Kerala
സമരം തുടരുന്നത് നാമമാത്രമായ ആശമാര്‍: മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്തെ 26,125 ആശമാരില്‍ 25,800ലധികം പേരും ഫീല്‍ഡില്‍ പ്രവര്‍ത്തനത്തിലാണെന്നും മന്ത്രി പറഞ്ഞു

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാറിനെതിരെ സമരം തുടരുന്നത് നാമമാത്രമായ ആശമാരാണെന്ന് മന്ത്രി വീണാ ജോര്‍ജ്. ഭൂരിഭാഗം ആശമാരും ജോലിചെയ്യുകയാണ്. സംസ്ഥാനത്തെ 26,125 ആശമാരില്‍ 25,800ലധികം പേരും ഫീല്‍ഡില്‍ പ്രവര്‍ത്തനത്തിലാണെന്നും മന്ത്രി പറഞ്ഞു. എസ് യു സി ഐ നേതൃത്വത്തില്‍ സെക്രട്ടറിയറ്റിനു മുന്നില്‍ നടക്കുന്ന സമരം വനിതാ ദിനത്തില്‍ വനിതാ സംഗമം സംഘടിപ്പിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ആശമാരുമായി ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു പിടിവാശിയും ഇല്ല. ആശമാരെ ചേര്‍ത്ത് പിടിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും മന്ത്രി വ്യക്തമാക്കി. ആശമാരുടെ സമരം അല്ല രാഷ്ട്രീയ സമരമാണ് നടക്കുന്നതെന്ന് സി പി എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീമും പറഞ്ഞു.
ആശാവര്‍ക്കര്‍മാരോട് അനുഭാവപൂര്‍വമായ സമീപനം എടുക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി കെ എന്‍ ബാലഗോപാലും വ്യക്തമാക്കി. തുച്ഛമായ തുകയാണ് കേന്ദ്രം നല്‍കുന്നത്. 12 വര്‍ഷത്തിനിടെ ഒരു പൈസ പോലും വര്‍ധിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.