Connect with us

National

പേജറിന് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; ലെബനാനിൽ മൂന്ന് മരണം

ബെയ്റൂത്തിലെ ഹിസ്ബുല്ല ശക്തികേന്ദ്രങ്ങളിലാണ് വാക്കി ടോക്കികൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ചത്

Published

|

Last Updated

ബെയ്റൂട്ട് | ലെബനനിലുടനീളം പേജറുകൾ പൊട്ടിത്തെറിച്ച് ഒൻപത് പേർ കൊല്ലപ്പെടുകയും മുവായിരത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെ ബെയ്റൂത്തിൽ വാക്കി ടോക്കികളും പൊട്ടിത്തെറിച്ചതായി റിപ്പോർട്ട്. ബെയ്റൂത്തിലെ ഹിസ്ബുല്ല ശക്തി കേന്ദ്രങ്ങളിലാണ് വാക്കി ടോക്കികൾ പൊട്ടിത്തെറിച്ചത്. മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. എത്ര വാക്കി-ടോക്കികൾ പൊട്ടിത്തെറിച്ചുവെന്ന് ഇതുവരെ അറിവായിട്ടില്ല. മരണസംഖ്യ ഉയരാനിടയുണ്ട്.

ഇന്നലെയാണ് ലെബനാനിലെ ഹിസ്ബുല്ല ശക്തികേന്ദ്രങ്ങളിൽ ആയിരക്കണക്കിന് പേജർ ഡിവൈസുകൾ ഒരേസമയം പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 2,800 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് സ്ഥിരീകരിച്ചു. മുഖത്തും കൈകളിലും വയറ്റിലുമാണ് മുറിവുകളെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ നടന്ന പേജർ സംഭവത്തിൽ ലെബനനിലെ തങ്ങളുടെ സ്ഥാനപതി മൊജ്തബ അമാനിക്കും പരിക്കേറ്റതായി ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു.

ഇസ്റാഈൽ ചാരസംഘടനയായ മൊസാദാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലബനാൻ ആരോപിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് ഹിസ്ബുല്ല ഇറക്കുമതി ചെയ്ത പേജറുകളാണ് പൊട്ടിത്തെറിച്ചത്. തായ്‌വാൻ ആസ്ഥാനമായുള്ള ഗോൾഡ് അപ്പോളോയിൽ നിന്നാണ് AR-924 മോഡലിലുള്ള 5000 പേജറുകൾ ഹിസ്ബുല്ല വാങ്ങിയത്. ഈ പേജറുകളിൽ ഇസ്റാഈൽ ചാര ഏജൻസി മൊസാദ് സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. മൂന്ന് ഗ്രാം സ്‌ഫോടക വസ്തുക്കളാണ് പേജറിൽ സ്ഥാപിച്ചിരുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

മാസങ്ങൾ നീണ്ട ശ്രമങ്ങൾക്ക് ഒടുവിലാണ് മൊസാദ് ആക്രമണ പദ്ധതി തയ്യാറാക്കിയത്. ട്രിഗർ ആക്ടിവേറ്റ് ചെയ്യുകയും ഒരു കോഡ് വേഡ് അയച്ചപ്പോൾ മൂവായിരത്തോളം പേജറുകൾ ഒരുമിച്ച് പൊട്ടിത്തെറിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് വിവരം. ഹിസ്ബുല്ലയുടെ കണ്ണുവെട്ടിച്ച് പേജറുകളിൽ ഈ സംവിധാനം മൊസ്സാദ് എങ്ങനെ ഒരുക്കി എന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവരേണ്ടതുണ്ട്.

---- facebook comment plugin here -----

Latest