Connect with us

Kerala

പ്ലാസ്റ്ററിട്ട കൈ വളഞ്ഞു; ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ വിധി

ഹരജിക്കാര്‍ക്ക് നഷ്ടപരിഹാരമായി 50,000 രൂപയും ചെലവിലേക്ക് 10,000 രൂപയും ഹരജി തിയ്യതി മുതല്‍ 5 ശതമാനം പലിശയും നല്‍കാന്‍ വിധി

Published

|

Last Updated

തൃശൂര്‍| ഒടിഞ്ഞ് പ്ലാസ്റ്ററിട്ട കൈ വളഞ്ഞു പോയതിനെതിരെ ഫയല്‍ ചെയ്ത ഹരജിയില്‍ പരാതിക്കാരന് അനുകൂല വിധി. വരന്തരപ്പിള്ളി സ്വദേശി ആറ്റുപുറം വീട്ടില്‍ ടെന്നിസണ്‍, പിതാവ് എ ഡി സണ്ണി എന്നിവര്‍ നല്‍കിയ ഹരജിയിലാണ് ഉപഭോക്തൃ കോടതി വിധി പുറപ്പെടുവിച്ചത്.
തൃശൂരിലെ ഹോളി ഫാമിലി ഹോസ്പിറ്റല്‍ ഡയറക്ടര്‍, ചികിത്സ നടത്തിയ ഡോക്ടര്‍ എന്നിവര്‍ക്കെതിരെയാണ് കോടതി വിധി പുറപ്പെടുവിച്ചത്.

ഹരജിക്കാര്‍ക്ക് നഷ്ടപരിഹാരമായി 50,000 രൂപയും ചെലവിലേക്ക് 10,000 രൂപയും ഹരജി തിയ്യതി മുതല്‍ 5 ശതമാനം പലിശയും നല്‍കാന്‍ വിധി പുറപ്പെടുവിച്ചു. ഹരജിക്കാര്‍ക്ക് വേണ്ടി അഡ്വ എ ഡി ബെന്നിയാണ് വാദിച്ചത്.

കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ടെന്നിസന്റെ ഇടതു കൈയ്ക്ക് ബോള്‍ കൊണ്ട് പരുക്കേല്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ എക്‌സ് റേ എടുത്തു. തുടര്‍ന്ന് കൈ ഒടിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് പ്ലാസ്റ്ററിട്ടു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഒടിഞ്ഞ കൈയ്യില്‍ വേദന അനുഭവപ്പെട്ടു. ഡോക്ടറെ ചെന്ന് കണ്ടപ്പോള്‍ കുഴപ്പമില്ലെന്ന് പറഞ്ഞ് വേദന മാറാനുള്ള മരുന്ന് കുറിച്ചു കൊടുത്തു.

തുടര്‍ന്ന് രണ്ടാഴ്ചയ്ക്കുശേഷം പ്ലാസ്റ്റര്‍ വെട്ടി. പ്ലാസ്റ്റര്‍ വെട്ടിയപ്പോള്‍ കൈ വളഞ്ഞ് വൈകല്യം വന്ന അവസ്ഥയിലായിരുന്നു. പിന്നീട് മറ്റൊരു ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി ഏറെക്കുറെ ഭേദപ്പെടുത്തി.

അതേസമയം പ്ലാസ്റ്റര്‍ ടെന്നിസണ്‍ സ്വയം ഊരി മാറ്റുകയായിരുന്നുവെന്നും അതുകൊണ്ടാണ് വൈകല്യം സംഭവിച്ചതെന്നുമാണ് എതിര്‍കക്ഷിയുടെ വാദം. തെളിവുകള്‍ പരിഗണിച്ച് ഈ വാദം പ്രസിഡന്റ് സി ടി സാബു, മെമ്പര്‍മാരായ ശ്രീജ എസ്, ആര്‍ റാം മോഹന്‍ എന്നിവരടങ്ങിയ ഉപഭോക്തൃ കോടതി തള്ളി.

 

 

Latest