cover story
ഇടറിയ മനുഷ്യരുടെ ഒറ്റയടിപ്പാത
മാനസികമായ അസ്വസ്ഥതകളുടെ കടന്നല്‍ക്കൂടിളകിയ മനസ്സുമായിട്ടായിരിക്കും പലരും എത്തുന്നത്. ഭാഷ അറിയാത്തതിനാല്‍ ആശയവിനിമയം സാധ്യമാകില്ല. ആര്‍ക്കും ആരെയും ശ്രദ്ധിക്കാന്‍ നേരമില്ലാത്ത നഗരത്തില്‍ ഇവരെ ഗൗനിക്കുക പോലുമില്ല. എങ്ങനെയെങ്കിലും മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ എത്തിയാലും മെച്ചപ്പെട്ട അവസ്ഥ ഉണ്ടായി എന്നുവരില്ല. എന്നാല്‍ ഇങ്ങനെ കൂട്ടംതെറ്റി മേയുന്നവരെ കണ്ടെത്താനും അവരെ വീടിന്റെയും നാടിന്റെയും സ്വച്ഛന്ദതയിലേക്ക് പറഞ്ഞയക്കുകയും ചെയ്യുന്ന ഒരാള്‍ ഇവിടെയുണ്ട്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 370 പേരാണ് ഈ എഴുപത്തി നാലുകാരന്റെ പരിശ്രമം കൊണ്ട് വിവിധ നാടുകളിലെ അവരവരുടെ വീടുകളിലെത്തിച്ചേര്‍ന്നത്.
ഭാഷയറിയാതെ, ദേശമറിയാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തുന്നവരുടെ എണ്ണം ഒരു ചെറിയ സംഖ്യയില്‍ ഒതുങ്ങില്ല. ബംഗാളില്‍ നിന്ന്, ഒറീസയില്‍ നിന്ന് തൊട്ടടുത്തുള്ള തമിഴ്‌നാട്ടില്‍ നിന്ന് വഴി തെറ്റിയും അല്ലാതെയും കേരളത്തില്‍ എത്തുന്നവര്‍ സ്വന്തം നാടിനെ പുല്‍കാന്‍ വെമ്പുന്നത് നൊമ്പരത്തിന്റെയും ആകാംക്ഷയുടെയും കഥയാണ്. മാനസികമായ അസ്വസ്ഥതകളുടെ കടന്നല്‍ക്കൂടിളകിയ മനസ്സുമായിട്ടായിരിക്കും പലരും എത്തുന്നത്. ഭാഷ അറിയാത്തതിനാല്‍ ആശയവിനിമയം സാധ്യമാകില്ല. ആര്‍ക്കും ആരെയും ശ്രദ്ധിക്കാന്‍ നേരമില്ലാത്ത നഗരത്തില്‍ ഇവര്‍ ശ്രദ്ധാകേന്ദ്രം പോലുമാകില്ല. എങ്ങനെയെങ്കിലും മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ എത്തിയാലും മെച്ചപ്പെട്ട അവസ്ഥ ഉണ്ടായി എന്നു വരില്ല. എന്നാല്‍ ഇങ്ങനെ കൂട്ടംതെറ്റി മേയുന്നവരെ കണ്ടെത്താനും അവരെ വീടിന്റെയും നാടിന്റെയും സ്വച്ഛന്ദതയിലേക്ക് പറഞ്ഞയക്കുകയും ചെയ്യുന്ന ഒരാള്‍ ഇവിടെയുണ്ട്. കോട്ടൂളി സ്വദേശി ശിവന്‍. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 370 പേരാണ് ഈ എഴുപത്തി നാലുകാരന്റെ പരിശ്രമം കൊണ്ട് വിവിധ നാടുകളിലെ വീടുകളിലെത്തിച്ചേര്‍ന്നത്.
ഹൃദയത്തിന്റെ ഭാഷ
ശിവന് നിരവധി ഭാഷകള്‍ അറിയാം. ഹിന്ദിയും തെലുങ്കും തമിഴും ബംഗാളിയും ഒക്കെ വശമാണ്. അതിനെല്ലാം പുറമെ ഹൃദയത്തിന്റെ ഭാഷയും സ്‌നേഹത്തിന്റെ വ്യാകരണവുമാണ് ശിവനെ നയിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ മുന്‍ ഉദ്യോഗസ്ഥനായ ശിവന്‍ തന്റെ എഴുപത്തിനാലാം വയസ്സിലും മാനുഷിക മൂല്യങ്ങളെ കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് സേവനം ചെയ്യുന്നത്. ജോലി നല്‍കിയ പരിചയങ്ങളും ബന്ധങ്ങളും സ്വാധീനവും അനേകര്‍ക്ക് നന്മവിതക്കാനാണ് ഇദ്ദേഹം ഉപയോഗിക്കുന്നത്.
വെള്ളിമാട്കുന്നിലെ സാമൂഹികക്ഷേമ ഭവനുകളില്‍ നിന്നും കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്നും നിരവധി പേരെ അന്യസംസ്ഥാനങ്ങളിലെ വീടുകളില്‍ സുരക്ഷിതമായി എത്തിക്കാന്‍ ശിവന് സാധിച്ചു. മാനസിക രോഗ മുക്തി നേടിയവരും ജീവിതത്തില്‍ പാളം തെറ്റി ഒറ്റപ്പെട്ട് പോയവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഇത് കൂടാതെ തലശ്ശേരി മഹിളാമന്ദിരം, തവനൂര്‍ റെസ്‌ക്യൂ ഹോം എന്നിവിടങ്ങളിലെ അന്തേവാസികളെയും അവരവരുടെ വീടുകളിലേക്കെത്തിച്ച കഥകള്‍ ശിവന്റെ പട്ടികയിലുണ്ട്.
ബംഗാളിലെ ബാലന്‍
കുതിരവട്ടം ആശുപത്രിയിലെ മൂന്നാം വാര്‍ഡിലെത്തി ശിവന്‍ അവനെ നേരിട്ട് കണ്ടു. അറിയാത്ത നാട്ടിലെത്തിയതിന്റെ കുറുമ്പും പരിഭവവും ആ പതിനാറുകാരന്റെ മുഖത്ത് നിഴലിച്ചിരുന്നു. ഹിന്ദി, മറാഠി അങ്ങനെ ഓരോ ഭാഷകളില്‍ ശിവന്‍ സംസാരിച്ചെങ്കിലും ആ കുട്ടിക്ക് അത് പിടിച്ചെടുക്കാനായില്ല. അവസാനം ബംഗാളിയില്‍ ഒരു കൈ നോക്കിയപ്പോള്‍ അവന്റെ മുഖത്ത് സ്വന്തം ഭാഷ കേട്ടതിന്റെ ആഹ്ലാദവും പ്രതീക്ഷയും വിടര്‍ന്നു. ബംഗാളിലെ മൂര്‍ഷിദാബാദാണ് സ്വദേശം എന്ന് മനസ്സിലായി. മാതാപിതാക്കളുടെ പേരടക്കം കുറേയധികം കാര്യങ്ങള്‍ അവന്‍ പറഞ്ഞു. അങ്ങനെ പശ്ചിമബംഗാള്‍ പോലീസില്‍ ബന്ധപ്പെട്ടു. മുര്‍ഷിദാബാദ് വിങ്ങിലേക്ക് അവര്‍ ഫോണ്‍ കൈമാറി. കുട്ടി തന്ന വിവരങ്ങള്‍ പോലീസ് ഇൻസ്്പെക്ടര്‍ക്ക് നല്‍കിയതോടെ അതിവേഗം അന്വേഷണം ആരംഭിച്ചു. പിറ്റേ ദിവസം അതിരാവിലെ മുര്‍ഷിദാബാദില്‍ നിന്ന് ഫോണെത്തി “ശിവന്‍ സാബ്, ആപ് ഭഗവാന്‍ ഹേ, മേരാ ബേഠാ ആപ് കേ പാസ് ഹേ.’ ഇതായിരുന്നു ശിവനെന്ന സാമൂഹിക പ്രവര്‍ത്തകന്റെ തുടക്കം. പത്താം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ ഒരു വൈകുന്നേരം സുഹൃത്തിനൊപ്പം ദൂരെ ഗ്രാമത്തില്‍ ഉത്സവം കാണാന്‍ പോയതാണ്. ഉത്സവത്തിരക്കിനിടയില്‍ രണ്ടുപേരും വേര്‍പിരിഞ്ഞുപോയി. സുഹൃത്ത് തിരിച്ചെത്തി പിതാവിനോട് കാര്യം പറഞ്ഞു. ഒരുപാട് സ്ഥലത്ത് പിതാവ് അന്വേഷിച്ചു. എന്നാല്‍ കുട്ടി വഴിതെറ്റി കള്ളവണ്ടി കയറി അവസാനം കേരളത്തിലാണ് എത്തിപ്പെട്ടത്. ശിവന് ഫോണ്‍ വന്നതിന്റെ പിറ്റേദിവസം തന്നെ അവര്‍ മുര്‍ഷിദാബാദില്‍ നിന്ന് പുറപ്പെട്ടു. കുടുംബമൊട്ടാകെ കോഴിക്കോടെത്തി ആഘോഷമായി മകനെ തിരിച്ച് നാട്ടിലേക്ക് കൊണ്ടുപോയി. ആ സംഭവം ശിവന്റെ സേവനപാതയില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ത്തു.
കലക്ടര്‍ ബ്രോ വിളിച്ചപ്പോള്‍…
പത്ത് വര്‍ഷം മുന്പ് കലക്ടര്‍ എന്‍ പ്രശാന്താണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലുള്ള അന്തേവാസികളെ കുറിച്ച് അറിയിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന പലവിധ ഭാഷകള്‍ സംസാരിക്കുന്നവര്‍ അവിടെയുണ്ടെന്നും അവരുമായി സംസാരിക്കാന്‍ ജീവനക്കാര്‍ക്കോ മറ്റ് അന്തേവാസികള്‍ക്കോ കഴിയുന്നില്ലെന്നും താങ്കള്‍ക്ക് ഒരു ശ്രമം നടത്തിക്കൂടെ എന്ന് ചോദിക്കുന്നതും. അങ്ങനെയാണ് ശിവന്‍ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തുന്നത്. മുപ്പത്തിയാറ് വര്‍ഷം കൊണ്ട് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ശിവന്‍ ജോലി ചെയ്തിട്ടുണ്ട്. തെലുഗും ഹിന്ദിയും തമിഴും ബംഗാളിയുമടക്കം നിരവധി ഭാഷകളില്‍ പരിജ്ഞാനവുമുണ്ട്. അതിനാല്‍ തന്നെ അന്തേവാസികളുമായുള്ള ആശയ വിനിമയം എളുപ്പമാണെങ്കിലും ചിലര്‍ സംസാരിക്കാന്‍ തന്നെ കൂട്ടാക്കില്ല. ചിലര്‍ പരസ്പര ബന്ധമില്ലാതെ ഒരുപാട് സംസാരിക്കും. മറ്റ് ചിലര്‍ ദേഷ്യപ്പെടും. അങ്ങനെ പലതരം മനുഷ്യരാണ് അവിടെയുള്ളത്. അവരെ പല തവണ കണ്ട് പരിചയം ദൃഢമാകുമ്പോള്‍ അവര്‍ സംസാരിച്ചുതുടങ്ങും. ഇങ്ങനെ ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് കാണാതായവരെപ്പോലും ശിവന്‍ കണ്ടെത്തി വീട്ടിലെത്തിച്ചിട്ടുണ്ട്. ശിവന്‍ രക്ഷപ്പെടുത്തിയവരില്‍ ഭൂരിഭാഗവും സാധാരണക്കാരും നിരക്ഷരരുമാണ് എന്നത് മറ്റൊരു കാര്യം.
ശിവന്റെ അന്വേഷണം വിജയം കണ്ട കഥ
“ഇന്ത്യൻ സേനയുടെ മുഴുവന്‍ സന്നാഹങ്ങളും ഉപയോഗിച്ച് നടത്തിയ അന്വേഷണം ഫലപ്രദമായില്ല. എന്നാല്‍ അങ്ങ് അത് നേടി; നന്ദി’… ഈ വാക്കുകള്‍ ഇന്ത്യന്‍ കമാന്‍ഡിംഗ് ഓഫീസറുടേതാണ്. ഒരു ദൗത്യത്തില്‍ വിജയിച്ചപ്പോള്‍ മേധാവി പറഞ്ഞ വാക്കുകള്‍ ശിവനുള്ള അംഗീകാരമായിരുന്നു. 2016 ല്‍ മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ തിരുവനന്തപുരത്ത് ക്ഷണിച്ചുവരുത്തി ശിവനെ ആദരിച്ചു. അന്നൊരു കാര്യവും അവര്‍ ആവശ്യപ്പെട്ടു. തവനൂര്‍ ആഭയ കേന്ദ്രത്തില്‍ ഒരമ്മയുണ്ടെന്നും അവരുടെ ഭാഷ പ്രശ്നമായതിനാല്‍ ആശയവിനിമയം നടത്താന്‍ സാധിക്കുന്നില്ലെന്നും അവരെ സഹായിക്കണമെന്നും. മന്ത്രിയുടെ അഭ്യര്‍ഥന പ്രകാരം ശിവന്‍ തവനൂരെത്തി. അവിടെ നിന്നും ബേബിലത എന്ന അമ്മയെ കണ്ടു. അവരുമായി സംസാരിച്ചപ്പോള്‍ ലഭിച്ച സൂചനയില്‍ നിന്നും മഹാരാഷ്ട്രയിലെ ഗോണ്ഡിയ ജില്ലയിലെ തിരോഡ് പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടു. ബേബിലതയെ കാണാനില്ലെന്ന് മകനും ബന്ധുക്കളും മാസങ്ങള്‍ക്ക് മുമ്പ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. മകന്‍ സുമിത് പട്ടാളത്തിലാണ്. സുമിത് കുമാര്‍ 2014 ല്‍ ജോലിതേടി ചെന്നൈയിലേക്ക് പോയിരുന്നു.
മകന്‍ മടങ്ങിവരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് ചെന്നൈയിലേക്ക് പുറപ്പെട്ട ബേബിലത അവിടെ നിന്ന് വഴി തെറ്റി അലഞ്ഞ് 2016 ല്‍ കേരളത്തിലെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് തവനൂരിലെ റെസ്‌ക്യൂഹോമിലെത്തിച്ചു. ജോലിതേടിപ്പോയ സുമിത് 2017 ല്‍ സൈന്യത്തില്‍ ചേര്‍ന്നു. ശിവന്‍ ബന്ധപ്പെടുമ്പോള്‍ ഒഡീഷയിലെ ക്യാമ്പിലായിരുന്നു സുമിത്. പട്ടാളത്തില്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ അമ്മയെ കാണാനില്ലെന്ന വിവരം സുമിത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ പട്ടാളത്തിന്റെ സഹായത്താല്‍ പല വിധ അന്വേഷണങ്ങള്‍ നടത്തിയെങ്കിലും അമ്മയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞതോടെ വീഡിയോകോള്‍ വഴി സംസാരിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ കമാന്‍ഡിംഗ് ഓഫീസറും ശിവനുമായി ബന്ധപ്പെട്ടു. “ഇന്ത്യന്‍സേനയുടെ മുഴുവന്‍ സന്നാഹങ്ങളും ഉപയോഗിച്ച് നടത്തിയ അന്വേഷണം ഫലപ്രദമായില്ല. എന്നാല്‍ അങ്ങ് അത് നേടി. നന്ദി…’ എന്നായിരുന്നു ഈ വാക്കുകള്‍. കൊല്ലം സ്വദേശിയായ സഹപ്രവര്‍ത്തകനൊപ്പം സുമിത് തവനൂരിലെത്തിയാണ് അമ്മയെ കൂട്ടിക്കൊണ്ടുപോയത്.
വീട്ടിലേക്കുള്ള വഴി തെളിയുന്നത് ഇങ്ങനെ
രോഗം ഭേദമായവരുമായി പല തവണ കൂടിക്കാഴ്ച നടത്തും. അങ്ങനെ പല ദിവസങ്ങളിലായി സന്ദര്‍ശനം നടത്തും. പിന്നീട് ഇവരില്‍ നിന്നും താമസസ്ഥലത്തിന്റെ പേരുകിട്ടിയാല്‍ അത് ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് എവിടെയാണെന്ന് മനസ്സിലാക്കും. ഭാഷയും പേരും വിലാസവും തിരിച്ചറിഞ്ഞാല്‍ ജില്ലാ അധികൃതരും ഡി സി ആര്‍ ബിയും പോലീസ് ഡി വൈ എസ്് പിയുമായി ബന്ധപ്പെടും. കാണാതായവരുടെ ലിസ്റ്റ് ശേഖരിച്ച് ഫോട്ടോ ഒത്തുനോക്കി വിവരങ്ങളും എടുക്കും. ചില വീട്ടുകാര്‍ രോഗമുക്തരെ സ്വീകരിക്കാന്‍ മടിക്കും. അവരെ ബോധവധവത്കരിച്ച് മുന്നോട്ടുപോകും. ചിലര്‍ എന്നന്നേക്കും നഷ്ടപ്പെട്ടെന്ന് കരുതിയവരെ തിരിച്ചു കിട്ടിയ സന്തോഷത്തിലാകും. ചിലപ്പോള്‍ ശിവന്‍തന്നെ രോഗം മാറിയ വ്യക്തിയുമായി നാട്ടിലേക്ക് പോയ ചരിത്രവും ഉണ്ട്. അങ്ങനെ പുനഃസമാഗമത്തിന് വഴിയൊരുക്കുമ്പോള്‍ ഉണ്ടാവുന്ന ആശ്വാസനിമിഷങ്ങളാണ് ഏറ്റവും നല്ല പ്രതിഫലമെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു.
ജാദവിനെ കാത്ത് പതിനെട്ട് വര്‍ഷം
മനോനിലയുടെ നൂൽപ്പാലത്തില്‍ നിന്ന് തെന്നിമാറിയ ഉത്തര്‍ പ്രദേശ് സ്വദേശിയായ സോനുവും പതിനേഴ് വര്‍ഷത്തോളം ചികിത്സയിലായിരുന്ന ദമ്മുവും തുടങ്ങി നിരവധി പേര്‍ വീടിന്റെ സുരക്ഷയിലേക്ക് തിരിച്ചെത്തിയത് ശിവന്റെ സഹായഹസ്തം വഴിയായിരുന്നു. വീടുകളിലേക്ക് മടങ്ങുന്ന അന്തേവാസികള്‍ക്ക് ആവശ്യമായ മരുന്നുകള്‍, തുടര്‍ചികിത്സക്കുള്ള മെഡിക്കല്‍ ഉപദേശങ്ങള്‍, സാമ്പത്തിക സഹായം എന്നിവയും ഇതോടൊപ്പം തന്നെ ലഭ്യമാക്കും. ഇങ്ങനെ ശിവന്റെ സേവനത്തിന്റെ കഥ സമാനതകള്‍ ഇല്ലാത്തതാണ്. രാജ്യത്തിന്റെ ഏതു കോണിലും ശിവന്‍ തന്റെ സന്ദേശം എത്തിക്കും. പോലീസും സന്നദ്ധ പ്രവര്‍ത്തകരും മാധ്യമങ്ങളുമെല്ലാം ഈ മഹനീയ ദൗത്യത്തില്‍ സഹായികളാകും. കുടുംബത്തിലെ ഒരംഗത്തെ കാണാതാവുമ്പോള്‍ ഉണ്ടാവുന്ന പ്രയാസവും വേദനയും മറ്റാരേക്കാള്‍ ശിവന്‍ മനസ്സിലാക്കുന്നു. സേവനപാതയില്‍ ഇനിയും മുന്നേറാനാണ് ശിവന്റെ തീരുമാനം. മുന്നാറ്റില്‍ കോമളവല്ലിയാണ് ശിവന്റെ ഭാര്യ. മക്കള്‍: ദിലീപ്കുമാര്‍ (ചീഫ് ഓഫീസര്‍, മര്‍ച്ചന്റ് നേവി, ഡെന്മാര്‍ക്ക് ), ദീപ (നഴ്സ്).