ഫീച്ചർ
പ്രകൃതിയുടെ പ്രസന്നമുഖം
ഇല്ലാത്തവന്റെ സങ്കടങ്ങൾ തിരിച്ചറിയുകയും വിശക്കുന്നവന്റെ വേവലാതികൾക്ക് പരിഹാരമാകുകയും ചെയ്യുന്ന ആത്മശുദ്ധീകരണവ്രതത്തിന്റെ നാളുകൾ കൂടി വന്നുചേർന്നിരിക്കുന്നു. ഉപവാസത്തിന്റെ ഏകാഗ്രവും പ്രാർഥനാ നിർഭരവുമായ ദിനരാത്രങ്ങൾ ജീവിതത്തെ കൂടുതൽ ചൈതന്യധന്യമാക്കുന്നു. ഈസ്റ്ററിന്റെ സന്ദേശം കൂടി തൊട്ടടുത്ത് നിന്നുയർന്നു കേൾക്കുമ്പോൾ ഹൃദയസംഗമത്തിന്റെ ഏറ്റവും മഹത്വമാർന്ന മാനവ സാഹോദര്യം പുലരുകയാണെന്ന് നാം മനസ്സിലാക്കണം. ഒരേ ആകാശക്കൂടാരത്തിന് താഴെയെന്ന് തോന്നും വിധം സംവിധാനം ചെയ്ത ലോകത്തിന്റെ ചെറുതും വലുതുമായ വഴികളിൽ പ്രസന്നതയോടെ മന്ദഹസിക്കുന്ന മനുഷ്യമുഖങ്ങൾ കണികാണുന്നതിനേക്കാൾ വിശ്വവശ്യമായ ദൃശ്യം മറ്റൊന്നില്ല.
ജീവിത സംസ്‌കൃതിയുടെ നിർവചനത്തിൽ നിന്ന് അവനവന്റെ മണ്ണ് വിളയിച്ച പദാർഥങ്ങൾ കുടിയിറക്കപ്പെടുന്ന കാലമാണിത്. ഋതുഭേദങ്ങളുടെ വരദാനം സ്വീകരിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന മനുഷ്യരാശിയുടെ സങ്കൽപ്പങ്ങൾക്ക് സർഗാത്മക സൗന്ദര്യം കൈവരുമ്പോൾ പുരാവൃത്തങ്ങൾ പിറക്കുകയും വളരുകയും ചെയ്യുന്നു. ഏത് ദേശത്തെയും ജനങ്ങൾ കാവ്യാത്മകമായ ഭാവനയുടെ ആകാശങ്ങളിൽ പൂത്തിരി കണ്ടെത്തുകയും തലമുറകൾക്ക് കൈമാറുകയും ചെയ്യുന്നു. സൂര്യായനത്തിന്റെ ദിശാമാറ്റമനുസരിച്ച് കാലാവസ്ഥയുടെ ഭാവവൈവിധ്യം ഭൂമിയിലെ ജീവജാലങ്ങൾക്കെല്ലാം ബാധകമാണ്. വേനലിന്റെ കാഠിന്യവും പേമാരിയും പ്രളയവുമെല്ലാം നേരിടാതെ ജീവിതം അസാധ്യമാണ്. വിശക്കുന്ന മനുഷ്യന് ആഹാരത്തിന് വക കണ്ടെത്തുന്ന കർഷകന്റെ കർമ സമർപ്പണം അതിമഹത്തായ സന്ദേശമാണ് നൽകുന്നത്. വിവേകിയായ മനുഷ്യൻ ജാതി മതങ്ങൾക്കതീതമായി അതുൾക്കൊള്ളണമെന്ന് മാത്രം.
“വിത്തും കൈക്കോട്ടും’ എന്ന കിളിച്ചൊല്ലിന് ആധുനികന്റെ ശബ്ദതാരാവലിയിൽ സ്ഥാനമുണ്ടോ എന്തോ ? സ്ഥാനമുണ്ടായാലും ഇല്ലെങ്കിലും പണിയായുധവും വിത്തും വിളയും വയലേലകളുമില്ലാതെ വിശപ്പിന് പരിഹാരമില്ല. ഹോട്ടലിൽ പണം മുടക്കി സദ്യയുണ്ണാം. പക്ഷേ, കഥയുടെ പിന്നിൽ അധ്വാനത്തിന്റെ നിരവധി അധ്യായങ്ങൾ വായിക്കപ്പെടാതെ കിടക്കുന്നുണ്ട്. അതുകൂടി കാണുന്നവനാണ് യഥാർഥ മനുഷ്യ സ്‌നേഹി. മേടമാസത്തിന്റെ വേനൽത്തിളപ്പിനെ വകവെക്കാതെ മഞ്ഞത്തൊങ്ങൽ ചാർത്തി വസന്തം വിരിയിക്കുന്ന കണിക്കൊന്ന അതിമനോഹരമായ ഒരു പ്രതീകമാണ്. വിണ്ടുകീറിയ പാടത്തിന്റെ ഇത്തിരി പച്ചപ്പിൽ പൂത്തു കായിട്ട കണിവെള്ളരിക്ക അതിനേക്കാൾ അർഥപൂർണമായ കാഴ്ചയാണ്. കസവ് മുണ്ടും മാമ്പഴവും നിറനാഴിയും സുഗന്ധധൂമവും പുസ്തകവും ദർപ്പണവുമെല്ലാം കൂടി, നിലവിളക്കിന്റെ പ്രഭാവലയത്തിൽ തിളങ്ങുന്ന ഓട്ടു പാത്രത്തിൽ കാണാനാകുക വിഭവസമൃദ്ധമായ ഭാവിയുടെ സുചനകളാണ്. അമ്മയോ അച്ഛനോ കണ്ണ് പൊത്തി നടത്തിച്ച് “തുറന്നോളു…വിഷുക്കണി കണ്ടോളൂ’ എന്നു പറയുമ്പോഴത്തെ ബാല്യത്തിന്റെ അളവറ്റ പ്രതീക്ഷകൾക്ക് ഇന്നും മങ്ങലേറ്റിട്ടില്ല. മുത്തച്ഛനോ മുത്തശ്ശിയോ ആരെങ്കിലും അനുഗ്രഹം ചൊരിഞ്ഞ് ഒരു വെള്ളിനാണയം കൈനീട്ടം തരുമ്പോൾ മനസ്സ് നിറയുന്നു. അയലത്തെവിടെയോ പൂത്തിരികൾ തലങ്ങും വിലങ്ങും പറക്കുന്നു. പൊരിഞ്ഞു പൊട്ടുന്ന പടക്കങ്ങളുടെ തിരമാലയിൽ രാത്രിയുടെ കണ്ണുകൾ തുറന്നടയുന്നു. നാളേക്ക് ജീവിക്കാനുള്ള ആവേശത്തിന്റെ അലയൊലികൾ അകത്തും പുറത്തും കയറിയിറങ്ങുന്നു. മണ്ണും വിണ്ണും പങ്ക് ചേരുന്ന പ്രകൃതിയുടെ ഉത്സവദിനങ്ങൾക്ക് പ്രകാശവും പ്രസരിപ്പും വർധിക്കുന്നു.
ഇല്ലാത്തവന്റെ സങ്കടങ്ങൾ തിരിച്ചറിയുകയും വിശക്കുന്നവന്റെ വേവലാതികൾക്ക് പരിഹാരമാകുകയും ചെയ്യുന്ന ആത്മശുദ്ധീകരണവ്രതത്തിന്റെ നാളുകൾ കൂടി വന്നുചേർന്നിരിക്കുന്നു. ഉപവാസത്തിന്റെ ഏകാഗ്രവും പ്രാർഥനാ നിർഭരവുമായ ദിനരാത്രങ്ങൾ ജീവിതത്തെ കൂടുതൽ ചൈതന്യധന്യമാക്കുന്നു. ഈസ്റ്ററിന്റെ സന്ദേശം കൂടി തൊട്ടടുത്ത് നിന്നുയർന്നു കേൾക്കുമ്പോൾ ഹൃദയസംഗമത്തിന്റെ ഏറ്റവും മഹത്വമാർന്ന മാനവ സാഹോദര്യം പുലരുകയാണെന്ന് നാം മനസ്സിലാക്കണം. ഒരേ ആകാശക്കൂടാരത്തിന് താഴെയെന്ന് തോന്നും വിധം സംവിധാനം ചെയ്ത ലോകത്തിന്റെ ചെറുതും വലുതുമായ വഴികളിൽ പ്രസന്നതയോടെ മന്ദഹസിക്കുന്ന മനുഷ്യമുഖങ്ങൾ കണികാണുന്നതിനേക്കാൾ വിശ്വവശ്യമായ ദൃശ്യം മറ്റൊന്നില്ല. എല്ലാവർക്കും ഹൃദ്യമായ ഐശ്വര്യാശംസകൾ.