Connect with us

Articles

സിന്തറ്റിക് ലഹരിയുടെ നീരാളിക്കൈകള്‍

മയക്കുമരുന്നുകള്‍ എന്നറിയപ്പെടുന്ന ഇനത്തില്‍ പെട്ട പ്രകൃതിദത്തവും സിന്തറ്റിക്കുമായ എല്ലാ പദാര്‍ഥങ്ങളും ബാധിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെയാണ്. മനുഷ്യ ശരീരത്തിന്റെ ചലനങ്ങളെയും ചിന്തകളെയും വികാര വിചാരങ്ങളെയും നിയന്ത്രിക്കുന്നത് തലച്ചോറിനകത്ത് നടക്കുന്ന രാസപ്രവര്‍ത്തനങ്ങളാണ്. പ്രകൃത്യാ മനുഷ്യന് ലഭിച്ചിരിക്കുന്ന ഉന്നതമായ സംവിധാനമാണ് തലച്ചോറ്.

Published

|

Last Updated

പെട്ടെന്നുള്ള ശാരീരിക വളര്‍ച്ച ചില കുട്ടികളില്‍ അപകര്‍ഷ ബോധം ഉണ്ടാക്കാറുണ്ട്. മാനസികമായി വലിയ ചിന്തകള്‍ നാമ്പിടുന്ന ഈ സമയത്ത് അതിനൊത്ത പരിഗണന വീട്ടില്‍ നിന്നോ സമൂഹത്തില്‍ നിന്നോ കലാലയത്തില്‍ നിന്നോ ലഭിച്ചേക്കില്ല. ചിലര്‍ക്ക് പല കാരണങ്ങളാല്‍ വിഷാദാവസ്ഥ പിടികൂടും. കൗമാരം എല്ലാ മേഖലയിലും ഒരു റോള്‍മോഡല്‍ പ്രതീക്ഷിക്കുന്ന സമയമാണ്. സിനിമ, സാമൂഹിക മാധ്യമം, കൂട്ടുകാര്‍, രക്ഷിതാക്കള്‍ ഇവരില്‍ നിന്നൊക്കെ മാതൃക രൂപപ്പെടുത്തുന്ന മതിഭ്രമ കാലമാണിത്. ഈ സമയത്ത് തന്നെയാണ് ലഹരിവലയിലേക്ക് കുട്ടികള്‍ ആനയിക്കപ്പെടുന്നതും.

കേരള സര്‍ക്കാറിന്റെ ലഹരിക്കെതിരെയുള്ള സംവിധാനമാണ് വിമുക്തി. അവരുടെ കണ്ടെത്തല്‍ പ്രകാരം, എന്താണെന്ന് അറിയാനാണ് 78 ശതമാനം പേരും ലഹരി ഉപയോഗിച്ച് തുടങ്ങുന്നത്. കൂട്ടുകാരുടെ സ്വാധീനം മൂലവും സന്തോഷം ലഭിക്കുമെന്ന പ്രതീക്ഷയിലും ലഹരി ഉപയോഗിക്കുന്നവരുണ്ട്. 79 ശതമാനം വ്യക്തികള്‍ക്കും സുഹൃത്തുക്കളില്‍ നിന്നാണ് ആദ്യമായി ലഹരി പദാര്‍ഥം ലഭിക്കുന്നത്. 80 ശതമാനവും കൂട്ടുകാരോടൊപ്പമാണ് ലഹരി ഉപയോഗം. മറ്റൊരു കണ്ടെത്തല്‍ പ്രകാരം ഹൈസ്‌കൂള്‍ തലം തൊട്ട് 30 ശതമാനം കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നുണ്ട്. അതായത് മൂന്ന് കുട്ടികള്‍ ഒരു വീട്ടിലുണ്ടെങ്കില്‍ അതിലൊരാള്‍ ലഹരിയുടെ പിടിയിലാണെന്നര്‍ഥം. നേരത്തേ പുകവലിയില്‍ നിന്ന് ആരംഭിച്ച് കഞ്ചാവ്, മദ്യം എന്നിവയിലേക്ക് കടക്കുമായിരുന്നത് ഇന്ന് നേരിട്ട് സിന്തറ്റിക് ലഹരിയിലേക്ക് എത്തിപ്പെടുന്നു.
സന്തോഷമായിരിക്കുക എന്നത് മനുഷ്യന്റെ പ്രാഥമിക ചിന്തയാണെന്ന് പറഞ്ഞല്ലോ. ഈ അവസ്ഥ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന കാലമാണ് അഡോളസെന്റ് പീരിയഡ് എന്നറിയപ്പെടുന്ന കൗമാരവും യൗവനവും. ഈ സമയത്ത് ‘കൂള്‍’ ആകുക, ‘ചില്‍’ ആകുക എന്നൊക്കെ പറയുന്നത് സ്വാഭാവികമാണ്. ഈ അവസ്ഥ എളുപ്പം സാധിക്കുക ലഹരി ഉപയോഗം വഴിയാണ്. മിക്കവാറും ലഹരി ഉപയോഗിക്കുന്ന ഒരു കൂട്ടുകാരനില്‍ നിന്നാകും ആദ്യ പരീക്ഷണം. ‘അപകടമില്ലാത്ത സാധനമാണ്’ എന്ന മട്ടിലാകും ആദ്യം പരിചയപ്പെടുത്തുക. കൂട്ടുകാരുടെ എണ്ണം പെട്ടെന്ന് തന്നെ കൂടും. അതിലൊരാള്‍ കാരിയര്‍ ആയിരിക്കും. ഇതില്‍ പങ്കുചേരാത്തവന്‍ വലിയ സമ്മര്‍ദം നേരിടും. കൂട്ടുകാരുടെ നിര്‍ബന്ധം മാത്രമല്ല, താന്‍ ഒറ്റപ്പെടുകയാണല്ലോ എന്ന ചിന്ത അവനെ വേട്ടയാടും. ഫിയര്‍ ഓഫ് മിസ്സിംഗ് ഔട്ട് (എഛങഛ) എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതോടൊപ്പം പല നിലക്കുള്ള സമ്മര്‍ദങ്ങള്‍ വേറെയുമുണ്ടാകും. പഠിക്കാനുള്ള താത്പര്യമില്ലായ്മ, പരീക്ഷാപേടി, വീട്ടില്‍ നിന്നോ കൂട്ടുകാരില്‍ നിന്നോ ഉള്ള അവഗണന, സാമ്പത്തിക പ്രശ്നങ്ങള്‍ എന്നിവക്ക് നടുക്കാകും പല കുട്ടികളും. ഇതില്‍ നിന്നൊക്കെ ഒളിച്ചോടാന്‍ പറ്റിയ പരിഹാരമാണ് അവന്‍ കണ്ടെത്തിയിരിക്കുന്നത്. ടീനേജ് പ്രായത്തില്‍ ശാരീരിക, മാനസിക ഊര്‍ജം വളരെ കൂടുതലായിരിക്കും. അതുളവാക്കുന്ന ആവേശം കൊണ്ട് റിസ്‌കെടുക്കാന്‍ മനസ്സ് സദാ സന്നദ്ധമാകും. അതോടൊപ്പം, കലാപകലുഷമാകും അന്തഃരംഗം. ലഹരി വഴിയിലേക്കുള്ള ആദ്യ ചുവട് വെക്കാന്‍ ഇതെല്ലാം പര്യാപ്തമാണ്.

മനുഷ്യന്റെ ബോധമണ്ഡലത്തില്‍ കടന്ന് മയക്കമോ ഉത്തേജനമോ സൃഷ്ടിക്കാന്‍ കഴിവുള്ള രാസവസ്തുക്കളെ ലഹരിവസ്തുക്കള്‍ എന്ന് പറയുന്നു. ലഹരി ഉപയോഗിക്കുന്നവന് ലഭിക്കുന്നത് ഉന്മാദാത്മകമായ ഒരവസ്ഥയാണ്. അതൊരിക്കല്‍ അനുഭവിച്ചാല്‍ വീണ്ടും ആ അവസ്ഥയിലേക്കെത്താന്‍ ആഗ്രഹിക്കും. നാഡീവ്യൂഹത്തെ ഉദ്ദീപിപ്പിക്കുക വഴി വലിയ തോതിലുള്ള ഊര്‍ജപ്രവാഹം ഉണ്ടാകും. കൂടുതല്‍ ഫോക്കസ് ലഭിക്കും, ഉണര്‍വ് തോന്നിക്കും, സ്പീഡ് അനുഭവപ്പെടും, നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കും, ലജ്ജ എടുത്തുകളയപ്പെടും, ഏത് ടാസ്‌കും പേടികൂടാതെ ചെയ്യും, മൂഡ് മാറും, അവബോധത്തില്‍ മാറ്റങ്ങളുണ്ടാകും, കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിന് സ്വാഭാവികമായും ഉണ്ടാകുന്ന പേടിയും അറപ്പും മനുഷ്യത്വവും നീക്കം ചെയ്യപ്പെടും.

ഇതെങ്ങനെ സംഭവിക്കുന്നു എന്ന് പരിശോധിക്കാം. മയക്കുമരുന്നുകള്‍ എന്നറിയപ്പെടുന്ന ഇനത്തില്‍ പെട്ട പ്രകൃതിദത്തവും സിന്തറ്റിക്കുമായ എല്ലാ പദാര്‍ഥങ്ങളും ബാധിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെയാണ്. മനുഷ്യ ശരീരത്തിന്റെ ചലനങ്ങളെയും ചിന്തകളെയും വികാര വിചാരങ്ങളെയും നിയന്ത്രിക്കുന്നത് തലച്ചോറിനകത്ത് നടക്കുന്ന രാസപ്രവര്‍ത്തനങ്ങളാണ്. പ്രകൃത്യാ മനുഷ്യന് ലഭിച്ചിരിക്കുന്ന ഉന്നതമായ സംവിധാനമാണ് തലച്ചോറ്. സമ്പൂര്‍ണ വ്യവസ്ഥിതിയും അതിന്റെ നിയന്ത്രണത്തിലാണ്. ഭക്ഷണം കഴിക്കുമ്പോള്‍ സംഭവിക്കുന്നത്, ചെറുകുടലും വന്‍കുടലും കരളും അടങ്ങുന്ന ഉപാപചയ പ്രവര്‍ത്തനങ്ങളിലേക്ക് ആഹാരം ചെന്ന് ചേര്‍ന്ന് വിഘടിച്ച് രക്തക്കുഴല്‍ വഴി കോശങ്ങളിലേക്ക് എത്തുകയാണ്. ഈ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ കെമിക്കലുകള്‍ ബ്രയിനും ബ്രയിനിന്റെ നിര്‍ദേശപ്രകാരം മറ്റവയവങ്ങളും ഉത്പാദിപ്പിക്കും. എന്നാല്‍ ലഹരി പദാര്‍ഥങ്ങള്‍ ഈ പ്രക്രിയയില്‍ കുറുക്കുവഴി സൃഷ്ടിച്ചുകൊണ്ട് തലച്ചോറിലേക്ക് പ്രവഹിക്കും. ഖര രൂപത്തിലുള്ള ലഹരി വസ്തുക്കള്‍ ചെറുകുടലിലേക്ക് എത്തുകയും അവിടെ നിന്ന് നേരെ രക്തക്കുഴലുകളില്‍ പ്രവേശിച്ച് തലച്ചോറില്‍ പ്രവേശിക്കുകയും ചെയ്യും. അവിടെ എത്തിയപാടെ തലച്ചോറിന്റെ സംവിധാനത്തെ ഹൈജാക്ക് ചെയ്യുകയും ഈ ലഹരിയുടെ നിയന്ത്രണത്തിലേക്ക് താത്കാലികമായി മാറ്റപ്പെടുകയും ചെയ്യും. വിമാനം ഹൈജാക്ക് ചെയ്യപ്പെടുന്നത് പോലെ ലഹരിയുടെ നിയന്ത്രണത്തിലാണ് പിന്നീട് കാര്യങ്ങള്‍ പോകുന്നത്.

ആദ്യമൊക്കെ തലച്ചോറ് ഈ ഹൈജാക്കിംഗിനെതിരെ പ്രതിരോധിക്കാന്‍ ശ്രമിക്കും. എന്നാല്‍ കൂടെക്കൂടെ ലഹരി ഉപയോഗിക്കുമ്പോള്‍ ബ്രയിന്‍ വഴങ്ങിക്കൊടുക്കുകയും ‘ന്യൂക്ലിയസ് അകുംബന്‍സ്’ എന്നറിയപ്പെടുന്ന തലച്ചോറിന്റെ സെന്റര്‍ ലഹരിയുടെ അടിമത്വത്തിന് വിധേയമാകുകയും ചെയ്യും. സന്തോഷവും സുഖാനുഭൂതിയും കൊണ്ടുവരുന്ന രാസപദാര്‍ഥങ്ങളാണ് (ന്യൂറോട്രാന്‍സ്മിറ്റേഴ്സ്) സെറോട്ടോണ്‍, ഡോപ്പാമിന്‍, നോറേപ്പിനെഫ്രന്‍ എന്നിവ. ഡോപ്പാമിന്‍ അധികം ഉത്പാദിപ്പിച്ചാല്‍ ഉന്മാദാവസ്ഥയിലെത്തും. യഥാര്‍ഥ സന്തോഷം നല്‍കുന്ന സെറോടോണിന്റെ ഉത്പാദനം കുറയ്ക്കും. അമിതയളവിലെ ഡോപ്പാമിന്‍ സന്തോഷത്തെയല്ല നല്‍കുന്നത്; താത്കാലിക ഉന്മാദത്തെയാണ്. എന്നാല്‍, അമിതമായി ഉത്പാദിപ്പിക്കപ്പെട്ട ഈ ഹോര്‍മോണുകള്‍ പതിയെ അതിന്റെ പ്രവര്‍ത്തനം നിര്‍ത്തിത്തുടങ്ങും. അതോടെ, ലഹരിയുടെ അനുപാതം കൂട്ടിക്കൊടുക്കേണ്ടിവരും. ക്രമേണ ലഹരിക്കടിപ്പെടുന്ന വ്യക്തിയില്‍ ആസക്തി കൂടും. സ്വാഭാവികമായും അളവും ലഹരി എടുക്കുന്ന തവണകളും വര്‍ധിപ്പിക്കും. പൂര്‍ണമായും ലഹരിയുടെ നിയന്ത്രണത്തില്‍ ജീവിക്കുന്ന ആളായി മാറും. അതായത് മയക്കുമരുന്നിന് അടിമയാകും.

തലച്ചോറിന്റെ ഘടനാപരമായ ഈ മാറ്റത്തോടൊപ്പം തന്നെ സ്വഭാവഘടനയിലും മാറ്റങ്ങള്‍ സംഭവിക്കും. സ്വഭാവ മാറ്റങ്ങള്‍ പ്രകടമായും മനസ്സിലാക്കാന്‍ സാധിക്കും. പെട്ടെന്ന് ദേഷ്യം പിടിക്കും, അക്രമാസക്തമാകും, പഠനത്തിലോ ജോലിയിലോ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സാധിക്കില്ല. ലഹരി കിട്ടാതെയാകുമ്പോള്‍ വേദനയേറിയ അനുഭവങ്ങളിലൂടെ കടന്നുപോകും. കൂടുതല്‍ അന്തര്‍മുഖനും ദുഃഖിതനുമാകും. കേന്ദ്ര നാഡീവ്യൂഹം ആകെ തകര്‍ന്ന് പോയിട്ടുണ്ടാകും. ഇതെല്ലാം വളരെ പെട്ടെന്ന് സംഭവിക്കുന്ന മാറ്റങ്ങളാണ്. ഒരുപാട് വര്‍ഷങ്ങള്‍ ആവശ്യമില്ല. പിന്നീട് ലഹരിയില്‍ തുടരണമെങ്കില്‍ പണം വേണം. അതിനുള്ള പ്രധാനപ്പെട്ട രണ്ട് വഴികളാണ് ഒന്നുകില്‍ കാരിയര്‍ ആകുക, അല്ലെങ്കില്‍ കുടുംബത്തില്‍ നിന്നോ കളവ് നടത്തിയോ ലഹരി ഉത്പന്നം വാങ്ങാനുള്ള പണം കണ്ടെത്തുക. ഇത് രണ്ടും സാധ്യമാകാതെ വരുമ്പോഴാണ് കൊടും ക്രൂരതകളിലേക്ക് വഴുതിവീഴുന്നത്.

ഇന്ന് കൂടുതല്‍ സിന്തറ്റിക് ലഹരികളാണ് ലഭ്യമാകുന്നത്. എം ഡി എം എ പോലുള്ള ലഹരി വസ്തുക്കള്‍ ചെറിയ അളവില്‍ ലഭിക്കുകയും പെട്ടെന്ന് ശരീരത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. മദ്യത്തേക്കാളും കഞ്ചാവിനേക്കാളും അപകടകാരിയാണ് സിന്തറ്റിക് പദാര്‍ഥങ്ങള്‍. സൈക്യാട്രിക് മരുന്നുകളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്നവയാണ് മിക്ക സിന്തറ്റിക് ലഹരി ഉത്പന്നങ്ങളും.

സിന്തറ്റിക് ലഹരികള്‍ പരമ്പരാഗത പദാര്‍ഥങ്ങളേക്കാള്‍ പതിന്മടങ്ങ് അപകടകാരികളാണ്. ഇവ ശരീരോഷ്മാവ് വര്‍ധിപ്പിച്ചു കൊണ്ടാണ് ഉത്തേജനം സൃഷ്ടിക്കുന്നത്. നിര്‍ജലീകരണം സംഭവിക്കും. ചൂട് കൂടിക്കൊണ്ടിരിക്കും. ഹൃദയ രക്തധമനികളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. ഇതൊക്കെയാണ് പെട്ടെന്ന് ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍. ഇതിനൊക്കെ പുറമെയാണ് നേരത്തേ വിശദീകരിച്ച പൊതു അവസ്ഥകള്‍. ഇവ ഒന്നുരണ്ട് തവണ പരീക്ഷിക്കുമ്പോഴേക്കും അറിയാതെ അടിമയായി മാറുകയായി. അതോടെ ജീവിതം എന്നെന്നേക്കുമായി നഷ്ടപ്പെടുകയുമായി. കൂടാതെ സിന്തറ്റിക് വസ്തുക്കള്‍ ഉപയോഗിക്കുന്നവരില്‍ മിഥ്യാഭയമുണ്ടാകും. മറ്റുള്ളവര്‍ തന്നെ ആക്രമിച്ചേക്കുമെന്ന ഉള്‍ഭയം കാരണം കൂട്ടുകാരെപ്പോലും കൊലപ്പെടുത്താം. ഏത് ചെറിയ വിഷയത്തിനും ആക്രമണത്തിലൂടെ പ്രതികരിക്കും. ക്രമേണ ഇവരില്‍ ശ്വാസതടസ്സം അനുഭവപ്പെടും. നാഡീവ്യൂഹം താറുമാറാകും, ദന്തരോഗങ്ങള്‍ ഉണ്ടാകും, വിശപ്പുണ്ടാകില്ല, ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടാകും, പോഷകാഹാരക്കുറവ് അനുഭവപ്പെടും, പക്ഷാഘാതമുണ്ടാകും, ഓര്‍മശക്തി നഷ്ടപ്പെടും, തൊലിയില്‍ വ്രണങ്ങള്‍ ഉണ്ടാകും.

(തുടരും)