Connect with us

National

ഇ ഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത് കെജരിവാൾ സമർപ്പിച്ച ഹരജി വിധി പറയാൻ മാറ്റി

വാദം മൂന്ന് മണിക്കൂർ നീണ്ടുനിന്നു

Published

|

Last Updated

ന്യൂഡൽഹി | ഇ ഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത് എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാൾ നൽകിയ ഹർജിയിൽ വിധി പറയുന്നത് ഡൽഹി ഹൈക്കോടതി നാളത്തേക്ക് മാറ്റി. ജസ്റ്റിസ് സ്വർണകാന്ത ശർമയുടെ ബഞ്ചിന് മുമ്പാകെയാണ് ഇന്ന് കെജരിവാളിന്റെ ഹരജിയിൽ വാദം നടന്നത്. വാദം മൂന്ന് മണിക്കൂർ നീണ്ടുനിന്നു.

അരവിന്ദ് കെജരിവാളിന്റെ അറസ്റ്റ് ജനാധിപത്യ വിരുദ്ധമാണെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്‍വി കോടതിയിൽ വ്യക്തമാക്കി. കെജരിവാളിന്റെ അറസ്റ്റിന് തിരഞ്ഞെടുത്ത സമയം ഭരണഘടനാ വിരുദ്ധമാണ്. 2023 ഒക്ടോബറിൽ ആദ്യത്തെ സമൻസ് അയച്ചതിനാലും മാർച്ച് 21 ന് അറസ്റ്റ് നടന്നതിനാലുമാണ് ഞാൻ ഇത് പറയുന്നത്. ജനാധിപത്യത്തിൻ്റെ ഭാഗമായ സ്വതന്ത്രവും നീതിയുക്തവുമായ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ഇതിന് ബന്ധമുണ്ട്. കെജ്‌രിവാളിൻ്റെ അറസ്റ്റോടെ ജനാധിപത്യ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന് പങ്കെടുക്കാനാകില്ലെന്ന് ഉറപ്പായെന്നും അഭിഷേക് സിംഗ്‍വി വാദിച്ചു.

കെജ്‌രിവാൾ കള്ളപ്പണം വെളുപ്പിക്കുന്നതിൽ ഉൾപ്പെട്ടതിന് തെളിവില്ലെന്നും ഇത്തരമൊരു സാഹചര്യത്തിൽ ഡൽഹി മുഖ്യമന്ത്രി ഹവാല ഇടപാട് നടത്തുന്നുണ്ടെന്ന് പറയുന്നത് പരിഹാസ്യവും അർത്ഥശൂന്യവുമാണെന്നും സിംഗ്‍വി പറഞ്ഞു.

അതേസമയം, സിംഗ്‍വിയുടെ വാദത്തെ ഇഡി നിശിതമായി എതിർത്തു. തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് ആരെങ്കിലും കൊലപാതകം നടത്തിയെന്ന് കരുതുക, അയാളെ അറസ്റ്റ് ചെയ്യില്ലേ? അദ്ദേഹത്തിൻ്റെ അറസ്റ്റ് അടിസ്ഥാന സൗകര്യങ്ങളെ ബാധിക്കുമോ? അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്നതിനാൽ തന്നെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് അയാൾക്ക് പറയാനുകുമോ എന്നായിരുന്നു ഇ ഡിയ അഭിഭാഷകൻ എ എസ് പി രാജുവിന്റെ മറുചോദ്യം.

കുറ്റവാളികൾക്കും കുറ്റാരോപിതർക്കും തങ്ങൾ കുറ്റം ചെയ്യുമെന്നും തിരഞ്ഞെടുപ്പുള്ളതിനാൽ അറസ്റ്റ് ചെയ്യില്ലെന്നും പറയാനാവില്ല. ഇത് പരിഹാസ്യമാണ്. ഇത് കുറ്റവാളികൾക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള ലൈസൻസ് നൽകും. ഞങ്ങൾ ഇരുട്ടിൽ വെടിവെക്കുന്നില്ല. വാട്ട്‌സ്ആപ്പ് ചാറ്റുകൾ, ഹവാല ഓപ്പറേറ്റർമാരുടെ പ്രസ്താവനകൾ, ആദായ നികുതി ഡാറ്റ എന്നിവയും ഞങ്ങളുടെ പക്കലുണ്ട് – ഇഡി അഭിഭാഷകൻ വ്യക്തമാക്കി.

അരവിന്ദ് കെജരിവാൾ എക്സൈസ് പോളിസി കേസിലെ പ്രധാന ഗൂഢാലോചനക്കാരനാണെന്നതിന് തങ്ങളുടെ കൈവശം തെളിവുകളുണ്ടെന്നും ഇ ഡി കോടതിയെ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിലും കെജരിവാൾ കുറ്റക്കാരനാണ്. കേന്ദ്ര അന്വേഷണ ഏജൻസിയുടെ അറസ്റ്റിനെയും റിമാൻഡിനെയും ചോദ്യം ചെയ്ത് കെജ്‌രിവാൾ നൽകിയ ഹർജിയെ എതിർത്ത് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇഡി ഇക്കാര്യം പറഞ്ഞത്.

 

 

Latest