IPL AUCTION
ഐ പി എല്ലില്‍ ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളുടെ ഔദ്യോഗിക പട്ടിക പുറത്ത്
കോലി ക്യാപ്റ്റന്‍സി ഒഴിയുമ്പോള്‍ കെ എല്‍ രാഹുലിനെ ടീമിലെത്തിച്ച് ക്യാപ്റ്റനാക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ശ്രമിച്ചിരുന്നു എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു
മുംബൈ | ഐ പി എല്‍ 2022 സീസണില്‍ പുതിയ രണ്ട് ടീമുകള്‍ എത്തുന്നതോടെ മെഗാതാര ലേലത്തിന് മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളുടെ ഔദ്യോഗിക പട്ടിക ബി സി സി ഐ പുറത്ത് വിട്ടു. കഴിഞ്ഞ ദിവസം പുറത്ത് വന്ന പട്ടികയില്‍ വലിയ മാറ്റങ്ങള്‍ ഒന്നും തന്നെയില്ലാതെയാണ് പുതിയ പട്ടിക പുറത്ത് വന്നിരിക്കുന്നത്. നേരത്തെ രാജസ്ഥാന്‍ സഞ്ജുവിനെ മാത്രം നിലനിര്‍ത്തിയേക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍, നായകന്‍ സഞ്ജുവിന് പുറമെ ജോസ് ബട്‌ലര്‍, യുവതാരം യശസ്വി ജയ്‌സ്വാള്‍ എന്നിവരെ കൂടെ നിലനിര്‍ത്താന്‍ മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, തന്റെ അവസാന ടി20 മത്സരം ചെന്നൈയിലാവും കളിക്കുകയെന്ന് പ്രഖ്യാപിച്ച ധോണിയെ ചെന്നൈ സൂപ്പര്‍ കിംഗ് ടീമില്‍ നിലനിര്‍ത്തിയെങ്കിലും ജഡേജയെക്കാള്‍ കുറഞ്ഞ പ്രതിഫലത്തിലാണ്. ധോണി സീസണോട് കൂടി കളി മതിയാക്കുകയാണെങ്കില്‍ ജഡേജ നായകനായി വരും എന്ന അഭ്യൂഹങ്ങള്‍ക്ക് ഇതോടെ ശക്തിപകരും. ചെന്നൈ ഓപ്പണിംഗിന്റെ നട്ടെല്ലായിരുന്ന ഫാഫ് ഡൂ പ്ലെസിയെ കൈവിട്ട് സ്പിന്‍ ബോളര്‍ മൊഈന്‍ അലിയെ ഉള്‍പ്പെടുത്തിയെന്നതും ശ്രദ്ധേയമാണ്.
മുംബൈ ഇന്ത്യന്‍സിലാകട്ടെ ഹാര്‍ദ്ദിക്ക് പാണ്ഡ്യയേയും ഇശാന്ത് കിശനേയും വെട്ടി രോഹിത്തിനും ബൂംമ്രക്കും പുറമേ പൊള്ളാര്‍ഡിനേയും സൂര്യകുമാര്‍ യാദവിനേയും നിലനിര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ താരലേലത്തിന് മുന്നോടിയായി പൊള്ളാര്‍ഡിനെ കൈവിട്ട മുംബൈ ഒടുവില്‍ റൈറ്റ് ടു മാച്ച് വഴി തിരിച്ചെത്തിക്കുകയായിരുന്നു.
തുടക്കം മുതല്‍ ടീമിനൊപ്പം ഉണ്ടായിരുന്ന റശിദ് ഖാനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൈവിട്ടതും മറ്റൊരു അപ്രതീക്ഷിത നീക്കമാണ്. ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനെ കൈവിട്ട പഞ്ചാബ് മായങ്ക് അഗര്‍വാള്‍ അര്‍ഷദീപ് സിംഗ് എന്നിവരെ നിലനിര്‍ത്തി. ഇതോടെ പുതിയ ലക്‌നോ ടീമിന്റെ ക്യപ്റ്റനായി രാഹുല്‍ എത്തുമെന്ന ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. റാശിദ് ഖാനെയും ലക്‌നോ ഫ്രാഞ്ചൈസി ലക്ഷ്യമിടുന്നതായാണ് സൂചന. കോലി ക്യാപ്റ്റന്‍സി ഒഴിയുമ്പോള്‍ കെ എല്‍ രാഹുലിനെ ടീമിലെത്തിച്ച് ക്യാപ്റ്റനാക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ശ്രമിച്ചിരുന്നു എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങള്‍
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: മഹേന്ദ്ര സിംഗ് ധോണി, ഋതുരാജ് ഗെയ്ക്വാദ്, രവീന്ദ്ര ജഡേജ, മൊഈന്‍ അലി
ഡല്‍ഹി ക്യാപിറ്റല്‍സ്: റിഷഭ് പന്ത്, അക്‌സര്‍ പട്ടേല്‍, പൃഥ്വി ഷാ, ആന്റിച്ച് നോര്‍ട്യ
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ആന്‍ഡ്രേ റസല്‍, വരുണ്‍ ചക്രവര്‍ത്തി, വെങ്കിടേഷ് അയ്യര്‍, സുനില്‍ നരൈന്‍
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ, ബൂംമ്ര, പൊള്ളാര്‍ഡ്, സൂര്യകുമാര്‍ യാദവ്
പഞ്ചാബ് കിംഗ്‌സ്: മായങ്ക് അഗര്‍വാള്‍, അര്‍ഷദീപ് സിംഗ്
രാജസ്ഥാന്‍ റോയല്‍സ്: സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍
സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്: കെയ്ന്‍ വില്യംസണ്‍, അബ്ദുള്‍ സമദ്, ഉമ്രാന്‍ മാലിക്
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി, ഗ്ലെന്‍ മാക്‌സ്വെല്‍, മുഹമ്മദ് സിറാജ്.