Prathivaram
സർഗസിദ്ധികളുടെ ആൾരൂപം
അധികാര രാഷ്ട്രീയത്തോട് അകലം പാലിക്കുകയും ആരുമായും അടുക്കുകയും ചെയ്യുന്ന വിശേഷ പ്രകൃതത്തിന്റെ ഉടമ
കെ പി കുഞ്ഞിമ്മൂസ വേറിട്ട വ്യക്തിത്വമാണ്. സൗഹൃദം കാത്തു സൂക്ഷിക്കുന്നതില്‍ കുഞ്ഞിമ്മൂസ പെരിയ മൂസയാണ്. അധികാര രാഷ്ട്രീയത്തോട് അകലം പാലിക്കുകയും ആരുമായും അടുക്കുകയും ചെയ്യുന്ന വിശേഷ പ്രകൃതത്തിന്റെ ഉടമ. നർമവും ഹാസ്യവും തുളുമ്പുന്ന സംസാരം. ഗൗരവം വിട്ടുമാറാത്ത പത്രപ്രവര്‍ത്തകന്‍. ജോലി ചെയ്യുന്ന ആപീസിലിരുന്നു കൊണ്ടു തന്നെ മറ്റു പത്രങ്ങളെ മനസ്സറിഞ്ഞു സഹായിക്കുന്ന ജേര്‍ണലിസ്റ്റ്. അയ്യായിരത്തിലധികം അനുസ്മരണ ലേഖനങ്ങള്‍ എഴുതിയ ഭാഗ്യശാലി.
ജനനവും പഠനവും പുന്നോലിലും തലശ്ശേരിയിലും. കർമം കൊണ്ട് കോഴിക്കോട്ടുകാരന്‍. സംഘാടനത്തിലും രചനയിലും മറ്റൊരാളും കാണിക്കാത്ത പാത പിന്തുടര്‍ന്ന പഥികന്‍. ഹെൽമെറ്റ് നിര്‍ബന്ധമാക്കിയപ്പോള്‍ അതിനെതിരെ ബത്തക്കത്തോട് അണിഞ്ഞ് നഗരത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചതും പ്രകടനം നയിച്ചതും കുഞ്ഞിമ്മൂസ എന്ന സംഘാടകന്‍. തന്റെ ഭവനത്തിനും പ്രസാധനാലയത്തിനും മൈത്രി എന്ന പേര് നല്‍കിയതിനു പിന്നില്‍ തന്റെ മൂന്ന് മക്കളെ പ്രതിനിധാനം ചെയ്യുന്ന ഇംഗ്ലീഷിലെ MY THREE യും മലയാളത്തിലെ മൈത്രിയും ഉണ്ട്. മൈത്രിയുടെ മൂര്‍ത്തിയായിരുന്നു അദ്ദേഹം.
പടയംപൊയില്‍ മമ്മുവിന്റെ മകന്‍ കെ പി കുഞ്ഞിമ്മൂസയില്‍ മൂന്ന് ‘കുഞ്ഞി’യുണ്ട്. കുഞ്ഞിക്കണ്ടി പുതിയപുരയിലെ കുഞ്ഞിയും കുഞ്ഞിപ്പാത്തുമ്മയിലെ കുഞ്ഞിയും കുഞ്ഞിമ്മൂസയിലെ കുഞ്ഞിയും. ഇവകള്‍ കൃത്യതയോടെ ചേര്‍ന്നതാണ് കെ പി കുഞ്ഞിമ്മൂസ.
ആരെയും അംഗീകരിക്കുന്നതിലും എല്ലാവരെയും അനുസ്മരിക്കുന്നതിലും മുന്നില്‍ നിന്ന കെ പി കുഞ്ഞിമ്മൂസയുടെ ഓർമകള്‍ നിലനിർത്തുന്നതില്‍ തലശ്ശേരിയിലെ സുഹൃദ് കൂട്ടായ്മ പ്രസിദ്ധീകരിച്ച ‘ഓർമയില്‍ എന്നെന്നും’ എന്ന അനുസ്മരണ പുസ്തകം മികച്ച ഒരു രചനയാണ്. സ്റ്റേജിലും പേജിലും സദസ്സിലും നിരത്തിലും നിറഞ്ഞു നിന്ന അദ്ദേഹം മലയാളത്തിലെ ഒട്ടുമിക്ക ആനുകാലികങ്ങളിലും എഴുതി. എണ്ണ വറ്റാത്ത ചിന്തയും അസ്ത്രം തീരാത്ത ആവനാഴിയും അദ്ദേഹത്തിന്റെ കൈമുതലായിരുന്നു.
സംഘര്‍ഷഭരിത കാലത്തും വിദ്വേഷാപരവത്കരണ ലോകത്തും തീവ്രവാദ വിധ്വംസക സ്ഥലികളിലും ജീവിത വ്രതമായി കൊണ്ടുനടക്കേണ്ടുന്ന മൂല്യങ്ങളുടെ നിധിശേഖരമാണീ പുസ്തകം. പുതുതലമുറക്ക് അനുകരണീയ പാഠങ്ങളാല്‍ നിറഞ്ഞു നില്‍ക്കുന്ന രചന ബഹുസ്വരതയിലെ ശീലങ്ങളെ ഗുണാത്മകമായി പരുവപ്പെടുത്തും.
വായിക്കാന്‍ കൊള്ളാവുന്ന വല്ലതും എഴുതുകയോ എഴുതാന്‍ കൊള്ളാവുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യുന്നവര്‍ മരണാനന്തരവും സമൂഹത്തില്‍ ജീവിക്കുമെന്ന ഫ്രാങ്ക്ളിന്റെ അഭിപ്രായം കുഞ്ഞിമ്മൂസയുടെ കാര്യത്തില്‍ അന്വർഥമത്രെ.
ഓർമപ്പുസ്തകം മൂന്ന് ഭാഗങ്ങളായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആദ്യ ഭാഗം കെ പി കുഞ്ഞിമ്മൂസയെക്കുറിച്ച് മറ്റുള്ളവരുടെ ഓർമകളാണ്. രണ്ടാം ഭാഗം കെ പിയുടെ ഗദ്യരചനാ പാടവത്തിന്റെ മാതൃകകളാണ്. നർമം എന്നും കൂടെ കൊണ്ടു നടന്ന കെ പിയുടെ നർമങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചിലതാണ് മൂന്നാം ഭാഗത്തിൽ. ഇത്തത്തിലുള്ള അടുക്കിവെക്കൽ പുസ്തകത്തെ വ്യത്യസ്തമാക്കുന്നു.
മനുഷ്യപ്പറ്റുള്ള വിശാല ഹൃദയത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ആശ്രിതര്‍ക്ക് കൈത്താങ്ങായി നിന്നു. അവഗണിക്കപ്പെട്ടവരെ സഹായിച്ചു. ഓരോരുത്തരെയും ഓര്‍ത്തെടുത്ത് പരിഗണിച്ചു. ശത്രുക്കളൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ഇടപെടലുകള്‍ ഇടപാടുകളായിരുന്നില്ല. എല്ലാം സര്‍ഗാത്മകമായിരുന്നു. ഓർമയില്‍ എന്നെന്നും എന്ന ഓർമപ്പുസ്തകത്തെ ഓമനിക്കുന്നവര്‍ക്ക് കെ പി കുഞ്ഞിമ്മൂസ ഗുരുവായിരിക്കും.