harassment
വൈമാനിക പരിശീലകനെതിരായ പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് പൈലറ്റ് ട്രെയിനി
പരിശീലകനെതിരായ പരാതി സഹപാഠികൾ ക്ലാസിൽ വായിച്ച് പരിഹസിച്ചെന്നും അക്കാദമി യാതൊരു നടപടി സ്വീകരിച്ചില്ലെന്നും അവർ പറഞ്ഞു.
തിരുവനന്തപുരം | വൈമാനിക പരിശീലകനെതിരായ പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് കഴിഞ്ഞ ദിവസം നാടുവിട്ട രാജീവ്ഗാന്ധി ഏവിയേഷന്‍ സെന്ററിലെ പൈലറ്റ് ട്രെയിനി. വിദ്യാർഥിനിയെ പിന്നീട് കന്യാകുമാരിയില്‍ കണ്ടെത്തിയിരുന്നു. പരിശീലകൻ്റെ പെരുമാറ്റം സംബന്ധിച്ച് അക്കാദമിയിലെ എല്ലാവർക്കും അറിയാവുന്നതാണ്. പരിശീലകനെതിരായ പരാതി സഹപാഠികൾ ക്ലാസിൽ വായിച്ച് പരിഹസിച്ചെന്നും അക്കാദമി യാതൊരു നടപടി സ്വീകരിച്ചില്ലെന്നും അവർ പറഞ്ഞു.
പീഡനവും പരിഹാസവും കാരണം അക്കാദമിയിൽ തുടരാൻ പറ്റാത്ത അവസ്ഥയിലാണ് ഇറങ്ങിപ്പോയത്. സഹിക്കാവുന്നതിലപ്പുറമായിരുന്നു പീഡനവും ഉപദ്രവവും. എങ്ങനെയെങ്കിലും കോഴ്സ് പൂർത്തിയാക്കാമെന്ന് കരുതിയാണ് ഇത്രയും സഹിച്ചത്. വലിയതുറ പോലീസിലും മുഖ്യമന്ത്രിക്കും യുവജന കമ്മീഷനും പരാതി നൽകിയെങ്കിലും കാര്യമില്ലാതെയായതോടെയാണ് ലോകായുക്തയെ സമീപിച്ചതെന്നും വിദ്യാർഥിനി പറഞ്ഞു. 20 മണിക്കൂറിന് ശേഷമാണ് കഴിഞ്ഞ ദിവസം പെൺകുട്ടിയെ കണ്ടെത്തിയത്.
പീഡനങ്ങളും പരിഹാസങ്ങളും വ്യക്തമാക്കി സ്വകാര്യ ചാനലിലേക്ക് പെണ്‍കുട്ടി ശബ്ദസന്ദേശം അയച്ചിരുന്നു. ഇതിന് ശേഷമാണ് ഫോണ്‍ സ്വിച്ച് ഓഫായത്. പരിശീലന പറക്കലിനിടെ പരിശീലകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പരാതിപ്പെടുന്നു. സഹപാഠികള്‍ പരിഹസിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നുണ്ട്. ഇവര്‍ക്കെതിരെ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ല.
മാസങ്ങളോളം തുടരുന്ന പീഡനം സഹിക്കാനാകുന്നില്ലെന്നും പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കാനാണ് ഇതുവരെ സഹിച്ചതെന്നും പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയുടെ പിതാവും ഇക്കാര്യങ്ങള്‍ ശരിവെക്കുന്നുണ്ട്. പരിശീലകനും നാല് സഹപാഠികളുമാണ് പീഡിപ്പിക്കുന്നതെന്ന് പിതാവ് പറഞ്ഞു. അതേസമയം, സംഭവം പരിശോധിക്കുമെന്നും വീഴ്ച കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും വനതി കമ്മീഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു.