Kerala
കുരുതി കൊടുത്തോയെന്ന് ജനം തീരുമാനിക്കും; കേന്ദ്ര -സംസ്ഥാന നേതൃത്വത്തിനെതിരെ കെ മുരളീധരന്‍
പൊതുരംഗത്തുനിന്ന് കുറച്ചുകാലം വിട്ടുനില്‍ക്കുകയാണ്..കോണ്‍ഗ്രസിന്റെ ഒരു കമ്മിറ്റിയിലും പങ്കെടുക്കാന്‍ പോകില്ല.
തൃശൂര്‍ | തൃശൂരിലെ ദയനീയ പരാജയത്തിന് പിറകെ കേന്ദ്ര നേതൃത്വത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തന്റെ പ്രചാരണത്തിനായി ദേശീയ നേതാക്കളാരും തന്നെ പ്രചാരണത്തിന് വന്നില്ല. സുരേഷ്‌ഗോപിക്കായി മൂന്ന് തവണ പ്രധാനമന്ത്രി വന്നു. സുനില്‍കുമാറിന് വേണ്ടി പലയിടത്തും പിണറായി വിജയന്‍ വന്നു. എനിക്കാകെ ഒരു ഡി കെ ശിവകുമാര്‍, അതും രാവിലെ സൂര്യന്‍ കത്തിനിന്ന നേരത്താണ് വന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു
കൂടുതല്‍ പറഞ്ഞിട്ട് കാര്യമില്ല. ദേശീയതല നേതാക്കളടക്കം പ്രചാരണത്തില്‍ നിന്നും വിട്ടുനിന്നു. അടുത്ത തവണ തൃശൂരില്‍ ചെറുപ്പക്കാര്‍ മത്സരിക്കട്ടെ. കോണ്‍ഗ്രസ് സംഘടന സംവിധാനം ആകെ പ്രയാസത്തിലാണ്. അത് മാറ്റിയെടുക്കണമെന്നേ പറയുന്നുള്ളൂ. അത് കാരണം തോറ്റുവെന്ന് പറഞ്ഞാല്‍ ശരിയായ കാര്യമില്ല. തൃശൂരില്‍ എല്‍ ഡി എഫ് ജയിച്ചിരുന്നെങ്കില്‍ തനിക്ക് ദുഃഖം ഉണ്ടാകില്ലായിരുന്നു.
ഇനിയൊരു മത്സരത്തിനില്ല. മത്സരിക്കാനുള്ള മൂഡ് നഷ്ടപ്പെട്ടു. പൊതുരംഗത്തുനിന്ന് കുറച്ചുകാലം വിട്ടുനില്‍ക്കുകയാണ്..കോണ്‍ഗ്രസിന്റെ ഒരു കമ്മിറ്റിയിലും പങ്കെടുക്കാന്‍ പോകില്ല. എന്നാല്‍ കോണ്‍ഗ്രസുമായി ബന്ധം അവസാനിപ്പിക്കില്ല. എന്നും കോണ്‍ഗ്രസുകാരനായി, സാധാരണ പ്രവര്‍ത്തകനായി തുടരും. തല്‍ക്കാലം സംഘടനാ-പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലേക്കില്ലെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു
അടിയൊഴുക്ക് വ്യക്തമാണ്. മുമ്പ് പറഞ്ഞതുപോലെ സിപിഎം-ബിജെപി അന്തര്‍ധാര ഉണ്ടായിട്ടുണ്ടെങ്കിലും അത് വലത്തോട്ടും സഞ്ചരിച്ചിട്ടുണ്ട്. രണ്ടു ഭാഗത്തുനിന്നും വോട്ടുപിടിച്ചു. യുഡിഎഫിന്റെ വോട്ട് ചോര്‍ന്നത് മുഖ്യമായും മുന്‍ വര്‍ഷം കിട്ടിയ രണ്ട് പ്രബല സമുദായങ്ങളുടെ വോട്ടില്‍ വന്ന വിള്ളലാണ്. ദേശീയ നേതൃത്വത്തോട് താനായിട്ട് പരാതി പറയുന്നില്ല. സംസ്ഥാന നേതൃത്വത്തോട് തൃശൂരില്‍ കോ-ഓര്‍ഡിനേഷന്‍ ഇല്ലെന്ന് സൂചിപ്പിച്ചിരുന്നു. ആരെയും കുറ്റം പറഞ്ഞിട്ടില്ല. പക്ഷെ സംസ്ഥാന നേതൃത്വത്തോട് പറഞ്ഞതിന് വേണ്ടത്ര പരിഗണനയുണ്ടായില്ല. വടകരയില്‍ തന്നെ നിന്നാല്‍ ജയിക്കുമായിരുന്നു. കെ മുരളീധരന്‍ എന്ന രാഷ്ട്രീയ നേതാവിനെ കുരുതി കൊടുത്തതാണോ എന്ന് ജനം ഭാവിയില്‍ തീരുമാനിക്കുമെന്നും താനതിന് നിന്നു കൊടുക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു