Connect with us

cover story

മാനത്തെ ഒമ്പതര മാസം

670ൽപ്പരം ശാസ്ത്രജ്ഞർ പലവിധ റോക്കറ്റുകളിലൂടെ ഭൂമിയുടെ പുറത്ത് സഞ്ചരിക്കുകയും വിജയകരമായി മടങ്ങിവരികയും ചെയ്തു കഴിഞ്ഞു.എന്നാൽ മാനത്ത് ദീർഘകാലം കുടുങ്ങിയത് സുനിതയും ബുച്ച് വിൽമോറുമാണ്.അതാണ് ഈ വിഘ്‎നത്തിലെ മറ്റൊരു പ്രത്യേകത. ഏതു പ്രതികൂല അവസ്ഥയെയും പ്രയോജനകരമായി പരിവർത്തനപ്പെടുത്തുക,അതാണ് വിജയത്തിലേക്കുള്ള വഴിയെന്ന് ഇവരുടെ പ്രവൃത്തികൾ നമുക്ക് കാട്ടിത്തരുന്നു.ഈ മടക്കയാത്ര മഹത്തരമാകുന്നത് ഇതുകൊണ്ടു കൂടിയാണ്.

Published

|

Last Updated

മ്മുടെ ആകാശം വിസ്മയങ്ങളുടെ കലവറയാണ്. കണ്ണുതോരാതെ കാണാൻ എന്തെന്തു കാഴ്ചകൾ. ആകാശാനന്തതയുടെ കാണാപ്പുറങ്ങളെ തേടി ഭാവനയും മനുഷ്യമേധയും സഞ്ചരിക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. വാനനിരീക്ഷണം, ശൂന്യാകാശശാസ്ത്രം, ശൂന്യാകാശ പര്യവേക്ഷണം എന്നിവകളുടെ കളിത്തൊട്ടിലാണ് അറ്റമില്ലാത്ത പ്രപഞ്ചം.

ആയിരത്തി തൊള്ളായിരത്തി അമ്പതുകൾ മുതൽ റോക്കറ്റുകളുടെ സഹായത്താൽ മനുഷ്യർ മാനത്തെ വരുതിയിലാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. സ്‌പേസിലെ സാഹചര്യങ്ങൾ മനുഷ്യർക്ക് ജീവൻ നിലനിർത്താൻ അനുഗുണമാണോ എന്നു തിരക്കാൻ ആദ്യകാലത്ത് പോയത് എലി, നായ, കുരങ്ങ് ഉൾപ്പെടെ മറ്റു ജീവികളായിരുന്നു. ജീവനോടെയും അല്ലാതെയും തിരിച്ചു വന്ന ബലിയാടുകളുടെ സംഖ്യ അനവധിയായിരുന്നു. അത്തരത്തിലുള്ള നിരവധി പരീക്ഷണപ്പറക്കലുകൾക്കും തിരിച്ചിറങ്ങലുകൾക്കും ശേഷമാണ് യൂറിഗഗാറിൻ ആദ്യമായി അന്തരീക്ഷത്തിന്റെ അതിരുകൾ കടന്ന് ശൂന്യാകാശം കണ്ടത്. അതുമുതൽ ബഹിരാകാശത്തെ നിരന്തരം പരീക്ഷണവിധേയമാക്കാൻ തുടങ്ങി. അമേരിക്ക, റഷ്യ, യൂറോപ്യൻ യൂണിയൻ എന്നിവർ തുടക്കത്തിലും തുടർന്ന് ചൈനയും ഇന്ത്യയും ബഹിരാകാശത്ത് വിജയത്തിന്റേതായ നിരവധി നാഴികക്കല്ലുകൾ സ്ഥാപിച്ചു. ചന്ദ്രനിൽ കാലുകുത്താനും ചൊവ്വയിലേക്ക് പേടകങ്ങൾ അയക്കാനും മനുഷ്യന് സാധിച്ചത്, വിജയിച്ചതും പരാജയപ്പെട്ടതുമായ നിരവധി പരീക്ഷണങ്ങളിലൂടെ നടത്തിയ ശാസ്ത്ര വികാസത്തിലൂടെയാണ്. അവയോരോന്നും മനുഷ്യബുദ്ധി വികാസത്തിലെ നാഴികക്കല്ലുകളാണ്.

ശൂന്യാകാശ പരീക്ഷണങ്ങളുടെ സുപ്രധാനമായ ഘട്ടമാണ് അമേരിക്കൻ സോവിയറ്റ് സംയുക്ത സംരംഭമായ അന്താരാഷ്ട്ര ബഹിരാകാശ നിലയം അഥവാ ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷൻ (ഐ എസ് എസ്). ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ടിലാണ് മാനത്ത് ഇതു സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമായത്. താഴ്ന്ന ഭ്രമണപഥത്തിൽ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതും മനുഷ്യർക്ക് താമസിച്ച് പരീക്ഷണങ്ങൾ നടത്താനും സാധിക്കുന്ന ഒരു സ്ഥിരം നിലയമാണിത്. ബഹിരാകാശ ഗവേഷങ്ങൾക്കുള്ള മാനത്തെ പരീക്ഷണശാല. ഒരു ഫുട്‌ബോൾ കോർട്ടിനോളം വലിപ്പമുള്ളതും ഇരുപത്തിയഞ്ച് വർഷങ്ങൾ പഴക്കമുള്ളതുമായ ഇതിനുള്ളിൽ ആറ് ശാസ്ത്രജ്ഞർക്ക് പ്രവർത്തിക്കാനും വിശ്രമിക്കാനും ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഭാവിയിൽ ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള നിരന്തരമായ ഗോളാന്തരയാത്രകളിൽ ഇതിനെയൊരു ഇടത്താവളമാക്കി സൂക്ഷിക്കാനും പദ്ധതിയുണ്ട്. അന്നേരത്തത് മാനത്തെ വഴിയോര വിശ്രമകേന്ദ്രമായി പരിവർത്തനം ചെയ്യപ്പെടും എന്നു കരുതാം. അമേരിക്കൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയാണ് ഇതിലെ വ്രർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നത്.
മാനത്തേക്ക് നോക്കു. ഏതാണ്ട് നാന്നൂറ്റി പതിനെട്ട് കിലോമീറ്ററുകൾ അകലെ ബഹിരാകാശത്താണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം സ്ഥാപിതമായിരിക്കുന്നത്. അതായത് കോഴിക്കോട്ട് നിന്നും ഏതാണ്ട് കേരളത്തിന്റെ തെക്കേയറ്റത്ത് എത്തുന്ന ദൂരം. ചന്ദ്രനേയും ഗോളങ്ങളേയും മാനത്തു തിരയുന്ന നമ്മുടെ കണ്ണുകൾക്ക് ഇതു പ്രാപ്യമാണു താനും. അതീവ വെളുപ്പാൻ കാലത്തും സായാഹ്നത്തിൽ ഇരുട്ടുപരക്കുന്ന നേരത്തും മാനത്തേക്ക് കണ്ണുകൾ പായിച്ചാൽ ഈ സജീവപരീക്ഷണശാല നമ്മുടെ കണ്ണുകളിൽ പതിയുന്നതാണ്. 92.69 മിനുട്ടുകൾ കൊണ്ട് ഭൂമിയെ ഒരു തവണ വലംവയ്ക്കുന്ന ഈ നിലയം ഒരു ദിവസം 15.54 തവണ ഭൂമിയെ ചുറ്റുന്ന യാഥാർഥ്യമായി നമുക്കു കൺമുന്നിൽ തന്നെയുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ കുറിച്ച് ഇത്രയും പരത്തിപ്പറഞ്ഞത് സുനിത വില്യംസുമായി ബന്ധപ്പെട്ട ഉദ്വേഗജനകമായ സംഭവങ്ങളെല്ലാം നടന്നത് ഇതിനുള്ളിലാണ് എന്നതിനാലാണ്.

2024 ജൂൺ അഞ്ച്

നാസയിലെ (നാഷനൽ എയ്‌റോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്ട്രേഷൻ) ശാസ്ത്രജ്ഞയായ സുനിത വില്യംസ് മൂന്നാമത്തെ തവണ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത് 2024 ജൂൺ അഞ്ചാം തീയതിയായിരുന്നു. ബോയിംഗ് കമ്പനിയുടെ സ്റ്റാർ ലീനിയർ എന്ന സ്‌പേസ് ക്രാഫ്റ്റിൽ ഈ അമ്പത്തിയൊന്പതുകാരിക്കൊപ്പം ബുച്ച് വിൽമോർ എന്ന ശാസ്ത്രജ്ഞനുമുണ്ടായിരുന്നു. സുനിത വില്യംസിന്റേത് ഒരു ഹ്രസ്വസന്ദർശനമായിരുന്നു.എട്ട് നാൾ നീണ്ട പരീക്ഷണങ്ങൾക്ക് ശേഷം ജൂൺ പതിമൂന്നിന് ഭൂമിയിലേക്ക് തിരികെ മടങ്ങാനായിരുന്നു ആ യാത്ര സംബന്ധിച്ച് നാസ തയ്യാറാക്കിയ പദ്ധതി.

ബോയിംഗ് നിർമിച്ച മടക്കയാത്രാ റോക്കറ്റിലെ സാങ്കേതിക സംവിധാനങ്ങളുടെ പിഴവ് കാരണം ആ ശാസ്തസംഘത്തിന്റെ നിലയത്തിനുള്ളിലെ താമസം നീണ്ടുപോകുകയാണുണ്ടായത്. ഒരു ശാസ്ത്രസംഘം വഴിപിണങ്ങി ത്രിശങ്കുവിൽ കഴിയുന്നത് രാഷ്ട്രീയ വിവാദങ്ങൾക്കും കാരണമായി. അടുത്തയിടെ നടന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഈ ശാസ്ത്രജ്ഞരുടെ വഴിമുടക്കം ചർച്ചാവിഷയമായിരുന്നു. നാസയുടെ ദൗത്യത്തിൽ നിന്നും ബോയിംഗ് കമ്പനിയുടെ പിൻമാറ്റവും സ്‌പേസ് എക്‌സിന്റെ രംഗപ്രവശവും തുടർന്നുണ്ടായി. ഇവിടെ ശാസ്ത്രത്തിനു പുറത്ത് മറ്റു ശക്തികളുടെ ഏറ്റുമുട്ടലുകൾ ദർശിക്കാൻ കഴിയുന്നതാണ്.

286 ആകാശദിവസങ്ങൾ

1965 ൽ ജനിച്ച് 1988 ൽ അസ്‌ട്രോണമി ട്രെയിനിംഗ് പൂർത്തിയാക്കിയ ഈ അമേരിക്കൻ നേവി പൈലറ്റ് ഇന്ത്യൻ വംശജയാണ്. അതുകൊണ്ടു കൂടിയാണ് സുനിത വില്യംസിന്റെ യാത്ര നമ്മുടെ മാധ്യമങ്ങളിൽ ഏറെ ചർച്ചാവിഷയമായത്. അങ്ങനെ നമ്മുടെ നാട്ടിലും ഇത് പ്രശസ്തവും ഏറെ മാനങ്ങൾ ഉള്ളതുമായ ഒന്നായി തീർന്നു.

രണ്ടായിരത്തി ആറിൽ സ്‌പേസ് ഷട്ടിൽ എന്ന ബഹിരാകാശ വാഹനത്തിലായിരുന്നു സുനിത വില്യംസ് ആദ്യമായി മാന സഞ്ചാരം നടത്തിയത്. ഫ്‌ളൈറ്റ് എൻജിനീയർ എന്ന നിലയിൽ പ്രവർത്തിച്ച ഈ വനിത ബഹിരാകാശ നിലയത്തിനു പുറത്തിറങ്ങി ശൂന്യാകാശത്തിൽ അന്നു നടന്നത് (സ്‌പേസ് വാക്ക്)ഇരുപത്തിയൊന്പത് മണിക്കൂറുകളാണ്. 2012 ലെ രണ്ടാമത്തെ യാത്രയിൽ 127 ദിനങ്ങളാണ് നിലയത്തിൽ പ്രവർത്തിച്ചത്. രണ്ട് ദൗത്യങ്ങളിലുമായി 321 ദിവസത്തെ ശൂന്യാകാശ വാസം അതിനോടകം പൂർത്തിയാക്കിയിരുന്നു.

അതിനാൽ മാനത്ത് കുടുങ്ങിയ 2024-25 ലെ 286 ദിവസങ്ങൾ പുതിയൊരു സംഭവമായിരുന്നില്ല. പരീക്ഷണ നിരീക്ഷങ്ങളിലൂടെ ശാസ്ത്ര വികാസത്തിനുതകുന്ന വിധത്തിൽ ഫലപ്രദമായി വിനിയോഗിക്കാൻ അവർക്ക് കഴിഞ്ഞു. നൂറ്റിയന്പതിൽപ്പരം പരീക്ഷണങ്ങൾ. അതായത് തൊള്ളായിരം മണിക്കൂറുകളെടുത്ത് അവർ നിർവഹിക്കുകയുണ്ടായി.

സ്‌പേസ് വാക്കിനും മതിയായ തോതിൽ സമയം ലഭിച്ചു. അറുപത്തി രണ്ട് മണിക്കൂർ ആറ് മിനുട്ട് ആകാശനടത്തവുമുണ്ടായി. നിലയത്തിന്റെ ബാഹ്യഭാഗത്തുണ്ടാകുന്ന കേടുപാടുകൾ മാറ്റാനും ബഹിരാകാശത്തിലെ മാലിന്യങ്ങൾ നീക്കാനും ഈ പുറം നടത്തത്തിനിടയിൽ അവസരം ലഭ്യമായി. സുനിത വില്യംസ് നടത്തിയ ബഹിരാകാശ നടത്തവും വിഖ്യാതമായി. സ്റ്റേഷന് പുറത്ത് ഏറ്റവും കൂടുതൽ സമയം നടന്നയാൾ എന്ന റെക്കോഡ് ആയി മാറി.

2006 ലെ 195 ദിവസത്തെ ആദ്യ ദൗത്യത്തിൽ ഒറ്റയാത്രയിൽ ഏറ്റവും കൂടുതൽ ആകാശത്തു തങ്ങിയ ആദ്യ വനിതയെന്ന റെക്കോഡ് അവർ നേടിയിട്ടുണ്ടായിരുന്നു. ബഹിരാകാശ നിലയത്തിലെ ത്രെഡ്മില്ലിൽ മാരത്തൺ ഓട്ടം നടത്തിയ ആദ്യ വനിതയെന്ന റെക്കോഡും സുനിതക്കാണ്.
ദീർഘകാലം ബഹിരാകാശത്തിലെ പ്രത്യേക സാഹചര്യങ്ങളിൽ കഴിയുന്നതു ശരീര പ്രവർത്തനങ്ങളെ ബാധിക്കാറുണ്ട്. ഭൂഗുരുത്വബലത്തിലെ കുറവ് യാത്രികരുടെ മാംസപേശികളുടെ ശോഷിക്കൽ ഉൾപ്പെടെ നിരവധി ജീവത് പ്രവർത്തനങ്ങളുടെ താളം തെറ്റലിനു കാരണമാകാറുണ്ട്. ഇവിടെ ഒന്പതര മാസങ്ങൾ മൈക്രോ ഗ്രാവിറ്റിയിൽ കഴിഞ്ഞതിലൂടെ ഈ ശാസ്ത്രജ്ഞ സ്വയമൊരു പഠനവസ്തു കൂടിയായി മാറുകയാണ്.

അതിലൂടെ മാനവരാശിയുടെ ബഹിരാകാശവാസത്തിന് ഭാവിയിൽ ഗുണപരമായി തീരാവുന്ന നിരവധി കണ്ടെത്തലുകൾക്ക് അടിസ്ഥാനമാകുന്നതാണ്. ഭൂമിയിൽ മടങ്ങി വന്നതിനുശേഷം നടക്കുന്ന മെഡിക്കൽ പരിശോധനകളിലൂടെ സുനിതക്കത് നൽകാൻ സാധിക്കുന്നതാണ്. ഓരോ യാത്രയും സുരക്ഷിതവും എളുപ്പത്തിലുമുള്ള ബാഹ്യജീവിതത്തിലേക്കുള്ള വഴിതുറക്കലുകളാണ് എന്നു സുനിതയുടെ ഈ യാത്രയും സാക്ഷ്യപ്പെടുത്തുന്നു. ആകാശത്തിൽ നടത്താനുള്ള പരീക്ഷണങ്ങൾക്ക് പരിധിയില്ല എന്നു ചുരുക്കം.

അറുന്നൂറ്റി എഴുപതിൽപ്പരം ശാസ്ത്രജ്ഞർ പലവിധ റോക്കറ്റുകളിലൂടെ ഭൂമിയുടെ പുറത്ത് സഞ്ചരിക്കുകയും വിജയകരമായി മടങ്ങിവരികയും ചെയ്തു കഴിഞ്ഞു. എന്നാൽ മാനത്ത് ദീർഘകാലം കുടുങ്ങിയത് സുനിതയും ബുച്ച് വിൽമോറുമാണ്. അതാണ് ഈ വിഘ്നത്തിലെ മറ്റൊരു പ്രത്യേകത. ഏതു പ്രതികൂല അവസ്ഥയെയും പ്രയോജനകരമായി പരിവർത്തനപ്പെടുത്തുക. അതാണ് വിജയത്തിലേക്കുള്ള വഴിയെന്നു സുനിതയുയെും കൂട്ടരുടെയും പ്രവൃത്തികൾ നമുക്ക് കാട്ടിത്തരുന്നു. ഈ മടക്കയാത്ര മഹത്തരമാകുന്നത് ഇതുകൊണ്ടു കൂടിയാണ്.

2025 മാർച്ച് 18

വിവാദങ്ങൾക്കും ആശങ്കകൾക്കും വിരാമമിട്ടുകൊണ്ട് മാർച്ച് പതിനെട്ടിന് അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി യാത്രികർക്ക് മടങ്ങാനുള്ള കാപ്‌സ്യൂൾ കൂട്ടിച്ചേർക്കാൻ സാധിച്ചു. നാസക്ക് വേണ്ടി ഈ ദൗത്യം ഏറ്റെടുത്തത് സ്‌പേസ് എക്‌സ് എന്ന ബഹിരാകാശ കമ്പനിയാണ്. റോക്കറ്റിലൂടെ ബഹിരാകാശ നിലയത്തിലേക്ക് എത്തിച്ച മടക്കയാത്രാ കാപ്‌സ്യൂളിന് ഡ്രാഗൺ എന്നാണ് പേര്. അതോടെ ഒന്പതര മാസത്തെ അവരുടെ ത്രിശങ്കു വാസത്തിന് വിരാമമായി.
പതിനേഴ് മണിക്കൂറുകളുടെ സങ്കീർണമായ യാത്രക്ക് ശേഷം പേടകം മെക്‌സിക്കൻ ഉൾക്കടലിൽ പിറ്റേന്ന് പുലർച്ചെ പതിക്കുകയാണുണ്ടായത്. രക്ഷാപ്രവർത്തകരുടെ നേതൃത്വത്തിൽ സുനിതയെയും വിൽമോർ ഉൾപ്പെടെ മറ്റു നാല് യാത്രികരെയും പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പാളിപ്പോയ ആരോഗ്യവും ഭൂമിയിലെ അവസ്ഥകളുമായി താദാത്മ്യം പ്രാപിക്കാനും ഇതത്യാവശ്യമാണ്. ചുരുക്കത്തിൽ വിശ്രമത്തിനും നാളുകൾ നീണ്ടുനിൽക്കുന്ന തുടർപരീക്ഷണങ്ങൾക്കും ശേഷമാകും സുനിത വില്യംസിനു സാധാരണ ജീവിതം സാധ്യമാകുക.

ബഹിരാകാശ യാത്രകൾ തീർത്തും വിജയകരമാകുക എന്നത് പ്രവചനാതീതമായ കാര്യമാണ്. ഓരോ യാത്രയിലും നിന്നും അത് എളുപ്പത്തിൽ നിർവഹിക്കാനുള്ള പുതിയ അറിവുകളും വഴികളുമാണ് ശാസ്ത്രത്തിനു തുറന്നു കിട്ടുന്നത്. നമ്മുടെ രാജ്യത്തിൽ നടക്കുന്ന റോക്കറ്റ് വിക്ഷേപണങ്ങളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചാൽ തന്നെ അതു വ്യക്തമാകുന്നതാണ്. എത്ര ശ്രദ്ധാപൂർവമാണ് ഇന്ത്യ ഈ രംഗത്ത് മുന്നേറുന്നത്. ഭാവിയിലെ യാത്രാവേളകളിൽ ഇനിയും സംഭവിക്കാനുള്ള ചില സാങ്കേതിക തകരാറുകൾ അതെങ്ങനെ നിവർത്തിച്ചെടുക്കാം, എപ്രകാരമൊക്കെ പരിഹാരം കണ്ടെത്താം എന്നതിന്റെ ട്രയൽ കൂടിയാണ് ശാസ്ത്രസംഘത്തെ ബഹിരാകാശത്തു നിന്നും രക്ഷപ്പെടുത്തി എത്തിച്ച ദൗത്യത്തിലൂടെ നേടിയതെന്ന് പറയാം.

“സുനിത വില്യംസിന്റെ നിപുണതയെ നമ്മുടെ രാജ്യം ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നു.’ ബഹിരാകാശ രംഗത്തെ സുപ്രധാന സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യ ഈ ദൗത്യത്തെ അത്തരത്തിൽ അഭിനന്ദിച്ചു കൊണ്ട് ഏറെ ആകാംക്ഷാപൂർവമാണ് നിരീക്ഷിച്ചത്.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നമ്മുടെ ശാസ്ത്രകാരന്മാർ ശൂന്യകാശ യാത്രികരെ തിരികെ കൊണ്ടുവരാനുള്ള സ്‌പേസ്‌ റിക്കവറി ക്യാപ്‌സ്യുൾ പരീക്ഷണം 2007 ൽ വിജയകരമായി നടത്തിയിരുന്നു.

ആകാശത്ത് ഭാവിയിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന നിലയത്തിന്റെ കൂട്ടിച്ചേർക്കൽ പ്രക്രിയയുടെ ഭാഗമായ ഡോക്കിംഗും (16.1.25) അതിനെ തുടർന്ന് വേർപെടുത്തുന്നതുമായ അൺഡോക്കിംഗും (13.3.25) ഡിസംബറിൽ വിക്ഷേപിച്ച സ്‌പേഡെക്‌സ് എന്ന ഉപഗ്രഹത്തിലൂടെ അടുത്തയിടെയാണ് നമുക്ക് വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചത്. മാനത്ത് വലിയ വലിയ സംഭവങ്ങൾ അരങ്ങേറുമ്പോൾ നമ്മുടെ രാജ്യവും ചെറിയ കാൽവെപ്പുകളോടെ അതേ പാതയിലാണ് എന്നതും അഭിമാനകരമായ വസ്തുതയാണ്. സുനിത വില്യംസിന്റെയും സഹശാസ്ത്രജ്ഞരുടെയും വിജയകരമായ മടക്കം അതും സൂചിപ്പിക്കുന്നു.

Latest