Connect with us

HISTORY

ആ ചട്ടങ്ങളുടെ ഉപജ്ഞാതാവ്

1950 മാർച്ച് 21 ന് സെൻ തിരഞ്ഞെടുപ്പ് കമ്മീഷനായി ചുമതലയേൽക്കുമ്പോൾ അദ്ദേഹത്തിനു മുമ്പിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖപ്പെടുത്തിയതോ അല്ലാത്തതോ ആയ മുൻ അനുഭവങ്ങൾ ഇല്ലായിരുന്നു. അദ്ദേഹം ശൂന്യതയിൽ നിന്നു ഒരു വലിയ രാജ്യത്തെ ജനാധിപത്യ സംവിധാനത്തിലേക്കു പാകപ്പെടുത്തിയെടുക്കുകയായിരുന്നു.

Published

|

Last Updated

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ ഒരിക്കൽ കൂടി പൊതുതിരഞ്ഞെടുപ്പിലേക്ക് കടന്നിരിക്കയാണ്. ലോക്സഭയിലേക്കു നടക്കുന്ന പതിനെട്ടാമത്തെ തിരഞ്ഞെടുപ്പാണിത്. ഏപ്രിൽ 19 നു തുടങ്ങി ജൂൺ ഒന്ന് വരെ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ജൂൺ നാലിന് പുറത്തുവരും .

രാജ്യത്തെ ആദ്യത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നത് 1951- 52 വര്‍ഷങ്ങളിലായിരുന്നു. അന്ന് വോട്ട് ചെയ്യാനുള്ള പ്രായപരിധി 21 വയസ്സായിരുന്നു. (നിലവിൽ 18 വയസ്സ്) 1951 ഒക്ടോബര്‍ 25ന് തുടക്കമിട്ട തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നാല് മാസമെടുത്ത് പിറ്റേ വര്‍ഷം ഫെബ്രുവരി 21നാണ് പൂര്‍ത്തിയാക്കിയത്. ആദ്യ തിരഞ്ഞെടുപ്പ് നടന്നത് 68 ഘട്ടങ്ങളായാണ്. അന്നത്തെ വോട്ടർമാരുടെ എണ്ണം 17.3 കോടിയാണ്. 44. 87 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.

സുകുമാര്‍ സെന്നായിരുന്നു ആദ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍. 1950 മാർച്ച് 21 ന് സെൻ തിരഞ്ഞെടുപ്പ് കമ്മീഷനായി ചുമതലയേൽക്കുമ്പോൾ അദ്ദേഹത്തിനു മുമ്പിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖപ്പെടുത്തിയതോ അല്ലാത്തതോ ആയ മുൻ അനുഭവങ്ങൾ ഇല്ലായിരുന്നു. അദ്ദേഹം ശൂന്യതയിൽ നിന്നു ഒരു വലിയ രാജ്യത്തെ ജനാധിപത്യ സംവിധാനത്തിലേക്കു പാകപ്പെടുത്തിയെടുക്കുകയായിരുന്നു.

രാജ്യം വിഭജനത്തിന്റെ നോവനുഭവിച്ചു കൊണ്ടിരിക്കുന്ന കാലം. നഗരങ്ങൾ, പട്ടണങ്ങൾ, കുന്നിൻ പ്രദേശം, വനപ്രദേശങ്ങൾ, ഗ്രാമങ്ങൾ, ദ്വീപുകൾ, മരുഭൂമികൾ, തരിശുഭൂമികൾ എന്നിങ്ങനെ പരസ്പരം ബന്ധമില്ലാത്ത ഭൂപ്രദേശം. വോട്ടർമാരെ ചേർക്കുന്നതിനും ബൂത്തുകൾ സജ്ജീകരിക്കുന്നതിനും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും പുതുതായി അതിരുകൾ തിരിച്ചുണ്ടായ രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ വിശാലത പ്രധാന വെല്ലുവിളിയായി. പൗരന്മാരിൽ ഏതാണ്ട് 80 ശതമാനവും നിരക്ഷരരായിരുന്നു. രഹസ്യ ബാലറ്റ് എന്ന ആശയം വലിയ കടമ്പയായിരുന്നു. കൂടാതെ, വിഭജനത്തിന്റെ പ്രക്ഷുബ്ധതയിൽ അതിർത്തിപ്രദേശങ്ങളിലെ ലക്ഷക്കണക്കിന് ആളുകളുടെ തിരിച്ചറിയൽ രേഖകൾ നഷ്ടപ്പെട്ട അവസ്ഥയും.

ലഭ്യമായ അനുഭവങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ തന്നെ തിരഞ്ഞെടുപ്പ് നടത്താൻ സുകുമാർ സെൻ രാജ്യത്തെ രൂപപ്പെടുത്തിയെടുത്തു.

ഇന്നത്തെ ബംഗ്ലാദേശിലെ മുൻഷിഗഞ്ച് ജില്ലയിലെ സോനാരാംഗ് ഗ്രാമത്തിൽ 1898 ലാണ് സെൻ ജനിച്ചത്. കൽക്കട്ട പ്രസിഡൻസി കോളജിലും ലണ്ടൻ യൂനിവേഴ്‌സിറ്റിയിലുമാണ് വിദ്യാഭ്യാസം. ഗണിതശാസ്ത്രത്തിൽ സ്വർണമെഡൽ നേടിയ സെൻ തുടർന്നു ഇന്ത്യൻ സിവിൽ സർവീസ് (ഐ സി എസ് ) തിരഞ്ഞെടുത്തു. വിവിധ ജില്ലകളിൽ ഐ സി എസ് ഉദ്യോഗസ്ഥനായും ജഡ്ജിയായും സേവനമനുഷ്ഠിച്ച സെന്നിനെ സ്വാതന്ത്ര്യാനന്തരം പശ്ചിമ ബംഗാളിലെ ആദ്യ ചീഫ് സെക്രട്ടറിയായി അന്നത്തെ മുഖ്യമന്ത്രി പ്രഫുല്ല ചന്ദ്ര ഘോഷ് നിയമിച്ചു.

പൊതു തിരഞ്ഞെടുപ്പ് സംഘടിപ്പിക്കാൻ കഴിവുള്ള ഉദ്യേഗസ്ഥനെ തേടുകയായിരുന്ന പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ മുമ്പിൽ സുകുമാർ സെന്നിന്റെ പേർ നിർദേശിച്ചത് പശ്ചിമ ബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രി ബിദാൻ ചന്ദ്ര റോയിയായിരുന്നു. സുകുമാർ സെൻ തിരഞ്ഞെടുപ്പിനുള്ള ആദ്യ പടിയായി കണ്ടത് വോട്ടർ പട്ടിക തയ്യാറാക്കുന്ന ജോലിയായിരുന്നു. സർക്കാർ ഉദ്യോഗസ്ഥരേയും വിവിധ ഏജൻസികളിലെയും വോട്ടർ പട്ടിക തയ്യാറാക്കുന്നതിനായി നിയോഗിച്ചു. പല വീട്ടുകാരും അവരുടെ പേരുകൾ വെളിപ്പെടുത്താൻ വിസമ്മതിച്ചു. പ്രത്യേകിച്ചു സ്ത്രീകൾ. അവർ അറിയപ്പെട്ടിരുന്നത് A- യുടെ അമ്മ, B-യുടെ ഭാര്യ അല്ലെങ്കിൽ C-യുടെ മകൾ എന്നിങ്ങനെയാണ്. പേരു വെളിപ്പെടുത്താത്ത സ്ത്രീകളെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ ഉത്തരവിട്ടു. ഇതേതുടർന്ന് വോട്ടർമാരായ രണ്ട് കോടിയോളം സ്ത്രീകൾക്ക് ആദ്യ തിരഞ്ഞെടുപ്പിൽ നിന്നു വിട്ടുനിൽക്കേണ്ടിവന്നു.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി സുകുമാർ സെൻ മിക്കവാറും എല്ലാ സംസ്ഥാനങ്ങളും സന്ദർശിക്കുകയും മോക്ക് പോളുകൾ നടത്തുകയും ചെയ്തു. ആൾമാറാട്ടം തടയാൻ വോട്ടറുടെ വിരലിൽ മായാത്ത മഷി പുരട്ടുന്ന രീതി നടപ്പിലാക്കി. വോട്ടർമാരെ ബോധവത്കരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പത്രങ്ങളും റേഡിയോയും സിനിമയും ഉപയോഗപ്പെടുത്തി. വോട്ടിംഗിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന ഡോക്യുമെന്ററി തയ്യാറാക്കി രാജ്യത്തെ 3000 ത്തോളം തിയറ്ററുകളിൽ പ്രദർശിപ്പിച്ചു.

ആദ്യ തിരഞ്ഞെടുപ്പിൽ 402 മണ്ഡലങ്ങളിലായി 489 അംഗങ്ങളെ തിരഞ്ഞെടുത്തു. രണ്ടേകാല്‍ ലക്ഷം ബൂത്തുകൾ അന്ന് സജ്ജീകരിക്കുകയുണ്ടായി. ഓരോ സ്ഥാനാര്‍ഥിക്കും അവരുടെ ചിഹ്നങ്ങൾ പതിച്ച ബോക്‌സുകളായിരുന്നു. സീൽ പതിച്ച ബാലറ്റ് നിക്ഷേപിക്കേണ്ടിയിരുന്നത് ഈ ബോക്സുകളിലായിരുന്നു.

14 ദേശീയ പാര്‍ട്ടികളും 64 പ്രാദേശിക കക്ഷികളും ആദ്യ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. ഇന്ത്യൻ നാഷനൽ കോൺഗ്രസ്സ്, കമ്യൂണിസ്റ്റ് പാർട്ടി ഒാഫ് ഇന്ത്യ, ജനസംഘം, കിസാന്‍ മസ്ദൂര്‍ പ്രജാപരിഷത്, സോഷ്യലിസ്റ്റ് പാര്‍ട്ടി തുടങ്ങിയവയായിരുന്നു പ്രധാന രാഷ്‌ട്രീയ കക്ഷികള്‍. ബി ആര്‍ അംബേദ്കറുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും രംഗത്തുണ്ടായിരുന്നു. ആകെയുള്ള 489ല്‍ 364 സീറ്റ് (44- 99 ശതമാനം വോട്ട്) നേടി ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു പ്രതിപക്ഷം -16 സീറ്റ്. സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് 12 സീറ്റും ലഭിച്ചു. ജനസംഘം 3, കിസാന്‍ മസ്ദൂര്‍ പ്രജാ പരിഷത് 9, ആർ എസ് പി 3 എന്നിങ്ങനെ മറ്റു കക്ഷികളും. സ്വതന്ത്രര്‍ക്ക് 37 സീറ്റും ലഭിച്ചു.

ആദ്യ ലോക്സഭ നിലവിൽ വന്നത് 1952 ഏപ്രില്‍ 17 നാണ്. രണ്ടാം ലോക്സഭാ തിരഞ്ഞെടുപ്പ് നടന്ന 1957ലും തിരഞ്ഞെടുപ്പ് കമ്മീഷണർ സുകുമാർ സെൻ ആയിരുന്നു. 1958 ഡിസംബറിൽ അദ്ദേഹം വിരമിച്ചു. കാര്യക്ഷമമായി ഇന്ത്യയിൽ തിരഞ്ഞെടുപ്പ് നടത്തിയ സുകുമാർ സെന്നിന്റെ സേവനം പിന്നീട് സുഡാനടക്കമുള്ള രാജ്യങ്ങൾ ഉപയോഗപ്പെടുത്തുകയുണ്ടായി. സുഡാനിലെ പ്രഥമ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുകുമാർ സെൻ നിയമിക്കപ്പെട്ടു.

കഴിഞ്ഞ ഏഴ് ദശകത്തിനിടയിൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് രംഗത്ത് ചില പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് ചട്ടങ്ങളിൽ എൺപത് ശതമാനവും രാജ്യം പിന്തുടരുന്നത് സുകുമാർ സെൻ നടപ്പിലാക്കിയ ചട്ടങ്ങളാണ്. 1963 മെയ് 13ന് അദ്ദേഹം മരണപ്പെട്ടു. ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന് അവകാശപ്പെടുമ്പോൾ ആ രാജപാത വെട്ടിത്തെളിച്ച സുകുമാർ സെന്നിനു രാജ്യം അർഹതപ്പെട്ട അംഗീകാരം നൽകിയോ എന്ന ചോദ്യം അവശേഷിക്കുന്നു. അദ്ദേഹത്തിന് രാജ്യം പത്മഭൂഷൻ നൽകിയ കാര്യം വിസ്മരിക്കുന്നില്ല.

Latest