VIZHINJAM
വിഴിഞ്ഞം പ്രദേശത്തെ ജനങ്ങള്‍ക്കാണ് എല്ലാ പങ്കും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാ ശക്തികൊണ്ടാണ്.
തിരുവനന്തപുരം| വിഴിഞ്ഞം പദ്ധതി പിണറായി സര്‍ക്കാര്‍ പൊടി തട്ടിയെടുത്ത് യാഥാര്‍ത്ഥ്യമാക്കിയെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാ ശക്തികൊണ്ടാണ്. ഉമ്മന്‍ ചാണ്ടി കരാറില്‍ ഒപ്പ് വെച്ചു, പക്ഷേ പ്രവര്‍ത്തനങ്ങള്‍ പല കാരണങ്ങളാല്‍ വൈകി. തുടര്‍ന്ന് പദ്ധതി പൊടി തട്ടിയെടുത്തു യാഥാര്‍ത്ഥ്യമാക്കിയത് പിണറായി സര്‍ക്കാരാണെന്ന് മന്ത്രി പറഞ്ഞു.
പ്രയാസ ഘട്ടങ്ങളില്‍ പോലും തുക നല്‍കി. ഒരാളുടെ പേര് മാത്രം നല്‍കുന്നത് മറ്റുള്ളവരോട് ചെയ്യുന്ന അനീതിയാണ്. വിഴിഞ്ഞം പ്രദേശത്തെ ജനങ്ങള്‍ക്കാണ് എല്ലാ പങ്കും. അത് കൊണ്ടാണ് വിഴിഞ്ഞം പോര്‍ട്ട് തിരുവനന്തപുരം എന്ന പേര് നല്‍കിയത്. രാഷ്ട്രീയ താല്പര്യം വെച്ച് പലര്‍ക്കും പലതും പറയാം. പൊതുവികാരം മാത്രമേ സര്‍ക്കാരിന് പരിഗണിക്കാന്‍ കഴിയുകയുള്ളുവെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി.
മത്സ്യതൊഴിലാളികളെ കൂടുതല്‍ പരിഗണിക്കും. സര്‍ക്കാര്‍ സമന്വയത്തിന്റെ പാതയിലാണ്. വലിയ പ്രശ്‌നമുണ്ടാകുമെന്ന് പലരും കരുതി. എന്നാല്‍ സര്‍ക്കാര്‍ മത്സ്യതൊഴിലാളികളുടെ വികാര വിചാരങ്ങള്‍ ഉള്‍ക്കൊണ്ടുവെന്നും മന്ത്രി പറഞ്ഞു. ആവശ്യങ്ങള്‍ ഘട്ടം ഘട്ടമായി പരിഹരിച്ചു വരികയാണ്. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചു മുന്നോട്ടു പോകും. ഏതൊരു പദ്ധതി വരുമ്പോഴും ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണെന്നും അത്തരം ആശങ്കകള്‍ വിഴിഞ്ഞത്ത് ആവശ്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.