Connect with us

health

നാടൻ പഴങ്ങളുടെ പോഷകപ്പെരുമ

വേനൽച്ചൂടിൽ മധുരം വിളമ്പുന്ന നാട്ടുമാങ്ങകൾക്കും ഗൃഹാതുരത്വത്തിന്റെ നീലക്കറ പുരണ്ട ഞാവൽപ്പഴങ്ങൾക്കും പെരുമയിലും പെരുപ്പത്തിലും വെല്ലുവിളിയുയർത്തുന്ന ചക്കപ്പഴങ്ങൾക്കും പാവപ്പെട്ടവരുടെ ആപ്പിളായ പേരയ്ക്കക്കും മാലാഖമാരുടെ ഫലമെന്നറിയപ്പെടുന്ന പപ്പായക്കും ചുവന്നു തുടുത്ത ചാമ്പയ്ക്കക്കും വള്ളിപ്പടർപ്പിൽ തൂങ്ങിയാടുന്ന പാഷൻ ഫ്രൂട്ടിനും മുൾകിരീടം ചൂടിയ കൈതച്ചക്കക്കും മലയാളികളുടെ എനർജി ബൂസ്റ്ററായ വാഴപ്പഴങ്ങൾക്കും പോഷകങ്ങളെക്കുറിച്ച് വാതോരാതെ പറയാനുണ്ട്.

Published

|

Last Updated

“നാട്യ പ്രധാനം നഗരം ദരിദ്രം , നാട്ടിൻപുറം നന്മകളാൽ സമൃദ്ധം’

ഇതൊരു ഓർമപ്പെടുത്തലാണ് ഗ്രാമീണ വിശുദ്ധിയുടെ മാത്രമല്ല, പഴമ കനിഞ്ഞരുളിയ രുചിഭേദങ്ങളുടേത് കൂടിയാണ്. വിദേശ സംസ്‌കാരത്തെ ഒപ്പിയെടുക്കാനുള്ള മലയാളിയുടെ പരക്കംപാച്ചിലിൽ നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്നത് പഴമയുടെ രുചി കൂടിയാണ്. നാടൻ പഴങ്ങളുടെ വൈവിധ്യത്തിനു പേര് കേട്ട നാടാണ് കേരളം. ധൂർത്തൻ സംസ്‌കാരത്തിന്റെ വ്യാപനം ശക്തമായതോടെ കേരളീയരുടെ പഴപ്പെരുമക്കും കോട്ടം വന്നിട്ടുണ്ട്.

വേനൽച്ചൂടിൽ മധുരം വിളമ്പുന്ന നാട്ടുമാങ്ങകൾക്കും ഗൃഹാതുരത്വത്തിന്റെ നീലക്കറ പുരണ്ട ഞാവൽ പ്പഴങ്ങൾക്കും പെരുമയിലും പെരുപ്പത്തിലും വെല്ലുവിളിയുയർത്തുന്ന ചക്കപ്പഴങ്ങൾക്കും പാവപ്പെട്ടവരുടെ ആപ്പിളായ പേരയ്ക്കക്കും മാലാഖമാരുടെ ഫലമെന്നറിയപ്പെടുന്ന പപ്പായക്കും ചുവന്നു തുടുത്ത ചാമ്പയ്ക്കക്കും വള്ളിപ്പടർപ്പിൽ തൂങ്ങിയാടുന്ന പാഷൻ ഫ്രൂട്ടിനും മുൾക്കിരീടം ചൂടിയ കൈതച്ചക്കക്കും മലയാളികളുടെ എനർജി ബൂസ്റ്ററായ വാഴപ്പഴങ്ങൾക്കും പോഷകങ്ങളെക്കുറിച്ച് വാതോരാതെ പറയാനുണ്ട്.

ചില നാടൻപഴങ്ങളുടെ സവിശേഷതകളിലൂടെ

ചക്ക

ചക്കയിൽ വിറ്റാമിൻ എ, സി , റൈബോഫ്‌ലാവിൻ, തയാമിൻ, നിയാസിൻ, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ചക്കയിലെ പൊട്ടാസിയം രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ ഇരുമ്പ്,മഗ്‌നീഷ്യം, കാൽസിയം എന്നിവ അടങ്ങിയിട്ടുള്ളതിനാൽ വിളർച്ച തടയുന്നതിനും എല്ലുകളുടെ സംരക്ഷണത്തിനും സഹായകമാകുന്നു. ധാരാളം നാരുകളാൽ സമ്പുഷ്ടമാണ് ചക്ക.

മാങ്ങ

മാങ്ങയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ക്യാൻസർ പോലുള്ള അസുഖങ്ങളെ ചെറുക്കാൻ കഴിയുന്നു.ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, സി എന്നിവ ചർമ സംരക്ഷണത്തിനും രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.മാമ്പഴം കഴിക്കുന്നത് ശരീര താപനില കുറയ്ക്കാൻ സഹായകമാകുന്നു.

വാഴപ്പഴം

വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ട്രിപ്‌റ്റോഫാൻ എന്ന പ്രോട്ടീനിന് സന്തോഷത്തിന്റെ ഹോർമോൺ എന്നറിയപ്പെടുന്ന സെറാടോണിൻ ഉത്പാദിപ്പിക്കാനുള്ള കഴിവുണ്ട്. അതിനാൽ സമ്മർദത്തെ അകറ്റി മാനസിക നില മെച്ചപ്പെടുത്താൻ സാധിക്കുന്നു. വാഴപ്പഴം നാരുകളാൽ സമ്പുഷ്ടമായതിനാൽ ദഹനം സുഗമമാക്കാനും പൊട്ടാസിയം ധാരാളം അടങ്ങിയതിനാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. വിറ്റാമിൻ ബി, മഗ്‌നീഷ്യം എന്നിവയും വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. കലോറി കൂടിയ പഴങ്ങളിൽ ഒന്നാണിത്.

ഞാവൽപ്പഴം

വിറ്റാമിൻ സിയും ഇരുമ്പും ധാരാളം അടങ്ങിയ ഞാവൽപ്പഴം രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കുന്നു. ഇത് അനീമിയയെ പ്രതിരോധിക്കാനും രക്ത ശുദ്ധീകരണത്തിനും രക്തസമ്മർദം കുറയ്ക്കാനും കൊളസ്‌ട്രോൾ നിയന്ത്രിക്കാനും സഹായിക്കുന്നു.

ചാമ്പയ്ക്ക

വിറ്റാമിൻ എ, വിറ്റമിൻ സി , ഫൈബർ, തയമിൻ, ഇരുമ്പ്, നിയാസിൻ, സൾഫർ, പൊട്ടാസിയം എന്നിവയാൽ സമ്പുഷ്ടമാണ്.

കൈതച്ചക്ക

ക്യാൻസർ സാധ്യത കുറയ്ക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു. വീക്കം ചെറുക്കാൻ കഴിയുന്ന പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. പൈനാപ്പിളിൽ അടങ്ങിയ ബ്രോമലിൻ എന്ന ഘടകം ദഹന പ്രശ്‌നങ്ങൾക്കും മികച്ചതാണ്.

പാഷൻ ഫ്രൂട്ട്

കലോറി കുറഞ്ഞ ഒരു പഴവർഗമാണിത്. വിറ്റാമിൻ എ , മഗ്‌നീഷ്യം,കാൽസിയം, ഇരുമ്പ്, ഫോസ്ഫറസ് ഇവയെല്ലാം ഈ പഴത്തിൽ അടങ്ങിയിരിക്കുന്നു. പൊട്ടാസ്യത്തിന്റെ മികച്ച സ്രോതസ്സുകളിൽ ഒന്നാണ് പാഷൻ ഫ്രൂട്ട്.
ഋതുക്കൾ മാറുന്നതിനനുസരിച്ച് മനുഷ്യശരീരത്തിലും പ്രകടമായ മാറ്റങ്ങൾ വരുന്നു. ഇത് ഓരോ വ്യക്തികളുടെയും ദൈനംദിന പോഷകാവശ്യങ്ങളിലും സ്വാധീനം ചെലുത്തുന്നുണ്ട്. അതിനാൽ കാലാനുസൃതമായി കിട്ടുന്ന നാടൻ പഴങ്ങളെ അവഗണിക്കുന്നത് നല്ലതല്ല. ഉത്പാദനച്ചെലവും സംഭരണ ചെലവും കുറവായതിനാൽ നാടൻ പഴങ്ങൾക്ക് വിലയും വളരെ കുറവാണ്.
രാസക്കൂട്ടുകളാൽ ആവരണം ചെയ്ത പഴവൈവിധ്യങ്ങൾക്ക് മലയാളിയുടെ രുചി ബോധത്തിന്റെ അടിത്തട്ടിൽ നിന്നും നാടൻ പഴച്ചാറിന്റെ മാധുര്യം ഊറ്റിയെടുക്കാൻ ഇനി ഇടം കൊടുക്കരുത്.

ഡയറ്റീഷ്യൻ, കമ്മ്യൂണിറ്റി ന്യൂട്രീഷ്യൻ ഫോറം, കേരള

Latest