Connect with us

From the print

കുഷ്ഠരോഗികളുടെ എണ്ണം കൂടുന്നു; 2030 ഓടെയെങ്കിലും നിര്‍മാര്‍ജനം ലക്ഷ്യം

ചികിത്സിച്ചില്ലെങ്കില്‍ അടിമുടി വൈകല്യം.

Published

|

Last Updated

കൊച്ചി | കുഷ്ഠരോഗം രാജ്യത്ത് ഇപ്പോഴും വര്‍ധിക്കുന്നതായി കണക്കുകള്‍. പിടിപെടാന്‍ സാധ്യത കുറഞ്ഞതും പിടിപെട്ടാല്‍ ദീര്‍ഘകാലം ചികിത്സ ആവശ്യമുള്ളതും ചികിത്സിച്ചില്ലെങ്കില്‍ ശരീരം അടിമുടി വൈകല്യത്തിനിടയാക്കുന്നതുമായ രോഗമാണിത്.

ലോകത്തെ 60 ശതമാനം കുഷ്ഠരോഗികളും ഇന്ത്യയിലാണെന്ന് ഇതേക്കുറിച്ച് നടന്ന പഠനങ്ങളില്‍ പറയുന്നു. 500 മുതല്‍ 600 വരെ പുതിയ രോഗികളാണ് ഇന്ത്യയില്‍ പ്രതിവര്‍ഷം ഉണ്ടാകുന്നത്. ബ്രസീല്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് തൊട്ടുപിറകില്‍. ഇന്ത്യയില്‍ ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, പഞ്ചാബ്, ബിഹാര്‍, ഹരിയാന, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നിവിടങ്ങളിലാണ് കൂടുതല്‍ കുഷ്ഠരോഗികളുള്ളത്.

ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായെത്തുന്ന കേരളത്തിലും കുഷ്ഠരോഗികളുടെ സാന്നിധ്യം കൂടുന്നതായാണ് ആരോഗ്യ പ്രവര്‍ത്തകരുടെ കണ്ടെത്തല്‍. കേരളത്തില്‍ പാലക്കാട്, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ കുഷ്ഠ രോഗം സ്ഥിരീകരിച്ചവര്‍ ചികിത്സയിലുണ്ട്. 2017വരെ 520 കേസുകളാണ് കേരളത്തില്‍ റിപോര്‍ട്ട് ചെയ്തത്. 2018ല്‍ ഇത് 705 കേസുകളായി ഉയര്‍ന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കൃത്യമായ പരിശോധനകള്‍ നടന്നില്ല.

രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ ശരാശരി രണ്ട് മുതല്‍ അഞ്ച് വരെ വര്‍ഷങ്ങള്‍ കഴിഞ്ഞ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതാണ് കുഷ്ഠരോഗം നിര്‍മാര്‍ജനം ചെയ്യാന്‍ പ്രധാന തടസ്സം. പ്രാരംഭ ലക്ഷണങ്ങള്‍ തിരിച്ചറിയാത്തതാണ് രോഗം ഗുരുതരാവസ്ഥയിലെത്തിക്കുന്നത്. ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ തന്നെ പരിശോധന നടത്തി രോഗം സ്ഥിരീകരിക്കാനും ചികിത്സ ആരംഭിക്കാനും പലരും മടിക്കുന്നു. കൃത്യമായ പരിശോധന നടത്തിയാല്‍ കുഷ്ഠരോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. 2023ഓടെ രാജ്യത്തുനിന്ന് സമ്പൂര്‍ണമായി കുഷ്ഠരോഗം തുടച്ചുനീക്കാന്‍ കേന്ദ്ര, സംസ്ഥാന ആരോഗ്യ വകുപ്പുകള്‍ സംയുക്തമായി പദ്ധതികള്‍ നടപ്പാക്കിയിരുന്നെങ്കിലും സാധിച്ചിരുന്നില്ല. 2030ഓടെയെങ്കിലും കുഷ്ഠരോഗ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് ബോധവത്കരണ പരിശോധനാ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്.

ചികിത്സ സൗജന്യം
കുഷ്ഠരോഗത്തിന് സൗജന്യ ചികിത്സ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. പ്രാരംഭ ദശയില്‍ത്തന്നെ രോഗം കണ്ടെത്താനും ചികിത്സിക്കാനും കഴിയണം. എങ്കില്‍ മാത്രമേ രോഗപ്പകര്‍ച്ചാ ശൃംഖല മുറിക്കാനും വൈകല്യങ്ങള്‍ ഒഴിവാക്കുന്നതിനും സാധിക്കൂ.

സമ്പര്‍ക്കത്തിലൂടെ പകരില്ല
കുഷ്ഠരോഗത്തിന് കുറഞ്ഞ പകര്‍ച്ചശേഷിയാണുള്ളത്. സമ്പര്‍ക്കത്തിലൂടെ സാധാരണയായി പകരാറില്ല. ചികിത്സ എടുക്കാത്ത രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗാണുക്കള്‍ പുറത്തുകടക്കുന്നു. ഇവയുമായി സമ്പര്‍ക്കത്തില്‍ വരുന്നവരിലേക്ക് രോഗാണുക്കള്‍ കടക്കുന്നു. ചികിത്സ എടുക്കുന്ന രോഗികളില്‍ നിന്നും രോഗം പകരുകയില്ല.

ലക്ഷണങ്ങളെ അവഗണിക്കരുത്
സ്പര്‍ശനശേഷി കുറഞ്ഞതോ പൂര്‍ണമായി നഷ്ടപ്പെട്ടതോ നിറം മങ്ങിയതോ ചുവപ്പുരാശിയുള്ളതോ ചെമ്പുനിറത്തിലോ ഉള്ളപാടുകള്‍, തടിച്ചതും തിളക്കമുള്ളതും ചുവന്നതുമായ ചര്‍മം, കൈയിലും കാലിലും ഉണ്ടാകുന്ന മരവിപ്പ്, വേദന, ബലക്ഷയം എന്നിവയൊക്കെ കുഷ്ഠത്തിന്റെ പ്രാഥമിക ലക്ഷണങ്ങളാകാം. കൈകളിലും കാലുകളിലും ഉണ്ടാകുന്ന വേദനയില്ലാത്ത വ്രണങ്ങളും പൊള്ളലുകളും, മുഖത്തും ചെവിക്കുടയിലും ഉണ്ടാകുന്ന വീക്കവും മുഴകളും, ചൂടും തണുപ്പും തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥ തുടങ്ങിയവയും ലക്ഷണങ്ങളാണ്.

 

 

Latest