Connect with us

സാഹിത്യം

വിശപ്പിന്റെ തത്വശാസ്ത്രം

കുദ്രത്ത് ആത്യന്തികമായി കഥാകൃത്താണ്. തുർക്കിയയുടെ അക്ഷരമഹിമക്ക് തിളക്കം നൽകിയ ഒട്ടേറെ ഹൃദയാവർജകങ്ങളായ ചെറുകഥകൾ കുദ്രത്തിന്റെ തൂലികയിലൂടെയാണ് പിറവിയെടുത്തത്. അദ്ദേഹത്തിന്റെ ചെറുകഥകളിൽ പരക്കെ വായിക്കപ്പെട്ട ഒന്നാണ് "മരണസദ്യ'. വർഷങ്ങൾക്കു മുന്പ് രചിക്കപ്പെട്ടതാണെങ്കിലും വായനയിലെ നൊമ്പരമായി അനുവാചക മനസ്സിന്റെ ആർദ്രതയെ ഇപ്പോഴും മുറിവേൽപ്പിച്ചുകൊണ്ടിരിക്കുന്നു കുദ്രത്തിന്റെ ഈ അനുപമ രചന.

Published

|

Last Updated

തുർക്കിയയിലെ വിഖ്യാതനായ എഴുത്തുകാരനാണ് സെവ്ദേത് കുദ്രത്ത് (Cevdet Kudret : 1907 – 1993). കഥാകൃത്ത്, നോവലിസ്റ്റ്, നാടകകൃത്ത് എന്നീ മേഖലകളിൽ സമകാലിക തുർക്കിയ സാഹിത്യത്തിന്റെ ശക്തനായ പ്രതിനിധി എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. കുദ്രത്ത് ആത്യന്തികമായി കഥാകൃത്താണ്. തുർക്കിയയുടെ അക്ഷരമഹിമക്ക് തിളക്കം നൽകിയ ഒട്ടേറെ ഹൃദയാവർജകങ്ങളായ ചെറുകഥകൾ കുദ്രത്തിന്റെ തൂലികയിലൂടെയാണ് പിറവിയെടുത്തത്.

അദ്ദേഹത്തിന്റെ ചെറുകഥകളിൽ പരക്കെ വായിക്കപ്പെട്ട ഒന്നാണ് “മരണസദ്യ’. വർഷങ്ങൾക്കു മുന്പ് രചിക്കപ്പെട്ടതാണെങ്കിലും വായനയിലെ നൊമ്പരമായി അനുവാചക മനസ്സിന്റെ ആർദ്രതയെ ഇപ്പോഴും മുറിവേൽപ്പിച്ചുകൊണ്ടിരിക്കുന്നു കുദ്രത്തിന്റെ ഈ അനുപമ രചന.
വിശപ്പും മരണവും വട്ടമിട്ടുപറക്കുന്ന ഒരു ദരിദ്രകുടുംബത്തിന്റെ ദൈന്യതയുടെ കഥയാണ് “മരണസദ്യ’ പറയുന്നത്. വേദനയും നഷ്ടബോധവും സൃഷ്ടിക്കുന്ന, ഭീതിയുടേയും സംത്രാസത്തിന്റേയും സന്തതിയെന്നു വിശേഷിപ്പിക്കുന്ന മരണവും, ഇരകളെ നിഷ്കരുണം കൈകാര്യം ചെയ്യുന്നതില്‍ മരണത്തെയും കടത്തിവെട്ടുന്ന വിശപ്പും ഇവിടെ പരസ്പരം മത്സരിക്കുന്നു. അതിൽ ആത്യന്തികമായി വിജയം വരിക്കുന്ന വിശപ്പിനെ മരണത്തെക്കാൾ ക്രൂരനായൊരു ഏകാധിപതിയായാണ് കഥാകൃത്ത് ആവിഷ്കരിക്കുന്നത്.

വിശപ്പിന്റെ ക്രൗര്യത്തിനുമുന്നിൽ മരണം പലപ്പോഴും പ്രതീക്ഷയും അനുഗ്രഹവുമായി മാറുന്ന അമ്പരപ്പിക്കുന്ന ജീവിതമുഹൂര്‍ത്തങ്ങളെ തികഞ്ഞ യാഥാർഥ്യബോധത്തോടെ ഈ കഥയില്‍ കുദ്രത്ത് വരച്ചിടുന്നു.

ഉറവിൽനിന്നും വെള്ളമെടുത്ത് ഗ്രാമത്തിലെ വീടുകളിൽ വിതരണം ചെയ്ത് ഉപജീവനം നടത്തുന്ന ദുർസുൻ ആഗ എന്ന ചെറുപ്പക്കാരന്റെ ആകസ്മികമരണം അയാളുടെ ഭാര്യയും, ഒമ്പതും ആറും വയസ്സുള്ള രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തെ അക്ഷരാർഥത്തിൽ അനാഥമാക്കുന്ന വെളിപ്പെടുത്തലുമായാണ് കഥ തുടങ്ങുന്നത്. ഉറവിൽനിന്നും വെള്ളമെടുത്ത് കുന്നിറങ്ങി വരുമ്പോൾ മഞ്ഞുകട്ടയിൽ കാൽവഴുതി വീഴുകയായിരുന്നു അയാൾ.

തുർക്കിയയിലെ മരണവീടുകളിൽ കുറച്ചു ദിവസം ഭക്ഷണമുണ്ടാക്കാറില്ല. അയൽവീട്ടിൽ നിന്നും എത്തിക്കുകയാണ് പതിവ്. ദുർസുൻ ആഗയുടെ അയൽക്കാരൻ ധനികനായ ഒരു വ്യാപാരിയാണ്. അതുകൊണ്ടുതന്നെ മുൻപൊരിക്കലും അനുഭവിച്ചിട്ടില്ലാത്തവിധം സ്വാദേറിയ വിഭവങ്ങളാണ് അവിടെനിന്നും ലഭിക്കുന്നത്. ഗംഭീരമായ മരണസദ്യ തന്നെ. പക്ഷേ, മൂന്നോ നാലോ ദിവസം കഴിഞ്ഞപ്പോൾ ഭക്ഷണവരവ് നിലച്ചു. അതോടെ കുടുംബം പട്ടിണിയുടെ രുചി അറിഞ്ഞുതുടങ്ങി. കുട്ടികൾ വിശന്നുകരഞ്ഞു. വീട്ടിൽ ഒരു തരി ഭക്ഷണമില്ല. ചില്ലിക്കാശുപോലുമില്ല. ദുർസുൻ ആഗയുടെ വിധവ ദുൽനാസിന് എന്തെങ്കിലും ജോലി കൊടുക്കാൻ ആരും തയ്യാറുമല്ല. പാവം സ്ത്രീ… ഭർത്താവ് മരിച്ച് കുറച്ചു ദിവസം പോലുമാകാതെ അവളെ എങ്ങനെ ജോലിക്കു വിളിക്കും .. അത് വലിയ ക്രൂരതയാവില്ലേ.. അവർ സഹതാപത്തോടെ പരസ്പരം ചോദിച്ചു.

ദിവസങ്ങൾ കടന്നുപോകുന്തോറും പട്ടിണിയുടെ കനത്ത മുഷ്ടിക്കുള്ളിൽ ആ കുടുംബം ഞെരിഞ്ഞമർന്നു. കുട്ടികൾ മെലിഞ്ഞുണങ്ങി. വിശപ്പിന്റെ വറചട്ടിയിൽ അവർ വെന്തുരുകി.. അടുത്ത കടയിൽനിന്നും കുറച്ചു സാധനങ്ങൾ കടമായി ചോദിച്ചെങ്കിലും കിട്ടിയില്ല; കടക്കാരനും ഭാര്യയും ആ കുടുംബത്തെച്ചൊല്ലി സഹതപിച്ചെങ്കിലും…

ഒരു രാത്രി…. വിശപ്പും തണുപ്പും കാരണം മൂത്തകുട്ടിക്ക് പനിപിടിച്ചു. അതിന്റെ കാഠിന്യത്തിൽ അവൻ ഞരങ്ങുകയും പിച്ചും പേയും പറയുകയും ചെയ്തു. ഇളയവൻ ഏറെനേരം ഏട്ടനെ നോക്കിക്കിടന്നശേഷം അമ്മയോട് ചോദിക്കുന്നു. “അമ്മേ, എട്ടന്‍ മരിച്ചു പോകുമോ?’
ഗുൽനാസ് അതുകേട്ട് ഞെട്ടി. അവൾ മകനെ ശാസിച്ചുകൊണ്ട് ചോദിച്ചു. നീ എന്താ ഇങ്ങനെയൊക്കെ പറയുന്നത് ? എട്ടന്‍ മരിച്ചുപോയാല്‍ പിന്നെ നമുക്കാരാ ഉള്ളത്?
അതിന് ആ കുട്ടി ഇങ്ങനെയാണ് മറുപടി പറഞ്ഞത്. “ഏട്ടൻ മരിച്ചാൽ ആ വലിയ വീട്ടിൽനിന്നും ആഹാരം കിട്ടുമല്ലോ…’

കഥ ഇവിടെ അവസാനിക്കുന്നു. മൂത്ത കുട്ടിയുടെ മരണമോ കുടുംബത്തിന്റെ തുടർന്നുള്ള അവസ്ഥയോ കഥയിൽ പരാമർശിക്കുന്നില്ല. കഥാകൃത്തിന്റെ കാഴ്ചപ്പാടിൽ അവയെല്ലാം അപ്രസക്തങ്ങളായ വിവരണങ്ങളാണ്. വിശപ്പിന്റെ ഭീകരത സാമ്പ്രദായിക രീതിയിൽ ചിത്രീകരിക്കുകയല്ല അദ്ദേഹം എന്നതാണ് അതിനു കാരണം. വിശപ്പിനെ സംബന്ധിച്ച പുതിയൊരു തത്വശാസ്ത്രം അവതരിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ലോകത്തെ ഏറ്റവും ക്രൂരമായ യാഥാർഥ്യം വിശപ്പാണെന്നും വിശക്കുന്നർക്കു മുന്നിൽ വിലപ്പോകുന്ന ഒരേയൊരു തത്വശാസ്ത്രം ഒരു നേരമെങ്കിലും വയറു നിറയെ ഭക്ഷണം കഴിക്കുകയെന്നതു മാത്രമാണെന്നും കുദ്രത്ത് പ്രസ്താവിക്കുന്നു. മൂന്ന് നേരത്തെ ഭക്ഷണം അവർക്കൊരു സ്വപ്നം മാത്രമാണ്.

അത്തരമൊരവസ്ഥയിൽ ജീവിതവുമായി ബന്ധപ്പെടുന്ന എല്ലാത്തിനെയും വിശപ്പകറ്റാനുള്ള മാർഗമാക്കാമോ എന്നുമാത്രമാണ് അവർ ചിന്തിക്കുന്നത്. മരണംപോലും അപ്പോൾ അവർക്കു മുന്നിൽ വിശപ്പിനെ പ്രതിരോധിക്കാനുള്ള ഒരു ഉപാധിയായി മാറുന്നു. ഒരുപക്ഷെ ദയനീയമാംവിധം ഫലപ്രദമായൊരു ഉപാധി. ഈയൊരു ദർശനമാണ് കുദ്രത്ത് “മരണസദ്യ’ യിലൂടെ വെളിപ്പെടുത്തുന്നത്. ലോകത്തെ എത്ര വലിയ നീതിശാസ്ത്രവും ബൗദ്ധിക നേട്ടങ്ങളും വിശക്കുന്നവർക്ക് പ്രയോജനപ്പെടുന്നില്ലെങ്കിൽ അപ്രസക്തമാകുമെന്നും അത്തരം വേളകളിൽ മരണം ദുഃഖഹേതുവെങ്കിലും അന്നദാതാവായി മാറുമ്പോൾ പ്രതീക്ഷയും ആശ്രയവും അഭിലാഷവുമാകുന്നുവെന്നും ഈ കഥ നമ്മെ ഓർമിപ്പിക്കുന്നു. ഇവിടെ ഇളയ കുട്ടിയുടെ ചിന്ത ആ അർഥത്തിൽ കഥയുടെ മർമമായി മാറുകയാണ്. ഇത് ക്രൂരമായൊരു മനസ്സിന്റെ സ്വയം വെളിപ്പെടലല്ല; നേരെമറിച്ച് പ്രതീക്ഷവറ്റിയ ഒരു നിഷ്കളങ്ക മനസ്സിന്റെ നിസ്സഹായതയുടെ പ്രകാശനമാണ്.

വിശപ്പിനേയും ദാരിദ്ര്യത്തെയും ഹൃദയാവർജകമായി ചിത്രീകരിച്ച ഒട്ടേറെ രചനകൾ ലോക സാഹിത്യത്തിലെമ്പാടുമുണ്ട്. ഗോർക്കിയും സ്റ്റെയിൻബെക്കും ഹ്യൂഗോയും ബഷീറും എം ടിയും തുടങ്ങി എത്രയോ എഴുത്തുകാർ ഈ വിഷയം പേർത്തും പേർത്തും അവതരിപ്പിച്ചിട്ടുണ്ട്. 1907 ൽ ഇസ്‌താംബുളിൽ ജനിച്ച കുദ്രത്തിന്റെ ജീവിതത്തിലും വിശപ്പിന്റെ നിറസാന്നിധ്യമുണ്ടായിരുന്നു ഏറെക്കാലം. ഒന്നാം ലോക മഹായുദ്ധത്തിൽ അച്ഛൻ കൊല്ലപ്പെട്ടതിനെത്തുടർന്ന് അമ്മ കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റിയത്. അതുകൊണ്ടുതന്നെ വിശപ്പിന്റെ രൗദ്രത അതിന്റെ എല്ലാ തീക്ഷ്ണതയോടും കൂടി ചിത്രീകരിക്കാൻ അദ്ദേഹത്തിന് അനായാസം കഴിഞ്ഞു.
കുദ്രത്തിന്റെ കഥകളും നോവലുകളും നാടകങ്ങളുമെല്ലാം ദുഃഖത്തിന്റെയും വിശപ്പിന്റെയും

ദാരിദ്ര്യത്തിന്റെയും മഹാഖ്യായികളായിത്തീർന്നത് യാദൃച്ഛികമായിരുന്നില്ല. “സഹപാഠികൾ’, “മേഘങ്ങളില്ലാത്ത ആകാശം’, “ഉറുമ്പിനെ നിങ്ങൾക്കറിയാം’ എന്നിവ പിൽക്കാലത്ത് വക്കീൽ, സർവകലാശാലാ അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ച കുദ്രത്തിന് ദേശീയ പ്രശസ്തി നേടിക്കൊടുത്ത നോവലുകളാണ്. “സാഹിത്യം ജീവിത നിരൂപണമാണ്’ എന്ന മാത്യു ആർനോൾഡിന്റെ വചനങ്ങളെ ഈ നോവലുകളും “മരണസദ്യ’ ഉൾപ്പെടെയുള്ള കഥകളും അക്ഷരാർഥത്തിൽ അന്വർഥമാക്കുന്നു.”മരണസദ്യ’യിലാകട്ടെ അവ കൂടുതൽ തീക്ഷ്ണമായിത്തന്നെ വായനക്കാർക്ക് അനുഭവവേദ്യമാകുന്നുമുണ്ട്. ജീവിതത്തെ ഈ കൊച്ചു കഥ നിഷ്കരുണം നിരൂപണം ചെയ്യുന്നുവെന്നതിൽ സംശയമില്ല.

Latest