National
വിമാനം വൈകുമെന്ന അറിയിപ്പിന് പിന്നാലെ പൈലറ്റിനെ മര്‍ദിച്ച് യാത്രികന്‍
ഡല്‍ഹിയിലെയും കൊല്‍ക്കത്തയിലെയും മോശം കാലാവസ്ഥ വിമാന ഷെഡ്യൂളുകളെ കൂടുതല്‍ ബാധിക്കുമെന്ന് പ്രമുഖ വിമാനക്കമ്പനികള്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്
ന്യൂഡല്‍ഹി | ഇന്‍ഡിഗോ വിമാനത്തിലെ പൈലറ്റിനെ മര്‍ദിച്ച് യാത്രക്കാരന്‍.വിമാനം വൈകുന്നത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് പൈലറ്റിനു നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലാകെ പ്രചരിക്കുന്നുണ്ട്. ഞായറാഴ്ച ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്കുള്ള ഇന്‍ഡിഗോ വിമാനം (6E-2175) മൂടല്‍മഞ്ഞ് കാരണം മണിക്കൂറുകളോളം വൈകിയതാണ് പ്രശ്‌നത്തില്‍ കലാശിച്ചത്.പൈലറ്റിനെ മര്‍ദിച്ച സഹില്‍ കതാരിയ എന്ന യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കെതിരെ പൈലറ്റ് പരാതി നല്‍കുകയും ചെയ്തു. ഔദ്യോഗികമായി യാത്രക്കാരനെതിരെ കേസ് ഫയല്‍ ചെയ്യാനുള്ള നീക്കത്തിലാണ് എയര്‍ലൈന്‍.
മഞ്ഞ നിറത്തിലുള്ള ഹൂഡി ധരിച്ച യാത്രക്കാരന്‍ പെട്ടെന്ന് അവസാന നിരയില്‍ നിന്ന് ഓടിയെത്തി, കോ-ക്യാപ്റ്റന്‍ അനുപ് കുമാറിനെ അടിക്കുന്നത് വൈറല്‍ ആയ വീഡിയോയില്‍ വ്യക്തമായി കാണാം. സംഭവത്തിന് ശേഷം സഹില്‍ കതാരിയയെ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന് കൈമാറിയതായി അധികൃതര്‍ അറിയിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ താളം തെറ്റിയ നിലയിലാണ്.
മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്ന് 110 വിമാനങ്ങള്‍ വൈകുകയും 79 വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഉത്തരേന്ത്യയിലെ ഇടതൂര്‍ന്ന മൂടല്‍മഞ്ഞ് ഉള്‍പ്പെടെയുള്ള പ്രതികൂല കാലാവസ്ഥ കാരണം ഇന്നലെ, ഡല്‍ഹി വിമാനത്താവളത്തില്‍ വരുന്നതും പുറപ്പെടുന്നതുമായ നിരവധി വിമാനങ്ങള്‍ കടുത്ത കാലതാമസം നേരിട്ടിരുന്നു . ചില വിമാനങ്ങള്‍ ഏഴോ എട്ടോ മണിക്കൂറിലധികം വൈകിയിരുന്നു.
ഡല്‍ഹിയിലെയും കൊല്‍ക്കത്തയിലെയും മോശം കാലാവസ്ഥ വിമാന ഷെഡ്യൂളുകളെ കൂടുതല്‍ ബാധിക്കുമെന്ന് ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, വിസ്താര തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികള്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്