From the print
ഉത്തരവാദിത്വത്തിന്റെ പ്രതിജ്ഞ ചൊല്ലി പ്ലാറ്റ്യൂൺ അസംബ്ലിക്ക് സമാപനം
ഓരോ സർക്കിളുകളിൽ നിന്നും പ്രത്യേകം തിരഞ്ഞെടുത്ത 25 അംഗങ്ങൾ വീതം അടങ്ങിയതായിരുന്നു പ്ലാറ്റ്യൂൺ സംഘം.
തൃശൂർ | ഒരു വർഷം നീണ്ടുനിന്ന പ്ലാറ്റിനം ഇയർ സമ്മേളന സന്ദേശങ്ങളെ കേരളത്തിന്റെ നഗര ഗ്രാമ പ്രദേശങ്ങളിൽ പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച 18,000 പ്ലാറ്റ്യൂൺ അംഗങ്ങളുടെ സംഗമം നഗരിയിൽ നടന്നു.
വെള്ള പൈജാമയും കറുത്ത പാന്റും വെള്ള തൊപ്പിയും ധരിച്ചെത്തിയ അംഗങ്ങൾ കൈകൾ നെഞ്ചോട് ചേർത്തു ഒരേ സ്വരത്തിൽ പ്രതിജ്ഞ ഏറ്റുചൊല്ലിയാണ് മടങ്ങിയത്. ഓരോ സർക്കിളുകളിൽ നിന്നും പ്രത്യേകം തിരഞ്ഞെടുത്ത 25 അംഗങ്ങൾ വീതം അടങ്ങിയതായിരുന്നു പ്ലാറ്റ്യൂൺ സംഘം.
2024 ജനുവരിയിൽ ആരംഭിച്ച സംഘം സർക്കിൾ തലത്തിൽ അഞ്ച് സുഹ്ബ ക്യാമ്പുകളും ജില്ലാ തലത്തിൽ പ്ലാറ്റ്യൂൺ റാലിയും സംഘടിപ്പിച്ച ശേഷമാണ് അസംബ്ലിക്കായി ആമ്പല്ലൂരിൽ എത്തിയത്.
കുത്തഴിഞ്ഞ ലിബറൽ ബോധങ്ങൾ, തീവ്രവാദം, ഭീകരത, വർഗീയവാദം, തുടങ്ങിയ എല്ലാ എതിർവിചാരങ്ങളെയും പ്രതിരോധിക്കുമെന്നും എല്ലാ തരം മൂല്യ നിരാസങ്ങളെയും വിസമ്മതിച്ച്, അധാർമികതകളുടെ ഒഴുക്കിനെതിരെ അക്ഷീണം പ്രയത്‌നിക്കുമെന്നും സഹജീവികളായ മനുഷ്യരുടെയും പ്രകൃതിയുടെയും നിലനിൽപ്പിനും സമാധാനപൂർണമായ ജീവിതത്തിനും വേണ്ടി പ്രയത്നിക്കുമെന്നും അംഗങ്ങൾ പ്രതിജ്ഞയെടുത്തു. സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി തങ്ങൾ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.