പരിശീലനം, ശാരീരിക പരിശീലനം, സ്ഫോടക വസ്തുക്കളുടെ പരീക്ഷണവും ഉപയോഗ പരിശീലനവും തുടങ്ങിയവക്കായാണ് ഈ കേന്ദ്രം ഉപയോഗിച്ചിരുന്നതെന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.
കേരളത്തില്‍ എന്‍ ഐ എ കണ്ടുകെട്ടുന്ന ആറാമത്തെ പോപുലര്‍ ഫ്രണ്ട് പരിശീലനകേന്ദ്രമാണ് മഞ്ചേരിയിലേത്. മലബാര്‍ ഹൗസ്, പെരിയാര്‍വാലി, കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ്, വള്ളുവനാട് ഹൗസ്, ട്രിവാന്‍ഡ്രം എജ്യുക്കേഷന്‍ ആന്‍ഡ് സര്‍വീസ് ട്രസ്റ്റ് എന്നിവയാണ് നേരത്തേ കണ്ടുകെട്ടിയവ. ഇതുള്‍പ്പെടെ സംസ്ഥാനത്ത് പോപുലര്‍ ഫ്രണ്ടിന്റെ 18 ആസ്തികള്‍ എന്‍ ഐ എ കണ്ടുകെട്ടിയിട്ടുണ്ട്. പത്ത് ഹെക്ടറിലേറെ നീളുന്നതാണ് ഗ്രീന്‍വാലി അക്കാദമി.
പോപുലര്‍ ഫ്രണ്ടിനും 59 നേതാക്കള്‍ക്കുമെതിരെ രാജ്യവിരുദ്ധ പ്രവര്‍ത്തനമുള്‍പ്പെടെ വകുപ്പുകള്‍ ചുമത്തി കഴിഞ്ഞ മാര്‍ച്ചില്‍ എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അക്കാദമി വസ്തുവകകളുടെ ക്രയവിക്രയങ്ങള്‍ തടഞ്ഞുകൊണ്ടുള്ള നോട്ടീസ് പതിച്ചിട്ടുണ്ടെങ്കിലും സ്ഥാപനം നടത്തുന്നതിനോ പഠനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിനോ തടസ്സങ്ങളില്ലെന്ന് അറിയിച്ചതായി പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇന്നലെയും ഗ്രീന്‍വാലി ഫൗണ്ടേഷനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.