Connect with us

Kerala

പിങ്ക് പോലീസ് ഉദ്യോഗസ്ഥ കുട്ടിയെ വിചാരണ ചെയ്തത് ചെറുതായി കാണാന്‍ കഴിയില്ല: ഹൈക്കോടതി

പിങ്ക് പോലീസ് ഉദ്യോഗസ്ഥക്കയ്‌ക്കെതിരെ എന്ത് നടപടി എടുത്തുവെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു.

Published

|

Last Updated

കൊച്ചി| പിങ്ക് പോലീസ് ഉദ്യോഗസ്ഥ കുട്ടിയെ വിചാരണ ചെയ്ത സംഭവത്തില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. പിങ്ക് പോലീസ് ഉദ്യോഗസ്ഥക്കയ്‌ക്കെതിരെ എന്ത് നടപടി എടുത്തുവെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. വഴിയില്‍ കണ്ട കുട്ടിയോട് എന്തിനാണ് പോലീസ് മൊബൈല്‍ ഫോണിനെ കുറിച്ച് ചോദിച്ചതെന്നു കോടതി ചോദിച്ചു. ഈ പോലീസ് ഉദ്യോഗസ്ഥ ഇപ്പോഴും പിങ്ക് പോലീസില്‍ തുടരുന്നുണ്ടോ എന്നും കോടതി ചോദിച്ചു. സംഭവം ചെറുതായി കാണാന്‍ ആവില്ലെന്നും കോടതി പറഞ്ഞു. കേസില്‍ ഉച്ചയ്ക്ക് ശേഷം വീണ്ടും വാദം കേള്‍ക്കും.

മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച് ആറ്റിങ്ങലില്‍ പിങ്ക് പോലീസ് പരസ്യ വിചാരണയ്ക്കിരയാക്കിയ ജയചന്ദ്രന്റെ മകളാണ് ഹൈക്കോടതിയെ സമീപിച്ചത്. പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് പെണ്‍കുട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന ചെയ്യാത്ത തെറ്റിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥ തന്നെ കള്ളി എന്ന് വിളിച്ച് അപമാനിച്ചുവെന്നും അച്ഛന്റെ വസ്ത്രം അഴിച്ച് പരിശോധന നടത്തിയെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു.

ആറ്റിങ്ങലില്‍ വെച്ചാണ് എട്ട് വയസുകാരിക്കും അച്ഛനും പിങ്ക് പോലീസില്‍ നിന്ന് ദുരനുഭവമുണ്ടായത്. തന്റെ മൊബൈല്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് അച്ഛനെയും മകളെയും പോലീസ് ഉദ്യോഗസ്ഥയായ രജിത നടുറോഡില്‍ വെച്ച് ആളുകള്‍ നോക്കിനില്‍ക്കെ ചോദ്യം ചെയ്തത്. പോലീസ് വാഹനത്തിലെ ബാഗില്‍ നിന്നും മൊബൈല്‍ കിട്ടിയിട്ടും നാട്ടുകാരുടെ മുന്നില്‍ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയാണ് ചെയ്തത്. അന്വേഷണം നടത്തിയ ആറ്റിങ്ങല്‍ ഡിവൈഎസ്പി, രജിത അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. പിന്നാലെ രജിതയുടെ നടപടി നല്ലനടപ്പ് പരിശീലനത്തില്‍ ഒതുക്കുകയും ചെയ്തു.

 

 

---- facebook comment plugin here -----

Latest