International
പേജറുകൾ പൊട്ടിത്തെറിച്ചു; ലെബനാനിൽ എട്ട് മരണം; 3000 ത്തോളം ഹിസ്ബുല്ല പോരാളികൾക്ക് പരിക്ക്
ആശയവിനിമയ ഉപകരണം ഇസ്റാഈൽ ഹാക്ക് ചെയ്തെന്ന് സംശയം
ബെയ്റൂത്ത് | ലെബനാനിൽ ആശയവിനിമയ ഉപകരണമായ പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് എട്ട് ഹിസ്ബുല്ല പോരാളികൾ മരിച്ചു. 2750ൽ അധികം ആളുകൾക്ക് പരുക്ക്. തലസ്ഥാന നഗരിയായ ബെയ്റൂത്തിലും സമീപപ്രദേശങ്ങളിലുമാണ് സ്ഫോടനങ്ങളുണ്ടായത്. പരിക്കേറ്റവരിൽ മെഡിക്കൽ പ്രവർത്തകരും ഉൾപ്പെടുന്നു. ഇസ്റാഈലുമായി ബന്ധപ്പെട്ട് ഒരു വർഷമായി തുടരുന്ന സംഘർഷങ്ങൾക്കിടയിൽ ഇതാദ്യമായാണ് ഇത്രയും വലിയ സുരക്ഷാ ലംഘനം ഉണ്ടാകുന്നതെന്ന് പേര് വെളിപ്പെടുത്താത്ത ഹിസ്ബുല്ല വക്താവ് പറഞ്ഞു.
ബെയ്റൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ആംബുലൻസുകൾ പാഞ്ഞുപോകുന്നതും ആളുകൾ ഭയന്നോടുന്നതും കാണാനായെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ആദ്യ സ്ഫോടനം നടന്ന് അരമണിക്കൂറിന് ശേഷം വീണ്ടും സ്ഫോടനങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. ലെബനാനിലെ തെക്കൻ പ്രദേശങ്ങളിലും ഉപകരണങ്ങൾ പൊട്ടിത്തെറിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വിവരങ്ങൾ ചോരാതിരിക്കാൻ മൊബൈൽ ഫോണുകൾ വരുന്നതിന് മുമ്പ് പ്രചാരത്തിലുണ്ടായിരുന്ന പേജർ സംവിധാനാമണ് ഹിസ്ബുല്ല പോരാളികൾ ഉപയോഗിക്കുന്നത്. ഡിവൈസുകൾ കൂട്ടത്തോടെ പൊട്ടിത്തെറിക്കാൻ കാരണമെന്താണെന്ന് വ്യക്തമല്ല. ഡിവൈസിന് സ്വയം കേടുപാടുകൾ വരുന്ന വിധത്തിൽ നേരത്തെ തന്നെ എന്തെങ്കിലും കൃത്രിമം വരുത്തിയിരുന്നോ എന്നാണ് അന്വേഷിക്കുന്നത്. ഉപകരണം ഇസ്റാഈൽ ഹാക്ക് ചെയ്തെന്നും സംശയിക്കുന്നുണ്ട്.
ഗസ്സാ യുദ്ധത്തിന് സമാന്തരമായി കഴിഞ്ഞ ഒക്ടോബർ മുതൽ ഹിസ്ബുല്ലയുമായി ഏറ്റുമുട്ടുന്ന ഇസ്റാഈൽ സൈന്യം സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.