ആത്മീയം
പുണ്യം പെയ്തിറങ്ങുന്ന രാവ്
ശഅ്ബാൻ പതിനഞ്ചിന്റെ രാവ് ബറാഅത്ത് രാവ് എന്നാണ് അറിയപ്പെടുന്നത്. ബറാഅത്ത് എന്നതിന്റെ അർഥം മോചനം എന്നാണ്. നിരവധി ആളുകളെ പാപങ്ങളിൽ നിന്നും നരകത്തിൽ നിന്നും മോചിപ്പിക്കുന്ന രാവ് ആയതുകൊണ്ടാണ് ആ പേര് വന്നത്. കാരുണ്യത്തിന്റെ രാവ് എന്നും അനുഗൃഹീത രാവ് എന്നുമെല്ലാം ഈ രാവിന് പേരുകളുണ്ട്. വാനലോകത്തിന്റെ വാതിലുകളും കാരുണ്യത്തിന്റെ കവാടങ്ങളും തുറക്കപ്പെടുന്ന ഈ രാവിൽ നിഷ്കളങ്ക ഹൃദയങ്ങളുള്ളവർക്കെല്ലാം അല്ലാഹു പൊറുത്ത് കൊടുക്കും.
വിശുദ്ധ റമസാനെന്ന ശ്രേഷ്ഠ നേതാവിനെ ഊഷ്മള സ്വീകരണത്തോടെ വരവേൽക്കുന്നതിനും മാലിന്യങ്ങളില്‍നിന്നും പാപങ്ങളിൽ നിന്നും മനസ്സ് ശുദ്ധീകരിച്ച് ഹൃദയാന്തരങ്ങൾ പ്രകാശിപ്പിക്കുന്നതിനും പ്രപഞ്ചനാഥനിലേക്ക് അടുക്കുന്നതിനും സ്വർഗപ്രാപ്തി എളുപ്പമാക്കുന്നതിനും വേണ്ടി സ്രഷ്ടാവ് സംവിധാനിച്ച അനുഗൃഹീത മാസമാണ് ശഅ്ബാൻ. അതുകൊണ്ടാണ് ശഅ്ബാനിന് ന്യൂനതകളില്‍നിന്ന് ഹൃദയം ശുദ്ധീകരിക്കാനുള്ള മാസമെന്ന ബഹുമതി ലഭിച്ചത്. ശഅ്ബാന്‍ മാസത്തെ തിരുനബി(സ) സ്വന്തത്തിലേക്ക് ചേർത്തിയാണ് പറഞ്ഞത്. അതിന്റെ മഹത്വങ്ങളെ പരിഗണിച്ചവൻ നബി(സ)യുടെ കാര്യങ്ങളെ മഹത്വപ്പെടുത്തിയവനാണെന്നും ഹദീസിലുണ്ട്. (ബൈഹഖി) പ്രസ്തുത മാസത്തിലെ ആരാധനകൾക്ക് മഹത്തായ പ്രതിഫലമുണ്ടെന്ന് പ്രമാണങ്ങൾ പറയുന്നു. ശഅ്ബാനിലെ വ്രതത്തിന് നിരവധി പ്രതിഫലങ്ങളുണ്ടെന്ന് ഇബ്നു ഹജറിൽ അസഖലാനി(റ) ഫത്ഹുൽ ബാരിയിൽ വിശദീകരിക്കുന്നുണ്ട്.
ആഇശ ബീവി(റ)യിൽ നിന്നും നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം. നബി(സ) ശഅ്ബാന്‍ മാസത്തില്‍ നോമ്പെടുക്കുന്നതിനേക്കാള്‍ കൂടുതൽ (റമസാൻ ഒഴികെ) മറ്റൊരു മാസത്തിലും നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. (മുസ്‌ലിം) ഇമാം നവവി(റ)പറഞ്ഞു: ഏറെക്കുറെ എല്ലാ ദിവസവും നബി(സ) ശഅ്ബാനിൽ നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു. (ശറഹു മുസ്്്ലിം) ഉസാമ ബ്നു സൈദ്(റ) നിവേദനം. “ഞാന്‍ നബി(സ)യോട് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, (റമസാന്‍ ഒഴികെ) ശഅ്ബാന്‍ മാസത്തില്‍ അങ്ങ് വ്രതമനുഷ്ഠിക്കുന്നത് പോലെ മറ്റൊരു മാസത്തിലും വ്രതമെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘റജബിനും റമസാനിനുമിടയില്‍ ആളുകള്‍ അശ്രദ്ധരാകുന്ന ഒരു മാസമാണത്. അതാകട്ടെ അല്ലാഹുവിലേക്ക് കർമങ്ങള്‍ ഉയര്‍ത്തപ്പെടുന്ന മാസവും. ആകയാൽ നോമ്പുകാരനായിരിക്കെ എന്റെ കർമങ്ങള്‍ അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’. (നസാഇ) ശഅ്ബാന്റെ മഹത്വം വിസ്മരിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അതിന്റെ മഹത്വത്തെ പ്രവാചകര്‍(സ) നന്നായി ഓര്‍മപ്പെടുത്തിയതു കാണാം.
ശഅ്ബാൻ പതിനഞ്ചിന്റെ രാവ് ബറാഅത്ത് രാവ് എന്നാണ് അറിയപ്പെടുന്നത്. ബറാഅത്ത് എന്നതിന്റെ അർഥം മോചനം എന്നാണ്. നിരവധി ആളുകളെ പാപങ്ങളിൽ നിന്നും നരകത്തിൽ നിന്നും മോചിപ്പിക്കുന്ന രാവ് ആയതുകൊണ്ടാണ് ആ പേര് വന്നത്. കാരുണ്യത്തിന്റെ രാവ് എന്നും അനുഗൃഹീത രാവ് എന്നുമെല്ലാം ഈ രാവിന് പേരുകളുണ്ട്. വാനലോകത്തിന്റെ വാതിലുകളും കാരുണ്യത്തിന്റെ കവാടങ്ങളും തുറക്കപ്പെടുന്ന ഈ രാവിൽ നിഷ്കളങ്ക ഹൃദയങ്ങളുള്ളവർക്കെല്ലാം അല്ലാഹു പൊറുത്ത് കൊടുക്കും. ഇമാം ഗസ്സാലി(റ) പറയുന്നു: “കച്ചവടക്കാർ ചില ദിനരാത്രങ്ങളെ വ്യാപാരോത്സവമായി കാണുന്നതുപോലെ വിശ്വാസികളിൽ അല്ലാഹുവിന്റെ പ്രത്യേകമായ അനുഗ്രഹാശിസ്സുകൾ വർഷിക്കുന്ന പതിനഞ്ച് രാവുകൾ ഓരോ വർഷത്തിലുമുണ്ട്.
കച്ചവടക്കാരൻ സീസൺ ശ്രദ്ധിക്കാതിരുന്നാൽ വമ്പൻ നഷ്ടം സംഭവിക്കുന്നതുപോലെ പ്രസ്തുത ദിനങ്ങൾക്ക് പ്രത്യേക പരിഗണന നൽകാതിരുന്നാൽ തിരിച്ചുപിടിക്കാൻ പറ്റാത്ത നഷ്ടമാണ് അവന് ഭവിക്കുക. റമസാനിലെ അവസാനത്തെ പത്തിലെ ഒറ്റയിട്ട രാവുകൾ, റമസാനിലെ പതിനേഴാം രാവ്, മുഹർറം ഒന്നാം രാവ്, മുഹർറം പത്താം രാവ് (ആശൂറാഅ് ദിനം), റജബ് ഒന്നിന്റെ രാവ്, റജബ് പതിനഞ്ചാം രാവ്, റജബ് ഇരുപത്തേഴാം രാവ് (മിഅ്റാജ്), ശഅ്ബാൻ പതിനഞ്ചാം രാവ് (ബറാഅത്ത് രാവ്), അറഫാ രാവ്, രണ്ട് പെരുന്നാൾ രാവുകൾ എന്നിവയാണ് അവ (ഇഹ് യാ ഉലൂമുദ്ദീൻ).
ചുരുക്കത്തിൽ അനേകം അനുഗ്രഹങ്ങളും പുണ്യങ്ങളും നന്മകളും പെയ്തിറങ്ങുന്ന രാവാണ് ബറാഅത്ത് രാവ്. വാനലോകത്തിന്റെ വാതിലുകളും കാരുണ്യത്തിന്റെ കവാടങ്ങളും തുറക്കപ്പെടുന്ന ഈ രാവിൽ നിഷ്കളങ്ക ഹൃദയങ്ങളുള്ളവർക്കെല്ലാം അല്ലാഹു പൊറുത്ത് കൊടുക്കും. അത്വാഉബ്നു യാസിർ (റ)ൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ലൈലത്തുൽ ഖദ്റിന് ശേഷം ഏറ്റവും ശ്രേഷ്ഠമായ രാത്രി ശഅ്ബാൻ പകുതിയുടെ രാവാണ്. വ്യക്തികൾക്കും സമയങ്ങൾക്കും സ്ഥലങ്ങൾക്കും അവസരങ്ങൾക്കും വിശുദ്ധ ഇസ്‌ലാം ചില പ്രത്യേകതകളും ശ്രേഷ്ഠതകളും കൽപ്പിക്കുന്നുണ്ട്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം അത് അങ്ങനെ തന്നെ അംഗീകരിക്കുകയാണ് വേണ്ടത്. ബുദ്ധിക്കും യുക്തിക്കും ന്യായങ്ങൾക്കും അവിടെ പ്രസക്തിയില്ല. എല്ലാം മനുഷ്യന്റെ നന്മക്കുവേണ്ടിയാണെങ്കിലും ചിലതിന്റെ യുക്തി മനുഷ്യബുദ്ധിക്ക് വഴങ്ങിക്കൊള്ളണമെന്നില്ല. അത്തരം വിഷയങ്ങളിൽ അനാവശ്യ ചർച്ചകൾ വലിച്ചിടുന്നത് വിശ്വാസികൾക്ക് വലിയ നഷ്ടമാണ് ബാക്കിവെക്കുക.