kochi theft
സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവിനെ കൊച്ചിയില്‍ എത്തിച്ചു
ജോഷിയുടെ വീട്ടില്‍ നിന്ന് മോഷണം പോയ സ്വര്‍ണ, വജ്രാഭരണങ്ങളും ഇയാളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തിരുന്നു.
കൊച്ചി | സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് മുംബൈ സ്വദേശി മുഹമ്മദ് ഇര്‍ഷാദിനെ കൊച്ചിയില്‍ എത്തിച്ചു . ഇന്നലെ കര്‍ണാടകയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. വന്‍ മോഷണം ആസൂത്രണം ചെയ്തു നടപ്പാക്കി ആഡംബര ജീവിതം നയിക്കുന്നതാണ് പ്രതിയുടെ രീതി. മോഷണത്തിലൂടെ ലഭിക്കുന്ന പണം പാവപ്പെട്ടവരെ സഹായിക്കാന്‍ വിനിയോഗിക്കുന്നതിലൂടെ റോബിന്‍ഹുഡ് എന്ന പേരും ഇയാള്‍ക്കുണ്ടെന്നാണ് പോലീസ് പറയുന്നത്.
ജോഷിയുടെ വീട്ടില്‍ നിന്ന് മോഷണം പോയ സ്വര്‍ണ, വജ്രാഭരണങ്ങളും ഇയാളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തിരുന്നു. വെള്ളിയാഴ്ച രാത്രി 1.30 ക്ക് ശേഷമാണ് ജോഷിയുടെ പനമ്പിള്ളി നഗറിലെ വീട്ടില്‍ മോഷണം നടന്നത്. ഒരു കോടിയിലേറെ വിലമതിക്കുന്ന വജ്രാഭരണങ്ങളും സ്വര്‍ണവും പണവും ആണ് നഷ്ടമായത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതില്‍ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് പ്രതി സഞ്ചരിച്ചിരുന്ന മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിര്‍ണായകമായത്.
കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നാണ് സൗത്ത് സിഎയുടെ നേതൃത്വത്തിലുള്ള സംഘം മോഷ്ടാവിനെ പിടികൂടിയത്. മോഷണം പോയ വജ്രാഭരണങ്ങളും പണവും ഇയാള്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്രയില്‍ നിന്ന് ആസൂത്രണത്തോടെ എത്തിയാണ് ഇയാള്‍ മോഷണം നടത്തിയത്.