National
വിക്രം ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലം ഇനിമുതല്‍ 'ശിവശക്തിയെന്ന് 'അറിയപ്പെടും; പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി
ഈ സ്ഥലം ഇന്ത്യയുടെ ശാസ്ത്രനേട്ടങ്ങളുടെ അടയാളമായിരിക്കുമെന്നും മോദി
ബെംഗളൂരു | ചന്ദ്രയാന്‍ 3ന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ ബെംഗളൂരു ഇസ്ട്രാക്കിലെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശാസ്ത്രജ്ഞര്‍ രാജ്യത്തെ ഏറെ ഉയരത്തിലെത്തിച്ചെന്ന് പറഞ്ഞ പ്രധാനമന്ത്രി ബഹിരാകാശത്തെ ഇന്ത്യയുടെ ശംഖനാദമാണിതെന്നും പറഞ്ഞു. ചന്ദ്രനില്‍ വിക്രം ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലം ഇനി ‘ശിവശക്തി’ പോയിന്റ് എന്ന് അറിയപ്പെടുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഈ സ്ഥലം ഇന്ത്യയുടെ ശാസ്ത്രനേട്ടങ്ങളുടെ അടയാളമായിരിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
വലിയ സന്തോഷത്തിന്റെ നിമിഷങ്ങളാണിത്.നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ക്ക് സല്യൂട്ടെന്നും മോദി പറഞ്ഞു.
ശാസ്ത്രജ്ഞര്‍ ഗ്രാഫിക്‌സിലൂടെ റോവറിന്റെ പ്രവര്‍ത്തനം പ്രധാനമന്ത്രിക്ക് വിശദീകരിച്ചു കൊടുത്തു. അതോടൊപ്പം തന്നെ ലാന്‍ഡറിന്റെ നിഴല്‍ ചന്ദ്രോപരിതലത്തില്‍ പതിഞ്ഞ ചിത്രവും നല്‍കി.തങ്ങളെ നേരില്‍ക്കാണാന്‍ പ്രധാനമന്ത്രി എത്തിയതില്‍ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ഐഎസ്ആര്‍ഒ തലവന്‍ സോമനാഥ് പ്രതികരിച്ചു.
എച്ച്എഎല്‍ വിമാനത്താവളത്തില്‍ നിന്ന് റോഡ് ഷോ ആയാണ് മോദി ഐഎസ്ആര്‍ഒ കേന്ദ്രത്തിലേക്ക് എത്തിയത്.