Connect with us

ipl 2022

ഐ പി എല്ലില്‍ ടീമിനെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടമകളും രംഗത്ത്

അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്ലേസര്‍ കുടുംബം അടുത്ത സീസണില്‍ ഫ്രാഞ്ചൈസി സ്വന്തമാക്കാനുള്ള ടെന്‍ഡര്‍ ഇന്‍വിറ്റേഷന്‍ വാങ്ങിയിട്ടുണ്ടെന്നാണ് വിവരം

Published

|

Last Updated

മുംബൈ | ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അടുത്ത സീസണിലേക്ക് ടീമിനെ സ്വന്തമാക്കാന്‍, ലോകത്തിലെ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉണ്ടെന്ന് കരുതപ്പെടുന്ന ഫുട്‌ബോള്‍ ക്ലബ് ആയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഉടമകളും രംഗത്ത്. യുണൈറ്റഡിന്റെ ഉടമകളായ ഗ്ലേസര്‍ കുടംബവും ടീമിനായി രംഗത്തുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്ലേസര്‍ കുടുംബം അടുത്ത സീസണില്‍ ഫ്രാഞ്ചൈസി സ്വന്തമാക്കാനുള്ള ടെന്‍ഡര്‍ ഇന്‍വിറ്റേഷന്‍ വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. ഒരു പ്രൈവറ്റ് ഇക്വിറ്റി കമ്പനി വഴിയാണ് ഇവര്‍ ഇത് സ്വന്തമാക്കിയത്.

3,000 കോടി വാര്‍ഷിക വരുമാനമുള്ള കമ്പനികള്‍ക്കോ, 2,500 കോടി രൂപയുടെ സ്ഥിരവരുമാനമുള്ള വ്യക്തികള്‍ക്കോ ആണ് ടീമുകള്‍ക്കായി ടെന്‍ഡറില്‍ പങ്കെടുക്കാനുള്ള അവസരം. ടീമിനെ സ്വന്തമാക്കുന്ന വിദേശ കമ്പനികള്‍ അതിന് ശേഷം രാജ്യത്ത് ഒരു കമ്പനി രജിസ്റ്റര്‍ ചെയ്യണം എന്ന നിബന്ധനയും ബി സി സി ഐ മുന്നോട്ട് വെച്ചിരുന്നു. അതിനാല്‍ ലേലത്തില്‍ പങ്കെടുക്കുന്നതിന് മാഞ്ചസ്റ്റര്‍ ഉടമകള്‍ക്ക് നിലവില്‍ തടസ്സങ്ങളില്ല.

അദാനി ഗ്രൂപ്പ്, ടോറന്റ് ഫാര്‍മ, അരബിന്ദോ ഫാര്‍മ, ആര്‍ പി സഞ്ജീവ് ഗോയങ്ക, ഹിന്ദുസ്ഥാന്‍ ടൈംസ് മീഡിയ, ജിന്‍ഡാല്‍ സ്റ്റീല്‍, വ്യവസായി റോണി സ്‌ക്രൂവ്വാല, മൂന്ന് പ്രൈവറ്റ് ഇക്വിറ്റി കമ്പനികള്‍ എന്നിവരാണ് നിലവില്‍ ടീമുകള്‍ക്കായി രംഗത്തുള്ളത്. ഇന്നലെയായിരുന്നു ടെന്‍ഡറിനുള്ള രേഖകള്‍ ബി സി സി ഐയില്‍ നിന്നും വാങ്ങാനുള്ള അവസാന ദിവസം. പുതിയ ടീമുകള്‍ അഹമ്മദാബാദ്, ലക്‌നോ, ഗുവാഹതി, കട്ടക്, ഇന്‍ഡോര്‍, ദര്‍മ്മശാല എന്നിവയില്‍ ഏതെങ്കിലും സ്‌റ്റേഡിയങ്ങള്‍ കേന്ദ്രീകരിച്ച് ഉണ്ടാവാനാണ് സാധ്യത.

ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 25 നാണ്. അതിന് ശേഷം ടീമിനായി രംഗത്തുള്ളത് ആരൊക്കെയാണ് എന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.

Latest