resignation
ചെയർപേഴ്സണെ മാറ്റണമെന്ന ആവശ്യം പാർട്ടി തള്ളി; പന്തളം നഗരസഭയിലെ പാര്‍ലിമെന്ററി ലീഡര്‍ സ്ഥാനം ബി ജെ പി നേതാവ് രാജിവെച്ചു
ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷ് അസഭ്യ വര്‍ഷം നടത്തിയതിനെ തുടര്‍ന്ന് കെ വി പ്രഭ പാര്‍ട്ടിയുമായി അകല്‍ച്ചയില്‍ ആയിരുന്നു.

പന്തളം | പന്തളം നഗരസഭയിലെ ബി ജെ പി പാര്‍ലിമെന്ററി ലീഡര്‍ സ്ഥാനം കെ വി പ്രഭ രാജിവെച്ചു. ബി ജെ പി ഭരിക്കുന്ന പന്തളം നഗരസഭയില്‍ കഴിഞ്ഞ ആഗസ്റ്റ് രണ്ടാം തീയതി ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷ് അസഭ്യ വര്‍ഷം നടത്തിയതിനെ തുടര്‍ന്ന് കെ വി പ്രഭ പാര്‍ട്ടിയുമായി അകല്‍ച്ചയില്‍ ആയിരുന്നു. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
ബി ജെ പി ജില്ലാ സെക്രട്ടറി കൂടിയായ പ്രഭ സംഭവത്തില്‍ ചെയര്‍പേഴ്‌സണെ തത്സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചെങ്കിലും അനുകൂലമായ നിലപാട് സ്വീകരിക്കാത്തതില്‍ അമര്‍ഷത്തിലായിരുന്നു. ശനിയാഴ്ച രാത്രിയോടെ ജില്ലാ പ്രസിഡന്റ് വി എ സൂരജിന് വാട്‌സാപ്പിലൂടെയാണ് രാജിക്കത്ത് നല്‍കിയത്. പാര്‍ട്ടി നേതൃത്വം ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
എന്നാല്‍ ഒരു കെട്ടിടത്തിന്റെ നഷ്ടപ്പെട്ട ഫയല്‍ വീണ്ടും നഗരസഭയില്‍ എത്തിയതില്‍ സുരക്ഷിതത്വമില്ലായ്മയുണ്ടെന്നും അസമയങ്ങളില്‍ നഗരസഭയില്‍ ജനപ്രതിനിധികള്‍ എത്തുന്നത് പലതവണ കമ്മിറ്റിയില്‍ ഉന്നയിച്ചിട്ടും ഉചിതമായ നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ചാണ് പാര്‍ലിമെന്റ് പാര്‍ട്ടിയുടെ സ്ഥാനം രാജിവെക്കുന്നത് കെ വി പ്രഭ പറഞ്ഞു.