Connect with us

Cover Story

അപാരതയുടെ തുഴ

അചഞ്ചല ചിത്തനായി, ദൃഢപ്രതിജ്ഞയുടെ തളരാത്ത ചിറകുകൾ നിവർത്തിപ്പിടിച്ചു സമാനതകളില്ലാത്ത ചരിത്രത്തിന്റെ ഓളപ്പരപ്പിലേക്ക് മുഹമ്മദ് ആസിം കാലെടുത്തു വെച്ച അനർഘ നിമിഷം. ചരിത്ര നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ എത്തിച്ചേർന്ന ജനസഹസ്രങ്ങൾക്ക് നേരെ വെള്ളത്തിൽ പൊങ്ങിക്കിടന്ന് ഇടതുകാൽ ഉയർത്തി യാത്ര പറഞ്ഞ ശേഷം ഉടലും തലയും ഉപയോഗിച്ച് ആസിം നീന്തിത്തുടങ്ങി...

Published

|

Last Updated

‘കേരളത്തിന്റെ ജീവരേഖ’ക്ക് കുറുകെ, പെരിയാറിന്റെ പുളിനങ്ങളെ വകഞ്ഞുമാറ്റി അദ്വൈതാശ്രമം കടവിൽ നിന്നും ആലുവാ മണപ്പുറം വരെയുള്ള ദൂരം അറുപത്തിയൊന്ന് മിനുട്ട് കൊണ്ട് മറുകര തൊടുമ്പോൾ മുഹമ്മദ് ആസിം എന്ന പതിനഞ്ചുകാരൻ, ഒരുപക്ഷെ ഇനിയൊരിക്കൽ കൂടി ഒരാൾക്കും ഭേദിക്കാനാകാത്ത അത്യപൂർവമായ ഒരു ചരിത്രപഥത്തിലേക്കാകണം നീന്തിക്കരേറിയത്.
ചരിത്രത്തിന്റെ നാൾവഴികളും ആസിം കടന്നുവന്ന കനൽപഥങ്ങളും ഹൃദയഭേദകമായ ഒരു ജീവിതപാഠമാകുന്നതിന്റെ പൊരുളറിയാൻ ഏറെയൊന്നും മിനക്കെടേണ്ടി വരില്ല. ജന്മനാ ഇരു കരങ്ങളുമില്ലാത്ത ഒരു കാലിന് സ്വാധീനക്കുറവുള്ള പിന്നെയും അൽപ്പമൊന്ന് അടുത്തറിയാൻ ശ്രമിച്ചാൽ മനസ്സിലാക്കാൻ സാധിക്കുന്ന തൊണ്ണൂറു ശതമാനവും ശാരീരിക വൈകല്യങ്ങളോടെ പിറന്നു വീണ മുഹമ്മദ് ആസിമിന്റെ ഛായാചിത്രത്തിലേക്കൊന്ന് സൂക്ഷിച്ചു നോക്കിയാൽ തന്നെയും മതിയാകും.

കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയിൽ വെളിമണ്ണയിലെ മുഹമ്മദ് ശഹീദിന്റെയും ജംസീനയുടെയും മൂത്തമകൻ പിറന്നു വീഴും മുമ്പ് തന്നെ, ഗർഭസ്ഥ ശിശുവിന്റെ ശാരീരിക വൈകല്യങ്ങളെ കുറിച്ച് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇങ്ങനെയുള്ള ഒരു കുഞ്ഞിന് ജന്മം നൽകുമ്പോൾ കുഞ്ഞിനും മറ്റുള്ളവർക്കും ആജീവനാന്തം ഉണ്ടായേക്കാവുന്ന പ്രയാസങ്ങളെ കുറിച്ചോർത്ത് ഗർഭച്ഛിദ്രത്തിന്ന് തന്നെയും നിർബന്ധിക്കുകയും ഉപദേശിക്കുകയും ചെയ്തിരുന്നു.പക്ഷേ, പടച്ച തമ്പുരാൻ കനിഞ്ഞുനൽകിയ പൊന്നോമനയെ വൈകല്യങ്ങളോടു കൂടി ഇരുകൈകളും നീട്ടി ഏറ്റുവാങ്ങാൻ മനസ്സ് പാകപ്പെടുത്തി കാത്തിരിക്കാനായിരുന്നു ആ മാതാപിതാക്കൾ നിശ്ചയിച്ചത്. ഇരു കൈകളുമില്ലാതെ, വലതു കാലിന് വണ്ണം കുറവും ഇടതു കാലിനേക്കാൾ നീളം കുറവും കേൾവിയും വാ വിസ്താരവും കുറഞ്ഞുമുള്ള അവസ്ഥയിലാണ് ആസിം പിറന്നുവീണത്.

പിറന്നു വീഴും മുമ്പേ ലവലേശം കാരുണ്യമേതുമില്ലാതെ വൈകല്യങ്ങളേറെ തന്നിലേൽപ്പിച്ച കാലത്തിന് മുന്നിൽ തളരാതെ പോരാടാനുറച്ചു നിന്നപ്പോൾ, ആസിമിനു മുന്നിൽ തടസ്സങ്ങൾ ഒന്നൊന്നായി വഴിമാറുകയായിരുന്നു. ശരീരപുഷ്ടി ഏറെയുള്ളവർ പോലും തോറ്റുപോകുന്ന നീന്തൽ, പരിശീലിച്ചെടുക്കാൻ ആസിമിന് കേവലം രണ്ടാഴ്ചകൾ മാത്രമേ വേണ്ടി വന്നുള്ളൂ എന്നത് ചിലർക്കെങ്കിലും കെട്ടു കഥകളേക്കാൾ ആശ്ചര്യകരമായേക്കും. അതിനും മുന്നേ ആസിം തന്റെ വരുതിയിൽ നിർത്തിയ നേട്ടങ്ങളുടെ കഥകളറിയുന്നത് ആരാണ് വൈകല്യമുള്ളവരെന്ന ആത്മവിമർശത്തിന് ഹേതുവായേക്കും.

മുഹമ്മദ് ആസിമും സജിയും

ഇന്റർനാഷണൽ ചിൽഡ്രൻസ് പീസ് പ്രൈസ് ഫൈനലിസ്റ്റായി ആസിം തിരഞ്ഞെടുക്കപ്പെട്ടു എന്ന വാർത്ത മലയാളക്കര ആഘോഷിച്ചത് മാസങ്ങൾക്ക് മാത്രം മുന്പാണ്. നെതർലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിഡ്സ് റൈറ്റ്സ് ഫൗണ്ടേഷൻ വർഷം തോറും നൽകിവരുന്ന ‘കുട്ടികളുടെ നൊബേൽ പ്രൈസ്’ എന്നറിയപ്പെടുന്ന ഈ അവാർഡിന് ഈ വർഷം അവസാന മൂന്നിലൊന്നായി ആസിം തിരഞ്ഞെടുക്കപ്പെട്ടത് ആ പതിനഞ്ചുകാരന്റെ പോരാട്ടവഴികളിലെ മനക്കരുത്തിനുള്ള താമ്രപത്രം കൂടിയാണത്. മുപ്പത്തൊമ്പത് രാജ്യങ്ങളിൽ നിന്നായി നൂറ്റിയറുപ്പത്തിയൊമ്പതോളം കുരുന്നുകൾ മാറ്റുരച്ച ഈ അവാർഡിന് ആസിമിന്റെ പേര് നിർദേശിച്ചത്, കാസർകോട് ആസ്ഥാനമായി ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന അക്കര ഫൗണ്ടേഷനാണ്.

തളരാൻ മനസ്സില്ലെന്ന ആസിമിന്റെ ഭീഷ്മപ്രതിജ്ഞക്ക് മുന്നിൽ തെളിഞ്ഞ നക്ഷത്രത്തിളക്കങ്ങളിൽ ഒന്ന് മാത്രമാണ് ഈ നീന്തൽ പഠനവും.
മൂന്ന് വർഷങ്ങൾക്ക് മുമ്പ്, രണ്ടായിരത്തി പതിനെട്ടിൽ സജി വാളശ്ശേരി എന്ന നീന്തൽ പരിശീലകൻ ആസിമിനെ തേടിയെത്തിയത് ചരിത്രത്തിന്റെ ഓളപരപ്പിലൂടെ മലർന്നു കിടന്നു മറുതീരമണയാനുള്ള ആസിമിന്റെ ജന്മ നിയോഗങ്ങളുടെ സന്ദേശ വാഹകനായിട്ടാകണം.

പലയാവർത്തി, സജി ആ കുടുംബത്തെ തേടിയെത്തി. പരിമിതികളേറെയുള്ള, അല്ല പരിമിതികൾ മാത്രമുള്ള, പുഴയുടെ കുഞ്ഞോളങ്ങൾക്ക് മുന്നിൽ പോലും നിസ്സഹായനായി പോകുമെന്ന് ഉറപ്പുള്ള മകനെ ജലധിയുടെ ആഴങ്ങളിലേക്ക് അയക്കുന്നതെങ്ങനെയെന്ന പ്രഹേളിക ശഹീദിനെയും ഭാര്യയെയും ആശങ്കയിലാഴ്ത്തിയപ്പോൾ സജി നൽകിയ ഉറപ്പിനും ആസിമിന്റെ ദൃഢനിശ്ചയത്തിനും മുന്നിൽ ആദ്യം ആ കുടുംബവും പിന്നീട് പെരിയാറിന്റെ ഓളപ്പരപ്പുകളും വഴിമാറി ഒഴുകുകയായിരുന്നു.

മൂന്ന് വർഷങ്ങൾ നീണ്ട കൂടിക്കാഴ്ചകൾക്കിടയിൽ അന്ധരും കൈകളില്ലാത്തവരും കാലുകളില്ലാത്തവരും അങ്ങനെ ഭിന്നശേഷിക്കാരായ ആളുകൾ നീന്തി കരകയറുന്ന നിരവധി കാഴ്ചകൾ, സജി അവർക്ക് മുന്നിൽ നിരത്തി കാണിച്ചെങ്കിലും അതിലൊന്നിലും ആസിമിനെ പോലൊരാള് ഉണ്ടായിരുന്നില്ല. അതു തന്നെയായിരുന്നു, ആ കുടുംബത്തിന്റെ ആശങ്കയും സജിയുടെ ലക്ഷ്യവും ആസിമിന്റെ പ്രചോദനവും.!

കുടുംബവും പരിശീലനത്തിന് സന്നദ്ധത അറിയിച്ചതു മുതൽ ആസിമിനെ പരിശീലിപ്പിക്കാൻ സജി ആദ്യമത് സ്വയം പരിശീലിച്ചെടുക്കുകയാണ് ചെയ്തത്. രണ്ട് കൈകളും കെട്ടിവെച്ച് മലർന്ന് നീന്തിക്കൊണ്ട് ആലുവാ പുഴയിൽ മണിക്കൂറുകളോളം നീണ്ടുനിന്ന പരിശീലനത്തിലൂടെ ആസിമിനെ പഠിപ്പിക്കാനുള്ള വഴികൾ സ്വയം കണ്ടെത്തുകയായിരുന്നു. ആസിമിനും കുടുംബത്തിനും ആവശ്യമായ നിസ്കാരത്തിനുൾപ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊണ്ട് സജി അവരെ ക്ഷണിച്ചു.

സജിയുടെ സ്നേഹമസൃണമാർന്ന നിർബന്ധത്തിനും ആസിമിന്റെ ആവേശങ്ങൾക്കും വഴങ്ങി രണ്ടായിരത്തി ഇരുപത്തിരണ്ട് ജനുവരിയിൽ ആ കുടുംബം സജിയുടെ വീട്ടിലെത്തി. സജിയുടെ വീട്ടിൽ താമസിച്ചു കൊണ്ടുള്ള ആസിമിന്റെ പരിശീലനക്കാലം ഒളിമങ്ങിയ സൗഹൃദങ്ങളുടെയും സാഹോദര്യത്തിന്റെയും ഗതികെട്ട വാർത്തകൾ നിത്യക്കാഴ്ചകളാകുന്ന ദുരന്തപീഡകർ അരങ്ങുവാഴുന്ന ഈ കാലത്തു വേണമെങ്കിൽ മറ്റൊരു വിസ്മയമായി കണക്കാക്കാവുന്നതാണ്.

ഇരുകൈകളും ഇല്ലാത്തതും വലതു കാലിന് സ്വാധീനക്കുറവും ഉള്ളതുകൊണ്ട് ആസിമിനെ നീന്തൽ പഠിപ്പിക്കുക എന്നത് പ്രതീക്ഷിച്ചതിലുമേറെ ശ്രമകരമായിരുന്നു. എന്നാൽ, ആസിമിന്റെ നിശ്ചയദാർഢ്യം എല്ലാ ഭീഷണികളെയും ആറ്റിലൊഴുക്കാൻ മാത്രം പ്രാപ്തമായിരുന്നു.ആലുവാ മണപ്പുറം ദേശം കടവിൽ നിത്യേനെ രാവിലെയും വൈകുന്നേരവും രണ്ട് മണിക്കൂർ വീതം നീന്തൽ പരിശീലിച്ച ആസിം അവസാന നാല് ദിവസങ്ങളിൽ ഒരു കിലോ മീറ്റർ വരെ നീന്തിയാണ് പെരിയാറിന് കുറുകെ നീന്താനുള്ള കഴിവും കരുത്തും ആർജിച്ചത്.
രണ്ടായിരത്തി ഇരുപത്തിരണ്ട് ജനുവരി ഇരുപത്തിയേഴ് പകൽ എട്ടേ മുപ്പത്. അചഞ്ചല ചിത്തനായി, ദൃഢപ്രതിജ്ഞയുടെ തളരാത്ത ചിറകുകൾ നിവർത്തിപ്പിടിച്ചു സമാനതകളില്ലാത്ത ചരിത്രത്തിന്റെ ഓളപ്പരപ്പിലേക്ക് മുഹമ്മദ് ആസിം കാലെടുത്തു വെച്ച അനർഘ നിമിഷം.ചരിത്ര നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ എത്തിച്ചേർന്ന ജനസഹസ്രങ്ങൾക്ക് നേരെ വെള്ളത്തിൽ പൊങ്ങിക്കിടന്ന് ഇടതുകാൽ ഉയർത്തി യാത്ര പറഞ്ഞ ശേഷം ഉടലും തലയും ഉപയോഗിച്ച് ആസിം നീന്തിത്തുടങ്ങി.

പെരിയാറിലെ അദ്വൈതാശ്രമം കടവിൽ നിന്ന് തുരുത്തു റെയിൽവേ പാലം ചുറ്റി ശിവരാത്രി മണപ്പുറം വരെ ഒരു കിലോമീറ്റർ ദൂരം മലർന്നും കമഴ്ന്നും മാറി മാറി നീന്തി ആസിം പെരിയാറിന്റെ തീരത്തണയുമ്പോൾ കടന്നുപോയ അറുപത്തിയൊന്ന് നിമിഷങ്ങൾക്ക് യുഗങ്ങളുടെ ദൈർഘ്യമുണ്ടെന്ന ആവലാതികൾ നെഞ്ചിലേറ്റി ഇരുകരയിലും പ്രാർഥനാനിർഭരരായി നിലകൊണ്ട ജനസഞ്ചയം ഹർഷാരവങ്ങളോടെ ആ പതിനഞ്ചുകാരനെ വരവേൽക്കുമ്പോൾ, ചരിത്രത്തിന്റെ താളുകളിൽ മറ്റൊരു നാമം കൂടി സുവർണ ലിപികളാൽ എന്നെന്നേക്കുമായി എഴുതപ്പെടുകയായിരുന്നു.

പോരാട്ടത്തിന്റെ, അതിജീവനത്തിന്റെ നാൾവഴികളിൽ കൈകളില്ലാതെ, സ്വാധീനക്കുറവുള്ള കാലുകൾ വലിച്ചുപിടിച്ചു ആസിം പിന്നിട്ട നാഴികക്കല്ലുകളെ കുറിച്ചറിയാൻ ശ്രമിക്കുന്നത് ആരെയും പ്രചോദിപ്പിക്കാനുതകുന്നതാണ്.അനുതാപത്തിന്റെയോ സങ്കടങ്ങളുടെ കണ്ണ് നിറയ്ക്കുന്ന കഥകളുടെയോ ആനൂകൂല്യത്തിൽ നേടിയെടുത്തതല്ല ഒന്നും. പുരസ്‌കാരങ്ങളുടെ വേദികൾ ലക്ഷ്യം വെച്ച് ഒന്നും ചെയ്തു നോക്കിയിട്ടുമില്ല.
കേരള സർക്കാറിന്റെ ഉജ്ജ്വലബാല്യം പുരസ്കാരം, യുണിസെഫിന്റെ ചൈൽഡ് അച്ചീവർ അവാർഡ്, മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാമിന്റെ പേരിൽ െബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാം ഫൗണ്ടേഷന്റെ ഇൻസ്പയറിംഗ് അവാർഡ് എന്നിവയെല്ലാം ആസിമിനെ തേടിയെത്തിയവയിൽ പ്രധാനപ്പെട്ടതാണ്.
ജനിച്ചതിൻ പക ഞാൻ ജീവിച്ചു തീർക്കും എന്ന കാവ്യവാക്യത്തിന് ജീവിക്കുന്ന ദൃഷ്ട്ടാന്തമാണ് ആസിമിന്റെ നേട്ടങ്ങളത്രയും. തന്നെ പോലുള്ള ഭിന്നശേഷിക്കാരായ ആളുകൾ പാർശ്വവത്്കരിക്കപ്പെടരുതെന്നും അവരും മുഖ്യധാരയിൽ സജീവമായി നിലനിൽക്കണമെന്നുമുള്ള തിരിച്ചറിവിന്റെ പാഠമാണ് ആസിം പ്രാവർത്തികമാക്കിയിട്ടുള്ളത്. അവരുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനുമായി നടത്തിയ ശ്രമങ്ങൾക്ക് താനേ വന്നു ചേർന്നതാണ് ചില്ലലമാരയിൽ സുഭദ്രമായിരിക്കുന്ന പുരസ്‌കാര ചിഹ്നങ്ങളുടെ മഹാ കൂമ്പാരം.

ഇനിയെന്താണ് സ്വപ്നം. കാർ ഓടിക്കണം അങ്ങനെ വല്ല ലക്ഷ്യവും മനസ്സിലുണ്ടോ എന്ന ചോദ്യത്തിന് അതുവരെ മുഖത്ത് നിറഞ്ഞു നിന്നിരുന്ന കൗതുകങ്ങളുടെ നേർത്ത ചിരി താനേ മാഞ്ഞു, പകരം കരളിൽ ഉറച്ചുപോയ ഒരു കിനാവ് തുറന്ന് പറയാൻ ഒരവസരം കൈവന്നെന്ന പോലെ ഉറച്ച ശബ്ദത്തിൽ ഗൗരവത്തോടെ ആസിം മറുപടി തന്നു, എനിക്ക് വിമാനം പറത്തണം. ആസിമിനെ നോക്കി ഒട്ടും സാധ്യമാകില്ലെന്ന് നമ്മൾ അടിവരയിട്ട് പറഞ്ഞേക്കാവുന്നതെല്ലാം അതിവേഗം സ്വായത്തമാക്കി ചെയ്തു കാണിച്ച ആസിം കോക്പിറ്റിലിരുന്ന് വിമാനം പറപ്പിക്കുന്ന ഒരു കാലം വരിക തന്നെ ചെയ്യും.കാരണം അത്രയും നേരം അവൻ പറഞ്ഞതത്രയും ഉറച്ച മനസ്സിൽ നിന്നുള്ള പൊൻകിനാക്കളായിരുന്നു.

.

Latest