Connect with us

National

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ബിൽ ഈ പാർലിമെന്റ് സമ്മേളനത്തിൽ തന്നെ അവതരിപ്പിച്ചേക്കും

ബില്ലിൽ സമവായമുണ്ടാക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്നും വിശദമായ ചർച്ചകൾക്കായി സംയുക്ത പാർലമെൻ്ററി കമ്മിറ്റിക്കോ ജെപിസിക്കോ ബിൽ അയച്ചേക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

|

Last Updated

ന്യൂഡൽഹി | ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ ഇപ്പോൾ നടക്കുന്ന പാർലിമെന്റ് വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ബിൽ സംബന്ധിച്ച് പഠിച്ച രാംനാഥ് കോവിന്ദ് കമ്മിറ്റിയുടെ റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചു കഴിഞ്ഞു. ബില്ലിൽ സമവായമുണ്ടാക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്നും വിശദമായ ചർച്ചകൾക്കായി സംയുക്ത പാർലമെൻ്ററി കമ്മിറ്റിക്കോ ജെപിസിക്കോ ബിൽ അയച്ചേക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുമായി ജെപിസി ചർച്ച നടത്തും. വിദഗ്ധരുമായും എല്ലാ സംസ്ഥാന നിയമസഭകളിലെയും സ്പീക്കർമാരുമായും ചർച്ചകൾ നടത്തും. സാധാരണക്കാരുടെ അഭിപ്രായവും ജെപിസി കേൾക്കും. വിഷയത്തിൽ സമവായം സാധ്യമായില്ലെങ്കിൽ ബിൽ നടപ്പാക്കുക കേന്ദ്ര സർക്കാറിന് കടുത്ത വെല്ലുവിളിയായി മാറും.

ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് പദ്ധതി നടപ്പിലാക്കണമെങ്കിൽ ഭരണഘടന ഭേദഗതി ചെയ്യുന്നതിനായി കുറഞ്ഞത് ആറ് ബില്ലുകളെങ്കിലും പാസ്സാക്കേണ്ടി വരും. ഇതിന് സർക്കാരിന് പാർലമെൻ്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. പാർലമെൻ്റിൻ്റെ ഇരുസഭകളിലും എൻഡിഎയ്ക്ക് കേവലഭൂരിപക്ഷം ഉണ്ടെങ്കിലും രണ്ടു സഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇല്ല.

രാജ്യസഭയിലെ 245 സീറ്റുകളിൽ എൻഡിഎയ്ക്ക് 112ഉം പ്രതിപക്ഷ പാർട്ടികൾക്ക് 85ഉം സീറ്റുകളാണുള്ളത്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് സർക്കാരിന് 164 സീറ്റുകളെങ്കിലും വേണം. ലോക്‌സഭയിൽ 545ൽ 292 സീറ്റുകളാണ് എൻഡിഎയ്ക്കുള്ളത്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് വേണ്ടത് 364 ആണ്. എന്നാൽ അംഗങ്ങളുടെ ഹാജർനില, വോട്ടിംഗ് എന്നിവയുടെ അടിസ്ഥാനത്തിൽ ആ സംഖ്യകളിൽ മാറ്റം വന്നേക്കും.

ഒരേസമയം തിരഞ്ഞെടുപ്പ് എന്ന ആശയം ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് പ്രതിപക്ഷ കക്ഷികളുടെ നിലപാട്.

Latest