Kerala
യു ഡി എഫ് തകര്‍ച്ചയുടെ വേഗത വര്‍ധിച്ചു: എ വിജയരാഘവന്‍
പരസ്പരം തര്‍ക്കിക്കുന്ന പാര്‍ട്ടിയെ സെമി കേഡര്‍ പാര്‍ട്ടിയെന്ന് പറയുന്നത് പരിഹാസ്യം
തിരുവനന്തപുരം | ഉള്‍പാര്‍ട്ടി ജനാധിപത്യമില്ലായ്മ കോണ്‍ഗ്രസിന്റെ മുഖമുദ്രയായിമാറിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഡി സി സി അധ്യക്ഷസ്ഥാനം തീരുമാനിച്ചതിന് ശേഷം ഇത് രൂക്ഷമായിരിക്കുകയാണ്. യു ഡി എഫിന്റെ തകര്‍ച്ചയുടെ വേഗം വര്‍ധിച്ചുവെന്നും വിജയരാഘവന്‍ പറഞ്ഞു. കര്‍ണാടകയില്‍ ബി ജെ പിക്ക് സര്‍ക്കാറുണ്ടാക്കാന്‍ അവസരമായത് കോണ്‍ഗ്രസിലെ തര്‍ക്കങ്ങളായിരുന്നു. ദേശീയതലത്തില്‍ ശക്തി ചോര്‍ന്നപ്പോഴും കോണ്‍ഗ്രസ് പിടിച്ചുനിന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ ഇപ്പോള്‍ ഇവിടെയും സ്ഥിതിമാറി.
തിരഞ്ഞെടുക്കപ്പെട്ട ഒരു നേതാവുമില്ലാത്ത പാര്‍ട്ടിയാണ് ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ്. ഈ തര്‍ക്കങ്ങള്‍ അനന്തമായി മുന്നോട്ടുപോകും. പരസ്പരം തര്‍ക്കിക്കുന്ന പാര്‍ട്ടിക്ക് സെമി കേഡര്‍ പാര്‍ട്ടി എന്ന പേര് നല്‍കിയത് പരിഹാസ്യമാണ്.
ആറ് ലക്ഷം കോടിയുടെ സ്വകാര്യവത്ക്കരണത്തിലേക്കാണ് കേന്ദ്രം കടന്നുകൊണ്ടിരിക്കുന്നത്. ലക്ഷക്കണക്കിന് കോടിരൂപ വിറ്റഴിക്കലിലൂടെ നേടുക എന്ന നിലയിലേക്ക് അവര്‍ പോയി. നാളെ തെരുവിലൂടെ നടക്കാനും പണം കൊടുക്കേണ്ട അവസ്ഥയിലേക്ക് സാഹചര്യങ്ങള്‍ എത്തും. കേന്ദ്രത്തിനെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ല. എന്നാല്‍ സിപിഐഎം കൃത്യമായ നിലപാട് സ്വീകരിച്ചാണ് മുന്നോട്ടുപോകുന്നത്. സെപ്തംബര്‍ ഒമ്പതിന് പതിനായിരക്കണക്കിന് കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.