Connect with us

Assembly session

നിയമസഭ സമ്മേളനം പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സ്പീക്കര്‍ക്ക് കത്ത് നല്‍കി

കാരണം വി ഡി സതീശനും കെ സുധാകരനും ചേര്‍ന്നു നയിക്കുന്ന സമരാഗ്‌നി ജാഥ

Published

|

Last Updated

തിരുവനന്തപുരം | നിയമസഭ സമ്മേളനം പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സ്പീക്കര്‍ എ എന്‍ ഷംസീറിന് കത്ത് നല്‍കി. പാര്‍ലമെന്ററികാര്യ മന്ത്രി കെ രാധാകൃഷ്ണനും കത്ത് നല്‍കിയിട്ടുണ്ട്.

ബജറ്റ് ഫെബ്രുവരി രണ്ടിന് അവതരിപ്പിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്തില്‍ ആവശ്യപ്പെടുന്നത്. ഫെബ്രുവരി ഒമ്പതു മുതല്‍ 25 വരെ നടക്കുന്ന കെ പി സി സി രാഷ്ട്രീയ ജാഥയില്‍ എം എല്‍ എമാര്‍ക്കു പങ്കെടുക്കാന്‍ കഴിയുന്ന രീതിയില്‍ സമ്മേളനം പുനഃക്രമീകരിക്കണം എന്നാണ് ആവശ്യം. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി പ്രസഡന്റ് കെ സുധാകരനും ചേര്‍ന്നാണ് സമരാഗ്‌നി എന്ന പേരില്‍ ജാഥ നയിക്കുന്നത്.

ജനുവരി 25 ന് നിയമസഭ സമ്മേളനം തുടങ്ങാനാണ് മന്ത്രിസഭ യോഗം തീരുമാനിച്ചത്. സംസ്ഥാന ബജറ്റ് ഫെബ്രുവരി അഞ്ചിനാണ് നിശ്ചയിച്ചത്. ബജറ്റിന്‍മേലുള്ള ചര്‍ച്ച ഫെബ്രുവരി 5, 6 തീയതികളില്‍ ക്രമീകരിക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. കെ പി സി സിയുടെ ജാഥ അറിഞ്ഞുകൊണ്ടാണു സര്‍ക്കാര്‍ നിയമസഭ സമ്മേളനം നിശ്ചയിച്ചതെന്ന വിമര്‍ശനം പ്രതിപക്ഷത്തിനുണ്ട്.

നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് മന്ത്രി സഭ കത്ത് നല്‍കിയതിനാല്‍ ഇനി തീയതി മാറ്റണമെങ്കില്‍ നിയമസഭ കാര്യോപദേശക സമിതി ചേരേണ്ടതുണ്ട്. പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് സൂചന.