Connect with us

Travelogue

നിണമണിഞ്ഞ നിമിഷങ്ങൾ

മുറിവിലൂടെ രക്തം ധാരധാരയായൊഴുകി ഹുസൈൻ(റ) അവശനായി. ചുറ്റും കൂടി നിന്ന ശത്രുക്കൾക്ക് യാതൊരു ദയയുമുണ്ടായില്ല. അവർ വീണ്ടും ആ മൃദുല മേനിയിലേക്ക് അമ്പുകളെയ്തു. കൂട്ടത്തിലൊരാൾ അവിടുത്തെ ശിരസ്സിൽ ആഞ്ഞടിച്ചു. മറ്റു ചിലർ തല ഉടലിൽ നിന്ന് വേർപെടുത്തി. വിശ്വസിച്ച ജനത തന്നെ തിരുഹബീബിന്റെ പൗത്രനെ വഞ്ചിച്ചു. സംഘത്തിലെ മറ്റുള്ളവരെയും വധിക്കാനായിരുന്നു അക്രമികളുടെ അടുത്ത ശ്രമം.

Published

|

Last Updated

അസ്ത്രമേറ്റ് പിടഞ്ഞ ഹുസൈൻ(റ)ന്റെ അധരങ്ങളിൽ നിന്നും ഒരു പ്രാർഥനാ മന്ത്രം മുഴങ്ങി. “നീയും ദാഹിച്ചവശനായി മരിക്കട്ടെ’. അക്രമിക്കപ്പെട്ടവന്റെ പ്രാർഥനക്ക് ഉത്തരമുണ്ടെന്നാണല്ലോ. വെള്ളമെത്ര കുടിച്ചിട്ടും ദാഹശമനം ലഭിക്കാതെ അയാൾ മരിച്ചുവെന്ന് ചരിത്രം. മുറിവിലൂടെ രക്തം ധാരധാരയായൊഴുകി ഹുസൈൻ(റ) അവശനായി. ചുറ്റും കൂടി നിന്ന ശത്രുക്കൾക്ക് യാതൊരു ദയയുമുണ്ടായില്ല. അവർ വീണ്ടും ആ മൃദുല മേനിയിലേക്ക് അമ്പുകളെയ്തു. കൂട്ടത്തിലൊരാൾ അവിടുത്തെ ശിരസ്സിൽ ആഞ്ഞടിച്ചു. മറ്റു ചിലർ തല ഉടലിൽ നിന്ന് വേർപെടുത്തി.
കർബല നിണമണിഞ്ഞ നിമിഷങ്ങൾ. വിശ്വസിച്ച ജനത തന്നെ തിരുഹബീബിന്റെ പൗത്രനെ വഞ്ചിച്ചു. സംഘത്തിലെ മറ്റുള്ളവരെയും വധിക്കാനായിരുന്നു അക്രമികളുടെ അടുത്ത ശ്രമം.

അതത്രയും നടപ്പിലാക്കിയ ഇബ്നു സിയാദിന്റെ സൈന്യം സ്ത്രീകൾ തമ്പടിച്ച കൂടാരത്തിലേക്ക് കയറി. അപ്പോഴാണ് രോഗബാധിതനായ ഹുസൈൻ(റ)ന്റെ മകൻ ഇമാം സൈനുൽ ആബിദീനെ അവർ കാണുന്നത്. അദ്ദേഹത്തെയും കൊല്ലാനാഞ്ഞു ആ ക്രൂരന്മാർ.
പക്ഷേ, പിതൃസഹോദരി സൈനബ്(റ) ആ പിഞ്ചുകുഞ്ഞിനെ ചേർത്തുപിടിച്ച് നിലവിളിച്ചു. ക്രൂരന്മാരുടെ മനസ്സലിഞ്ഞു. അവർ ശ്രമം ഉപേക്ഷിച്ചു.
അങ്ങനെയാണ് പ്രവാചക കുടുംബത്തിലെ ഒരു ആൺതരി ഈ ഭൂമുഖത്ത് അവശേഷിച്ചത്. അദ്ദേഹത്തിന്റെ പിൻഗാമികളിലൂടെയാണ് ഇന്നും അഹ്‌ലു ബൈത് നിലനിൽക്കുന്നത്.

പ്രവാചക കുടുംബത്തെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ ശേഷം ഹുസൈൻ(റ)ന്റെ ഛേദിക്കപ്പെട്ട ശിരസ്സ് കൂഫയിലെ ഗവർണറായിരുന്ന ഉബൈദുല്ല ഇബ്നു സിയാദിന്റെ കൊട്ടാരത്തിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് ദമാസ്കസിലെ യസീദിന്റെ അടുത്തേക്കും.
അദ്ദേഹം അനുതാപപൂർവമാണ് പെരുമാറിയത്. കർബല കൂട്ടക്കൊലയിൽ യസീദിന് പങ്കുണ്ടെന്നും ഇല്ലെന്നുമുള്ള ചർച്ച പണ്ഡിതന്മാർക്കിടയിലുണ്ട്. യസീദിനെ ശപിക്കരുതെന്നാണ് പ്രബലാഭിപ്രായം. ഇമാം ഗസാലി ഇഹ്‌യാ ഉലൂമിദ്ദീനിൽ അക്കാര്യം വ്യക്തമാക്കുന്നുണ്ട്.
ഹുസൈൻ(റ)നെ വധിക്കാൻ ആജ്ഞാപിച്ച ഇബ്നു സിയാദിന് അധികകാലം കൂഫയുടെ ഗവർണറായി തുടരാൻ സാധിച്ചില്ല. കാലം കാത്തുവെച്ച കാവ്യനീതിയെന്ന് പറയാം, ജനരോഷം കാരണം യസീദിന്റെ മരണത്തെ തുടർന്ന്് ഒളിച്ചോടിയ അയാളെ ഇബ്റാഹീം ബ്നു അശ്തർ നഖഇയും സംഘവും പിന്തുടർന്ന് വകവരുത്തി. ഹിജ്റ 67ൽ മറ്റൊരു ആശൂറാ ദിനത്തിലായിരുന്നു അത്.

യുദ്ധാനന്തരം ഹുസൈൻ(റ)ന്റെ കുടുംബം മദീനയിലേക്ക് മടങ്ങി. കർബലയുടെ ചരിത്രത്തിലെ പ്രധാന സംഭവമായിരുന്നു യുദ്ധം. എഴുപത്തിരണ്ട് പേരാണ് അന്ന് രക്തസാക്ഷിത്വം വരിച്ചത്. ബദ്ർ, ഉഹ്ദ് പോലെ യുദ്ധ സ്മരണയിലാണ് മുസ്‌ലിം ലോകം കർബലയെയും വിശേഷിപ്പിക്കാറുള്ളത്. ഹുസൈൻ(റ)ന്റെ അന്ത്യവിശ്രമ കേന്ദ്രം കൂടിയായതോടെ ജനങ്ങൾ ഇവിടേക്ക് സന്ദർശനത്തിന് എത്താൻ തുടങ്ങി. ഇടക്കാലത്ത് പലകാരണങ്ങളാൽ മഖ്ബറ നശിപ്പിക്കപ്പെട്ടിരുന്നുവെങ്കിലും അധികം വൈകാതെ പുനർ നിർമിക്കപ്പെട്ടു. കടുത്ത ജലക്ഷാമം നേരിട്ടിരുന്ന ഒരു പ്രദേശം കൂടിയായിരുന്നു കർബല. പരിഹാരമായി നിർമിക്കപ്പെട്ട ഹുസൈനിയ്യ കനാലും നഗരത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.

വഹാബി പ്രസ്ഥാനത്തിന്റെ ആവിർഭാവ കാലത്ത് സഊദിയിൽ നിന്നുള്ള അക്രമികൾ കർബല കൈയേറുകയും കൊള്ളയടിക്കുകയും ചെയ്തിരുന്നു. കേരളത്തിൽ മുജാഹിദ് സ്ഥാപകരില്‍ പ്രധാനിയായ ഇ കെ മൗലവിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന അല്‍ഇത്തിഹാദ്‌ മാസികയിൽ അതേ കുറിച്ച് വിശദമായി പ്രതിപാധിക്കുന്നുണ്ട്. “1801 ഏപ്രില്‍ മുപ്പതാം തിയ്യതി പതിനായിരം വരുന്ന ഒരു വമ്പിച്ച വഹാബീ സൈന്യം കര്‍ബലാ പട്ടണം വളഞ്ഞു. പട്ടണവാസികളില്‍ ഒരു ഭാഗത്തെ അവര്‍ കൊന്നുകളഞ്ഞു. ഹുസൈന്‍(റ)വിന്റെ മഖാം കൊള്ളയടിച്ചു. അവിടേക്ക്‌ അനറബികളായ സന്ദര്‍ശകന്മാര്‍ വഴിപാട്‌ കൊടുത്തിരുന്ന എല്ലാ വിലപിടിച്ച രത്‌നങ്ങളും മറ്റും അവര്‍ ശേഖരിച്ചു. ഇതൊന്നും അവരുടെ ഹൃദയത്തിന്‌ അസഹ്യമായി തോന്നിയില്ല. എന്തുകൊണ്ടെന്നാല്‍ ഖബ്‌റിന്നു വഴിപാട്‌ കൊടുക്കുന്നവരുടെ നേരെ അവര്‍ക്കുണ്ടായിരുന്ന വീക്ഷണഗതി കാഫിറുകളുടെ നേര്‍ക്കുണ്ടായിരുന്ന അതേ വീക്ഷണഗതി തന്നെയായിരുന്നു’ (ലക്കം: 2/7- 1956).
കര്‍ബലയിലെ സലഫി ഭീകരത അതിക്രൂരമായിരുന്നു. വെള്ളപ്പതാക കാണിച്ചു കീഴടങ്ങുന്നതായി നാട്ടുകാർ പ്രഖ്യാപിച്ചുവെങ്കിലും അക്രമികൾ അവരെയെല്ലാം കൊലപ്പെടുത്തി. പള്ളികളിൽ നിസ്കരിക്കുന്നവരും വീടുകളിൽ അഭയം തേടിയവരും അതിൽ നിന്നൊഴിവായില്ല. ഒരൊറ്റ ദിവസം കൊണ്ട് രണ്ടായിരം പേരെയാണ് അവർ കശാപ്പ് ചെയ്തത്.

Latest