Connect with us

Articles

'സൊറ'യില്‍ ഉയിര്‍കൊണ്ട പ്രാസ്ഥാനിക ചട്ടക്കൂട്

പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിലെ ഈ മതവിദ്യാര്‍ഥികളുടെ സൊറ വെറും ബഡായി വര്‍ത്തമാനങ്ങളായിരുന്നില്ല. സുന്നി സമൂഹത്തിനൊരു വിദ്യാര്‍ഥി പ്രസ്ഥാനം എന്ന കാലത്തിന്റെ ആവശ്യമാണ് 'സൊറ' പറച്ചിലില്‍ അവര്‍ ചര്‍ച്ച ചെയ്തത്.

Published

|

Last Updated

കൊയ്‌ത്തൊഴിഞ്ഞ പാടവരമ്പിലൂടെ നടക്കുകയാണ് ഒരു കൂട്ടം വിദ്യാര്‍ഥികള്‍. അവശേഷിച്ച നെല്‍മണികള്‍ കൊത്തിയെടുക്കാന്‍ പ്രാവും തത്തയും മറ്റ് പറവുകളും അങ്ങിങ്ങുണ്ട്. ഒരു ഭാഗത്ത് കുട്ടികള്‍ കളിക്കുന്നു. നടന്നുപോകുന്ന വിദ്യാര്‍ഥികള്‍ സമീപത്തെ മതകലാലയത്തില്‍ താമസിച്ച് പഠിക്കുന്നവരാണ്. നടത്തത്തിനിടെ പല കാര്യങ്ങളും അവര്‍ സംസാരിക്കുന്നുണ്ട്. ‘സൊറ’ എന്നാണ് ആ കലാലയത്തിലെ വിദ്യാര്‍ഥികള്‍ വൈകുന്നേര നടത്തത്തിന് നല്‍കിയ പേര്. നേരംപോക്ക് വര്‍ത്തമാനം എന്നാണല്ലോ സൊറയുടെ അര്‍ഥം. കൃത്യമായ വിഷയമോ അജന്‍ഡയോ ക്രമമോ ഇല്ലാതെയുള്ള ഇത്തരം വെറും വര്‍ത്തമാനങ്ങള്‍ പിന്നീട് ചര്‍ച്ചകളില്‍ ഇടംപിടിക്കാറോ ഓര്‍ത്തുവെക്കാറോയില്ല. എന്നാല്‍, പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിലെ ഈ മതവിദ്യാര്‍ഥികളുടെ സൊറ വെറും ബഡായി വര്‍ത്തമാനങ്ങളായിരുന്നില്ല. സുന്നി സമൂഹത്തിനൊരു വിദ്യാര്‍ഥി പ്രസ്ഥാനം എന്ന കാലത്തിന്റെ ആവശ്യമാണ് ‘സൊറ’ പറച്ചിലില്‍ അവര്‍ ചര്‍ച്ച ചെയ്തത്.

സുന്നി അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്ന വിദ്യാര്‍ഥി പ്രസ്ഥാനം എന്ന ആവശ്യവും അതിന് സമൂഹത്തിന്റെ നാനാതുറകളില്‍ നിന്ന് ഉയരുന്ന അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളും ആശങ്കകളും ആ വൈകുന്നേര നടത്തങ്ങളില്‍ അവര്‍ ചര്‍ച്ച ചെയ്തു. പൊതുകലാലയങ്ങളില്‍ വിദ്യാര്‍ഥി സംഘടനകളുടെ അക്രമാസക്തമായ സമരവും പഠിപ്പുമുടക്കലും ചോരചിന്തലുമൊക്കെ സമൂഹത്തെ ചകിതമാക്കിയ ഒരു കാലം കൂടിയായതിനാല്‍, സുന്നി വിദ്യാര്‍ഥികള്‍ സംഘടിക്കുന്നത് സമരത്തിനും പ്രതിഷേധത്തിനും പിക്കറ്റിംഗിനും കാരണമാകുമോയെന്ന ആശങ്ക പണ്ഡിതര്‍ തന്നെ പങ്കുവെച്ചിരുന്നു. ഇ കെ ഹസന്‍ മുസ്ലിയാര്‍ ഈ ആശങ്ക പങ്കുവെച്ച് സുന്നി ടൈംസിലെ ജനശബ്ദത്തില്‍ എഴുതുകയും ചെയ്തു.

എന്നാല്‍, ഈ മത വിദ്യാര്‍ഥി സംഘടന എങ്ങനെ രൂപവത്കരിക്കും? എന്തിനാണ്? ആരോട് കാര്യം ഉണര്‍ത്താനാണ്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചാല്‍ ഞാനും നിങ്ങളോടൊപ്പമെന്ന് കുറിപ്പിന്റെ അവസാനം അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം അഭിസംബോധന ചെയ്യുന്ന സമഗ്രമായ ബ്ലൂ പ്രിന്റ് തയ്യാറാക്കേണ്ടതുണ്ട്. കോളജിലെ പഠന സമയത്തിന് ശേഷമുള്ള നേരവും ഇടവുമാണ് ഗഹനമായ അത്തരമൊരു പദ്ധതിക്ക് വേണ്ടത്. പഠനത്തിരക്കുകള്‍ക്ക് താത്കാലിക ഇടവേള എന്ന നിലക്കുള്ള വെയില്‍ കായല്‍ നടത്തത്തിലാണ് ചര്‍ച്ചകള്‍ അധികവും നടന്നത്. മാസങ്ങളോളം അവര്‍ ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്ന് സാരം. ഇസ്മാഈല്‍ വഫയുടെ കുറിപ്പും അതിനോടുള്ള പ്രതികരണങ്ങളും കണ്ണൂര്‍ ജില്ലാ എസ് എസ് എഫും തിരുനാവായ സമ്മേളനവുമൊക്കെ കരട് പദ്ധതിക്ക് ഏറെ ഗുണം ചെയ്തു. സമസ്തയുടെ 23ാം വാര്‍ഷികവും ജാമിഅ നൂരിയ്യയുടെ ഒമ്പതാം വാര്‍ഷികവും സംയുക്തമായി 1972 മെയ് 5,6,7 തീയതികളില്‍ തിരുനാവായയില്‍ നടത്തിയ സമ്മേളനമാണിത്. സമ്മേളന നഗരിക്കടുത്തുള്ള ഹൈസ്‌കൂളില്‍ വെച്ചായിരുന്നു വിദ്യാര്‍ഥി കണ്‍വെന്‍ഷന്‍.

സുന്നി വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ സംഘാടനത്തിന് ജാമിഅ വിദ്യാര്‍ഥി സംഘടനയായ നൂറുല്‍ ഉലമ എന്തിന് നേതൃത്വം നല്‍കണം എന്ന സംശയം സ്വാഭാവികമായും ഉയരും. ദിവംഗതനായ പാറന്നൂര്‍ പി പി മുഹ്യുദ്ദീന്‍ കുട്ടി മുസ്ലിയാരുടെ ഈ ഓര്‍മകള്‍ അത് ദൂരീകരിക്കും- ആ കാലത്ത് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥി സംഘടനയായിരുന്നു ജാമിഅ നൂരിയ്യ അറബിക് കോളജിലെ ഉലമാ സമാജം. എസ് വൈ എസ് പുസ്തക പ്രസിദ്ധീകരണ രംഗത്ത് വരുന്നതിന് എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പ് പഠനാര്‍ഹമായ പല പുസ്തകങ്ങളും നൂറുല്‍ ഉലമ കൈരളിക്കു കാഴ്ചവെച്ചിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കാരണത്താല്‍ ജനങ്ങളുടെ ഇടയില്‍ നൂറുല്‍ ഉലമക്ക് നല്ല സ്വാധീനമുണ്ടായിരുന്നു. തന്നെയുമല്ല, സമസ്തക്കും കീഴ്ഘടകങ്ങള്‍ക്കുമെല്ലാം അഭിമാനത്തോടെ പറയാനുള്ള ഏക പൊതു സ്ഥാപനം അന്ന് ജാമിഅ നൂരിയ്യയായിരുന്നു. അതിനാല്‍ തന്നെ ആ സ്ഥാപനത്തിലെ വിദ്യാര്‍ഥികളോട് സുന്നികള്‍ക്ക് എന്തെന്നില്ലാത്ത സ്നേഹമായിരുന്നു. അത് ഞങ്ങള്‍ പലപ്പോഴും അനുഭവിച്ചറിഞ്ഞിട്ടുണ്ട്.

ജനങ്ങളിലുള്ള സ്വാധീനം ഒരു സുന്നി വിദ്യാര്‍ഥി സംഘടന രൂപവത്കരിക്കാന്‍ നാം ഉപയോഗപ്പെടുത്തണമെന്ന് അന്ന് നൂറുല്‍ ഉലമയുടെ പ്രവര്‍ത്തക സമിതി ഭാരവാഹികളായ ഞങ്ങള്‍ തീരുമാനിച്ചു. 1970ലാണ് ഇതിന് തുടക്കം കുറിക്കുന്നത്. വിദ്യാര്‍ഥി സംഘടനക്കൊരു നിയമാവലി ഉണ്ടാക്കാന്‍ നൂറുല്‍ ഉലമ സബ്കമ്മിറ്റി ഉണ്ടാക്കി. ദിവസങ്ങളോളം ഇരുന്ന് ചര്‍ച്ച ചെയ്ത് 101 ഖണ്ഡിക ഉള്‍ക്കൊള്ളുന്നൊരു ഭരണഘടനയുണ്ടാക്കി. അത് നൂറുല്‍ ഉലമയുടെ കമ്മിറ്റി അംഗീകരിച്ച ശേഷം ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ചു. നൂറുല്‍ ഉലമയുടെ പ്രവര്‍ത്തനത്തെ കണ്ണടച്ചെതിര്‍ക്കുന്നൊരു വിഭാഗം അന്ന് സ്ഥാപനത്തിലുണ്ടായിരുന്നു. അവര്‍ ഈ ഭരണഘടനയെ എതിര്‍ത്തു. സുന്നി ടൈംസില്‍ വന്ന ലേഖനങ്ങള്‍ അവര്‍ക്ക് പ്രചോദനമാകുകയും ചെയ്തു.

ചുരുക്കത്തില്‍ ഭൂരിപക്ഷം ഭരണഘടനക്കനുകൂലമായെങ്കിലും ന്യൂനപക്ഷത്തിന്റെ എതിര്‍പ്പും ബഹളവും കാരണം അന്നത്തെ അധ്യക്ഷന്‍ മേശപ്പുറത്ത് കയറിനിന്ന് യോഗം പിരിച്ചുവിട്ട രംഗം ഇപ്പോഴും സ്മൃതിപഥത്തില്‍ വരുന്നു. ഉസ്താദുമാരുടെ അടുത്ത് പ്രശ്നമെത്തിയതോടെ എന്തെങ്കിലും നടപടി ഉണ്ടാകുമെന്നുവരെ ഞങ്ങള്‍ ഭയപ്പെട്ടു. അങ്ങനെ അന്ന് ആ ഗര്‍ഭം അലസിപ്പോയെങ്കിലും രണ്ട് വര്‍ഷത്തിനു ശേഷം അതേ സ്ഥാപനത്തില്‍ വെച്ച് സുന്നി വിദ്യാര്‍ഥി സംഘടന രൂപവത്കരിക്കപ്പെട്ടു. (അനാഛാദനം, രിസാല ലക്കം 522)

 

Latest