Kerala
പാര്‍ട്ടി തന്നെ മനസിലാക്കിയില്ല, എല്‍ ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ പ്രയാസം; ഇ പി ജയരാജന്റെ ആത്മകഥ ഭാഗങ്ങള്‍ പുറത്ത്
താന്‍ എഴുതാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആര്‍ക്കും അനുമതി കൊടുത്തിട്ടില്ലെന്നും കവര്‍ ചിത്രം പോലും തയാറാക്കിയിട്ടില്ലെന്നുമാണ് ഇ പിയുടെ പ്രതികരണം
തിരുവനന്തപുരം| വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് പോളിംഗ് ദിനത്തില്‍ മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജന്റെ ആത്മകഥ ‘കട്ടന്‍ ചായയും പരിപ്പ് വടയും’ ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്ന ആത്മകഥ വിവാദത്തില്‍. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും തന്നെ മാറ്റിയതില്‍ പ്രയാസമുണ്ടെന്നും പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ലെന്നുമടക്കം ജയരാജന്റെ ആത്മകഥയിലെ ഭാഗങ്ങള്‍ പുറത്ത് വന്നു.
പുസ്തകത്തില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ വളരെ ദുര്‍ബലമാണെന്നും പറയുന്നുണ്ട്. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂട്ടിക്കാഴ്ച്ച വിവാദമാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആത്മക്കഥയില്‍ പരാമര്‍ശിക്കുന്നുണ്ട്. പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി പി സരിനെതിരെ കടുത്ത വിമര്‍ശനവും പുസ്തകത്തില്‍ ഉന്നയിക്കുന്നുണ്ട്. സരിന്‍ അവസര വാദിയാണ്. സ്വതന്ത്രര്‍ വയ്യാവേലി ആകുന്നത് ഓര്‍ക്കണം. ഇ എം എസ് തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. പിവി അന്‍വറിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് സരിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ഇപി വിമര്‍ശിക്കുന്നത്. ഡി സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
എന്നാല്‍ താന്‍ എഴുതാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആര്‍ക്കും അനുമതി കൊടുത്തിട്ടില്ലെന്നും കവര്‍ ചിത്രം പോലും തയാറാക്കിയിട്ടില്ലെന്നുമാണ് ഇ പിയുടെ പ്രതികരണം. ഡി സി ബുക്‌സിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇപി ജയരാജന്‍ പറഞ്ഞു. ഇ എം എസ് നമ്പൂതിരിപ്പാടിനൊപ്പമുള്ള ഇ പി ജയരാജന്റെ കവര്‍ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.