Pathanamthitta
നിയന്ത്രണം വിട്ട ജീപ്പ് വാഹനങ്ങളിലിടിച്ച് കടയിേലക്ക് ഇടിച്ചുകയറി; യുവാവിന് ഗുരുതര പരുക്ക്
സിവില്‍ സപ്ലൈസ് വകുപ്പ് ജീവനക്കാരനാണ് ഗുരുതര പരുക്കേറ്റ മിലാഷ് ഖാൻ. മറ്റൊരു സ്കൂട്ടർ യാത്രികക്കും പരുക്ക
പന്തളം | എം സി റോഡില്‍ കുരമ്പാല പാറമുക്ക് ജങ്ഷനില്‍ നിയന്ത്രണം വിട്ട ജീപ്പ് ഇടിച്ച് ഇരുചക്രവാഹന യാത്രിക്കരായ രണ്ട് പേര്‍ക്ക് പരുക്ക്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന സിവില്‍ സപ്ലൈസ് വകുപ്പ് ജീവനക്കാരന്‍ കൊല്ലം ചിതറ കൈപ്പറ്റ സീനത്ത് മന്‍സിലില്‍ മിലാഷ്ഖാന്‍ (24), സ്‌കൂട്ടര്‍ യാത്രികയായിരുന്ന മാന്തുക മേമന മൂടിയില്‍ ആര്യ (31) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇടിയുടെ ആഘാതത്തില്‍ മിലാഷ്ഖാന് തലക്കേറ്റ പരുക്ക് ഗുരുതരമാണ്. അതിനാല്‍ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്തളത്ത് നിന്നും അടൂര്‍ ഭാഗത്തേക്ക് പോയ ജീപ്പ് നിയന്ത്രണം വിട്ട് അടൂരില്‍ നിന്നും പന്തളം ഭാഗത്തേക്ക് വരികയായിരുന്ന കാറിലും പിന്നീട് ഇരുചക്ര വാഹനങ്ങളിലും ഇടിച്ച ശേഷം സമീപത്തെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
അപകടസമയത്ത് കട അടഞ്ഞുകിടന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. എന്നാല്‍, കടയ്ക്കുള്ളിലെ സാധനങ്ങള്‍ക്ക് കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. തിരുവനന്തപുരം വെഞ്ഞാറുമൂട് സ്വദേശിയായ ഡോ. ആനന്ദ് ആണ് ജീപ്പ് ഓടിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. റോഡിന്റെ ഇടതുവശം ചേര്‍ന്ന് വന്നിരുന്ന ജീപ്പ് പെട്ടെന്ന് എതിര്‍ദിശയിലേക്ക് കടന്ന് അപകടത്തില്‍പ്പെടുന്നതായാണ് സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. പന്തളം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.