Connect with us

FIRE

കോന്നിയില്‍ പെയിന്റ് ഗോഡൗണിന് തീപിടിച്ചു

വൈദ്യുതി ബന്ധം ഇല്ലാത്ത ഗോഡൗണില്‍ തീപിടിച്ചതില്‍ ദുരൂഹതയുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടു പോലെ തീ പിടിക്കാന്‍ ഒരു കാരണവും കണ്ടെത്താന്‍ കഴിഞ്ഞില്ല

Published

|

Last Updated

കോന്നി | കോന്നി ടൗണിലെ പെയിന്റ് ഗോഡൗണിന് തീപിടിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് വിവരം. രണ്ട് ബൈക്കുകള്‍ കത്തിനശിച്ചു. സെന്‍ട്രല്‍ ജങ്ഷന്‍ ആന കൂട് റോഡിനു സമീപം മാങ്കുളം റോഡിലാണ് വൈകിട്ട് നാലോടെ, അടച്ചിട്ടിരുന്ന ഇരുനില കെട്ടിടത്തിനുള്ളിലെ പെയിന്റ് ശേഖരത്തിനാണ് തീപിടിച്ചത്.

ജങ്ഷനിലെ ശ്രീലക്ഷ്മി പെയിന്റ് ഹൗസിന്റെ ഗോഡൗണായി പ്രവര്‍ത്തിച്ചിരുന്ന പുതിയ ഇരുനില കെട്ടിടത്തിനാണ് തീ പിടിച്ചത്. പത്തനംതിട്ടയില്‍ നിന്നും എത്തിയ അഗ്നിശമന സേനയാണ് മണിക്കൂറുകള്‍ക്ക് ശേഷം തീപൂര്‍ണമായും അണച്ചത്. കെട്ടിടത്തില്‍ നിന്നും ഉയര്‍ന്ന കനത്ത കറുത്ത പുക സമീപവാസികളില്‍ ഭീതി പടര്‍ത്തിയിരുന്നെങ്കിലും സമീപത്തെ കെട്ടിടങ്ങളിലേക്കോ വീടുകളിലേക്കോ തീ പടരാതിരുന്നത് വന്‍ അപകടം ഒഴിവാകാന്‍ കാരണമായി.

സമീപത്തെ കെട്ടിടത്തിനു മുകളില്‍ വാടകയ്ക്ക് താമസിച്ചിരുന്ന തൊഴിലാളിക്ക് കനത്ത പുക കാരണം ഏറെ നേരം താഴേക്ക് എത്തുവാന്‍ കഴിഞ്ഞില്ല. ഗോഡൗണിന്റെ വരാന്തയില്‍ ഉണ്ടായിരുന്ന മൈലപ്ര മണ്ണില്‍ മേലേതില്‍ ലിജിന്‍ എം ജോയിയുടെ ഹോണ്ട ഡിയോ സ്‌കൂട്ടര്‍, തമിഴ്നാട് സ്വദേശിയുടെ എം 80 സ്‌കൂട്ടര്‍ എന്നിവയാണ് പൂര്‍ണമായും കത്തിനശിച്ചത്.

കെട്ടിടത്തിന്റെ ഇരുനിലകളിലുമായി സൂക്ഷിച്ചിരുന്ന 30 ലക്ഷത്തോളം രൂപയുടെ പെയിന്റ് സാധനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. വൈദ്യുതി ബന്ധം ഇല്ലാത്ത ഗോഡൗണില്‍ തീപിടിച്ചതില്‍ ദുരൂഹതയുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടു പോലെ തീ പിടിക്കാന്‍ ഒരു കാരണവും കണ്ടെത്താന്‍ കഴിഞ്ഞില്ല.