Uae
വാഹനങ്ങള്‍ വര്‍ധിച്ചു; ഗതാഗതക്കുരുക്കില്‍ സമയനഷ്ടം ഏറെ
2024-ല്‍ വാഹന ഉടമകള്‍ക്ക് ഗതാഗതക്കുരുക്കില്‍ ശരാശരി ഏകദേശം 35 മണിക്കൂര്‍ നഷ്ടപ്പെട്ടു
ദുബൈ|ദുബൈയില്‍ വാഹനങ്ങളുടെ വര്‍ധന ഗതാഗതക്കുരുക്കില്‍ പലരുടെയും സമയം ഏറെ നഷ്ടപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. 2024-ല്‍ വാഹന ഉടമകള്‍ക്ക് ഗതാഗതക്കുരുക്കില്‍ ശരാശരി ഏകദേശം 35 മണിക്കൂര്‍ നഷ്ടപ്പെട്ടു. മുന്‍ വര്‍ഷത്തേക്കാള്‍ രണ്ട് മണിക്കൂര്‍ കൂടുതലാണിത്. ജനസംഖ്യയും വാഹനങ്ങളുടെ എണ്ണവും വര്‍ധിച്ചതാണ് പ്രധാന കാരണം. ഗതാഗതക്കുരുക്കില്‍ നഷ്ടപ്പെട്ട മണിക്കൂറുകളുടെ എണ്ണം 2022-നെ അപേക്ഷിച്ച് വളരെ കൂടുതലാണ്. 45 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.
ഈ വര്‍ഷം തുടക്കം മുതല്‍ എമിറേറ്റിലെ ജനസംഖ്യ 134,000-ത്തിലധികം വര്‍ധിച്ച് 38 ലക്ഷത്തിലെത്തി. 2021 ജനുവരി മുതല്‍, നഗരത്തിലെ ജനസംഖ്യ 378,000-ത്തിലധികം വര്‍ധിച്ചു. പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള കാലയളവില്‍ സമ്പദ്്വ്യവസ്ഥ അതിവേഗം വളര്‍ന്നിരുന്നു. വിദേശ പ്രൊഫഷണലുകളുടെയും തൊഴിലാളികളുടെയും നിക്ഷേപകരുടെയും വരവ് മൂലമാണിത്.
ദുബൈ ടോള്‍ ഗേറ്റ് ഓപ്പറേറ്ററായ സാലിക്കിന്റെ ഡാറ്റ കാണിക്കുന്നത് നഗരത്തിന്റെ മാക്രോ എക്കണോമിക് വളര്‍ച്ച കാരണം, വാഹന രജിസ്‌ട്രേഷന്‍ വര്‍ഷം തോറും 8.7 ശതമാനം വര്‍ധിച്ച് 43 ലക്ഷമായെന്നാണ്. റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) കഴിഞ്ഞ വര്‍ഷം നവംബറില്‍ വെളിപ്പെടുത്തിയ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ദുബൈയില്‍ പകല്‍ സമയങ്ങളില്‍ വാഹനങ്ങളുടെ എണ്ണം 35 ലക്ഷത്തിലെത്തിയെന്നാണ്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളില്‍ പത്ത് ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ആഗോള ശരാശരിയായ 2-4 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വളരെ കൂടുതലാണ്. നഗരത്തിലുടനീളമുള്ള ഗതാഗതം സുഗമമാക്കുന്നതിനായി അടിസ്ഥാന സൗകര്യ വികസനത്തിനായി ദുബൈ സര്‍ക്കാര്‍ നിരന്തരം പ്രവര്‍ത്തിക്കുന്നു. ഭവന, റോഡ് ശൃംഖലകള്‍ക്കായുള്ള വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി കോടിക്കണക്കിന് ദിര്‍ഹം ഒഴുക്കുന്നു.
2024ല്‍, ദുബൈ ആന്തരിക റോഡുകള്‍ക്കായി ഒരു പഞ്ചവത്സര പദ്ധതി (2025-2029) അംഗീകരിച്ചു. 12 താമസ, വാണിജ്യ, വ്യാവസായിക മേഖലകളിലായി 21 പദ്ധതികള്‍ ആവിഷ്‌കരിച്ചു. 370 കോടി ദിര്‍ഹം ചെലവ് വരുന്ന 634 കിലോമീറ്റര്‍ പുതിയ റോഡുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. എമിറേറ്റിന്റെ ജനസംഖ്യാ വളര്‍ച്ചയും നഗര വികാസവും കണക്കിലെടുത്താണ് ഈ പദ്ധതി. നൂതന അടിസ്ഥാന സൗകര്യങ്ങളുടെ പ്രാധാന്യം അംഗീകരിച്ചുകൊണ്ട്, സാമ്പത്തിക പ്രതിസന്ധിക്കിടയിലും റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നത് തുടര്‍ന്നു.
അടിസ്ഥാന സൗകര്യങ്ങള്‍ പ്രധാന ചാലകശക്തികളില്‍ ഒന്നാണ്, കാരണം 2008-09 സാമ്പത്തിക പ്രതിസന്ധിയിലും പകര്‍ച്ചവ്യാധിയിലും വികസിപ്പിച്ചുകൊണ്ടിരുന്നു. ദുബൈ തുടര്‍ച്ചയായി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. അത് വളരെ ബുദ്ധിപൂര്‍വ്വമായ കാര്യമാണ്. നിയമപരമായ അടിസ്ഥാന സൗകര്യങ്ങളും ആവശ്യമാണ്.
ഗതാഗതക്കുരുക്ക് കുറക്കുന്നതിന് ദുബൈ വഴക്കമുള്ള ജോലി സമയവും വിദൂര ജോലി നയങ്ങളും ഏര്‍പ്പെടുത്തി. രണ്ട് പഠനങ്ങള്‍ക്ക് ശേഷം, ഈ നയങ്ങള്‍ക്ക് എമിറേറ്റിലെ പ്രഭാത യാത്രാസമയം 30 ശതമാനം കുറയ്ക്കാന്‍ കഴിയുമെന്ന് അധികാരികള്‍ കണ്ടെത്തി. ആഗോളതലത്തില്‍, ഗതാഗതക്കുരുക്കിന്റെ കാര്യത്തില്‍ എമിറേറ്റ് 154-ാം സ്ഥാനത്താണ്, പല പ്രധാന നഗരങ്ങളെക്കാളും മികച്ചതാണ്. വര്‍ധിച്ചുവരുന്ന ഗതാഗതത്തിന്റെ ഫലമായി, തിരക്കേറിയ സമയങ്ങളിലും രാവിലെയും ഉച്ചക്കും വൈകിട്ടും 2019-ല്‍ മണിക്കൂറില്‍ 35 മൈല്‍ വേഗം ആയിരുന്നത് 2023-ല്‍ 33 ആയും 2024-ല്‍ 32 ആയും കുറഞ്ഞു. തിരക്കില്ലാത്ത സമയങ്ങളില്‍, 2024-ല്‍ മണിക്കൂറില്‍ 45 മൈലായി മെച്ചപ്പെട്ടു.