Connect with us

From the print

പി എം എ സലാം കണ്ടം ചാടി വന്നയാള്‍; സ്ഥാനത്ത് നിര്‍ത്താന്‍ പാടില്ല: ഉമര്‍ ഫൈസി

ലീഗ് എതിര്‍ക്കുന്നവരെയെല്ലാം ഇ കെ വിഭാഗത്തിന് എതിര്‍ക്കാനാകില്ല

Published

|

Last Updated

കോഴിക്കോട് | മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം കണ്ടം ചാടി വന്ന ആളാണെന്ന് പാര്‍ട്ടിയിലെ പലരും പറയാറുണ്ടെന്ന് ഇ കെ വിഭാഗം നേതാവ് ഉമര്‍ ഫൈസി മുക്കം. സലാമിനെതിരെ പാര്‍ട്ടി അണികളില്‍ നേരത്തേ തന്നെ അഭിപ്രായം ഉണ്ട്. അദ്ദേഹം സ്ഥാനം കിട്ടുന്നേടത്ത് ചാടിക്കയറി വരുന്ന ആളാണെന്നും പുറംകണ്ടം ചാടി വരുന്ന ആളാണെന്നും ലീഗില്‍ നിന്ന് ഐ എന്‍ എല്ലിലേക്കും പിന്നെ സ്ഥാനം കിട്ടിയപ്പോള്‍ മുസ്ലിം ലീഗിലേക്കും വന്നതാണെന്നും എല്ലാവരും പറയാറുണ്ട്. സലാം ഇനി എങ്ങോട്ടാണ് പോകുകയെന്ന് അറിയില്ല. കണ്ടം ചാടി വന്നവരെ ഇത്തരം സ്ഥാനത്ത് നിര്‍ത്താന്‍ പാടില്ലെന്നും ഉമര്‍ ഫൈസി തുറന്നടിച്ചു. അദ്ദേഹത്തെ മാറ്റിയാല്‍ സംഘടനക്ക് നന്നാകും.

സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഉമര്‍ ഫൈസി നിലപാട് വ്യക്തമാക്കിയത്. ജിഫ്രി തങ്ങളാണ് സംഘടനയുടെ എറ്റവും ‘ടോപ്പി’ലുള്ള ആള്‍. ‘ഞങ്ങള്‍ക്ക് പിണറായിയുമായി അടുത്ത ബന്ധമാണ്.

ആവശ്യങ്ങളുണ്ടെങ്കില്‍ അദ്ദേഹത്തോട് പറയും. അത് അദ്ദേഹം പരിഗണിക്കാറുണ്ട്’ എന്നൊക്കെ ജിഫ്്രി തങ്ങള്‍ പറഞ്ഞിരുന്നു. അതിനെ പരിഹസിച്ചുകൊണ്ടാണ് തുടര്‍ച്ചയായി വന്ന പ്രസ്താവനകള്‍.

മുഖ്യമന്ത്രിക്ക് ഫോണ്‍ വിളിക്കുന്നവരെക്കുറിച്ച് സലാം നടത്തിയ പ്രസ്താവന ജിഫ്രി തങ്ങള്‍ക്കെതിരെയാണെന്ന് അന്നം കഴിക്കുന്ന ആര്‍ക്കും മനസ്സിലാകും. ലീഗ് എതിര്‍ക്കുന്നവരെ ഇ കെ വിഭാഗം എതിര്‍ത്തുകൊള്ളണമെന്നില്ല. രാഷ്ട്രീയ കക്ഷി എന്ന നിലക്ക് സര്‍ക്കാറിനെ തള്ളിയിടാന്‍ ലീഗിന് പണിയെടുക്കേണ്ടി വരും. ‘സമസ്ത’ രാഷ്ട്രീയ കക്ഷി അല്ലാത്തതുകൊണ്ട് അതിന്റെ ആവശ്യമില്ല. ആ വിദ്വേഷം സംഘടനയോട് പുലര്‍ത്തുന്നത് ലീഗിന് ചേര്‍ന്നതല്ലെന്നും ഫൈസി പറഞ്ഞു. തെറ്റ് ആര് ചെയ്താലും എതിര്‍ക്കും. അത് ലീഗായാലും കമ്മ്യൂണിസ്റ്റായാലും കോണ്‍ഗ്രസ്സായാലും എതിര്‍ക്കും. സലാമിനെ മാറ്റണോയെന്നത് ലീഗ് നേതൃത്വമാണ് തീരുമാനിക്കേണ്ടത്. മാറ്റുന്നതാണ് ലീഗിന് നല്ലതെന്നും ഉമര്‍ ഫൈസി വ്യക്തമാക്കി.