National
അധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ച വിദ്യാർഥിക്ക് രാത്രി ഉറക്കമില്ലെന്ന് മാതാപിതാക്കൾ
കുടുംബം സമ്മതിച്ചാൽ കുട്ടിയെ സർക്കാർ പബ്ലിക് സ്കൂളിൽ പ്രവേശിപ്പിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്
ലക്നോ | ഉത്തർപ്രദേശിൽ അധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ച രണ്ടാം ക്ലാസ് വിദ്യാർഥിക്ക് രാത്രി ഉറക്കമില്ലെന്ന് കുട്ടിയുടെ മാതാപിതാക്കൾ. ഇതേ തുടർന്ന് കുട്ടിയെ വൈദ്യപരിശോധനക്കായി ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ വിദ്യാർഥിക്ക് കുഴപ്പം ഒന്നും കാണാത്തതിനാൽ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
രാത്രി മുഴുവൻ ഉറക്കം ലഭിക്കാതെ കുട്ടി പ്രയാസപ്പെട്ടതായി മാതാപിതാക്കൾ പറയുന്നു. പലരും കുട്ടിയോട് സംഭവത്തെകുറിച്ച് തുടരെ അന്വേഷിക്കുന്നതാണ് അസ്വസ്ഥതക്ക് കാരണമെന്നാണ് ഡോക്ടർ പറയുന്നതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. കുട്ടിയെ തല്ലിച്ച അധ്യാപികയുമായി ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കുടുംബം സമ്മതിച്ചാൽ കുട്ടിയെ സർക്കാർ പബ്ലിക് സ്കൂളിൽ പ്രവേശിപ്പിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.
മുസാഫർ നഗറിലെ ഖബ്ബാപൂർ ഗ്രാമത്തിലെ നേഹ സ്കൂളിലാണ് വിദ്യാർഥിയെ അധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ചത്. മുസ്ലിം വിദ്യാർഥിയെ അന്യ മതസ്ഥരായ വിദ്യാർഥികളെ കൊണ്ടു തല്ലിച്ചുവെന്നാണ് പരാതി. അധ്യാപിക തൃപ്ത ത്യാഗിയാണ് മുസ്ലിം വിദ്യാര്‍ഥിയെ ഹിന്ദു വിദ്യാര്‍ഥികളെ കൊണ്ട് മര്‍ദിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ക്ലാസില്‍ ടീച്ചറുടെ സമീപം നിര്‍ത്തിയ വിദ്യാര്‍ഥിയെ നിലത്തിരിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്ന് ഓരോരുത്തരായി എഴുന്നേറ്റ് വന്ന് അടിക്കുന്നതാണ് വീഡിയോയിലുള്ളത്. അടികിട്ടിയ കുട്ടി വിതുമ്പിക്കരയുന്നതും ദൃശ്യങ്ങളില്‍ കാണാം.