kerala budget 2024
ക്ഷേമ പെൻഷൻ വർധനയില്ല; പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കും
മറ്റു സംസ്ഥാനങ്ങളിലെ പെൻഷൻ പദ്ധതി പഠിക്കാൻ മൂന്നംഗ സമിതിയെ നിയോഗിക്കും
തിരുവനന്തപുരം | സംസ്ഥാനത്ത് ഇത്തവണ ക്ഷേമപെൻഷനുകളിൽ വർധനയില്ല. പെൻഷൻ 1600 രൂപയായി തുടരും. എന്നാൽ നിലവിലെ ക്ഷേമപെൻഷൻ കൃത്യമായി വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. പെൻഷൻ കുടിശ്ശികയ്ക്ക് കാരണം കേന്ദ്ര സർക്കാറാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്നും ധനമന്ത്രി അറിയിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരം പുതിയ പെൻഷൻ പദ്ധതി നടപ്പാക്കും. മറ്റു സംസ്ഥാനങ്ങളിലെ പെൻഷൻ പദ്ധതി പഠിക്കാൻ മൂന്നംഗ സമിതിയെ നിയോഗിക്കും. പങ്കാളിത്ത പെൻഷൻ പദ്ധതിക്കായി കേന്ദ്ര സർക്കാർ നൽകിയ തുക മടക്കി നൽകുമെന്നും മന്ത്രി പറഞ്ഞു.
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നത് പദ്ധതി നടപ്പാക്കിയത് മുതൽ ജീവനക്കാരുടെ ആവശ്യമാണ്. പങ്കാളിത്ത പെൻഷൻകൊണ്ട് കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് വലിയ നേട്ടമില്ലെന്ന് പുന:പരിശോധനാ സമിതി കണ്ടെത്തുകയും ചെയ്തിരുന്നു.
ജീവനക്കാരുടെ വിഹിതവും തത്തുല്യമായ സർക്കാർ വിഹിതവും ചേർത്ത് രൂപവത്കരിക്കുന്ന ഫണ്ടിൽ നിന്ന് പെൻഷൻ നൽകുന്ന രീതിയാണ് പങ്കാളിത്ത പെൻഷൻ. 2004 ലാണ് കേന്ദ്രം പുതിയ പങ്കാളിത്ത പെൻഷൻ സമ്പ്രദായം കൊണ്ടുവന്നത്. 2004 മുതൽ സൈന്യത്തിലേതൊഴികെയുള്ള കേന്ദ്രനിയമനങ്ങൾക്ക് ഇത് ബാധകമാക്കി. ഇത് എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കാൻ നിർബന്ധിക്കുകയും ചെയ്തു.