Kerala
പഴയ ഗവര്‍ണര്‍ ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിച്ചു; പുതിയ ഗവര്‍ണറെപ്പറ്റി മുന്‍വിധിയില്ല: എം വി ഗോവിന്ദന്
ആരിഫ് മുഹമ്മദ് ഖാനെ മഹത്വവത്കരിക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചു
തിരുവനന്തപുരം | സ്ഥാനമൊഴിയുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഭരണഘടനാ വിരുദ്ധമായ നടപടികളാണ് സ്വീകരിച്ചിരുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പുതിയ ഗവര്‍ണര്‍ ഭരണഘടനാപരമായി പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ സംഘപരിവാര്‍ ആശയം നടപ്പാക്കുക മാത്രമാണ് ചെയ്തതത്. ആരിഫ് മുഹമ്മദ് ഖാനെ മഹത്വവത്കരിക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചു. വലിയ ജനകീയ അംഗീകാരമുള്ള ഗവര്‍ണര്‍ എന്നാണ് ചിലര്‍ വിശേഷിപ്പിക്കുന്നത്. ഇടതു സര്‍ക്കാരിനോട് ഏറ്റുമുട്ടി സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കാന്‍ ശ്രമിച്ചതാണ് ഗവര്‍ണറുടെ വിരേതിഹാസമായി ചിലര്‍ വാഴ്തിയത്. ഇത് അങ്ങേയറ്റം ജനവിരുദ്ധ സമീപനമാണ്.
കമ്യൂണിസ്റ്റെന്നും കോണ്‍ഗ്രസെന്നും നോക്കാതെ ഭരണഘടനാപരമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. അതിനു പകരം ഭരണഘടനാവിരുദ്ധമായ നിലപാടുകളാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. ആര് എസ് എസ്- ബി ജെ പി സംവിധാനമാണ് പുതിയ ഗവര്‍ണറേയും നിയമിക്കുന്നത്. എന്നാല്‍ പുതിയ ഗവര്‍ണറെക്കുറിച്ച് മുന്‍വിധിയോടെ ഒന്നും പറയുന്നില്ല. പുതിയ ഗവര്‍ണര്‍ ഭരണഘടനാപരമായി പ്രവര്‍ത്തിച്ച് സര്‍ക്കാരുമായി ഒത്തുപോവുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.