Kerala
ട്രെയിനിലെ തീയിടല്‍ ആസൂത്രിതമെന്ന് പോലീസ്
സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച ബേഗിൽ നിന്ന് പാതിനിറഞ്ഞ പെട്രോൾ കുപ്പി ലഭിച്ചത് സംശയത്തിന് ഊന്നൽ നൽകുന്നു
കോഴിക്കോട് | ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്പ്രസ്സില്‍ അജ്ഞാതനായ യുവാവ് തീയിട്ട സംഭവം ആസൂത്രിതമെന്ന് സൂചന. രാത്രി 9.30ന് എലത്തൂര്‍ സ്റ്റേഷനില്‍ നിന്ന് നീങ്ങി കോരപ്പുഴ പാലത്തിന് തൊട്ടടുത്ത് വെച്ചാണ് ആക്രമണമുണ്ടായത്. രണ്ട് കുപ്പി പെട്രോളുമായി ട്രെയിനിന്റെ ഡി 1 കോച്ചിലേക്കെത്തിയ യുവാവാണ് തീവെച്ചത്. ഇയാൾ ഈ കോച്ചിൽ ഉണ്ടായിരുന്നില്ലെന്നും ഡി2 കോച്ചിലായിരുന്നു എന്നുമാണ് വിവരം.
ഇയാൾ ചുവന്ന ടീ ഷർട്ടും തൊപ്പിയുമായിരുന്നു ധരിച്ചതെന്നും ട്രെയിൻ നിർത്തിയ ശേഷം ഓടിമാറിയ ഇയാൾ സംഭവ സമയത്ത് ഇവിടേക്ക് എത്തിയ ബൈക്കിൽ രക്ഷപ്പെടുകയുമായിരുന്നു എന്നാണ് ദൃക്സാഷികൾ പറയുന്നത്.
സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച ബേഗിൽ നിന്ന് പാതിനിറഞ്ഞ പെട്രോൾ കുപ്പി ലഭിച്ചത് സംശയത്തിന് ഊന്നൽ നൽകുന്നുണ്ട്. ഇത് ആക്രമിയുടെത് ആണോ എന്നും മറിച്ച് മറ്റ് യാത്രക്കാരുടെത് ആരുടെയെങ്കിലും ആണോയെന്നും അന്വേഷണം നടക്കുന്നുണ്ട്.
അതിനിടെ, ബേഗിൽ നിന്ന് ചില ലഘുലേഖകൾ കണ്ടെത്തി. ഇതിൽ നിന്ന് മാവോയിസ്റ്റ് അനുകൂല സന്ദേശങ്ങൾ ഉള്ളതായും വാർത്തകൾ വന്നിരുന്നു. എന്നാൽ, പിന്നീട് പോലീസ് ഇത് നിഷേധിച്ചു. അതേസമയം, ഇത് അന്വേഷണത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമമാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.
ബേഗിൽ നിന്ന് ഒരു മൊബൈൽ ഫോൺ കൂടി കണ്ടെത്തിയിട്ടുണ്ട്. ഇത് അന്വേഷണത്തെ സഹായിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.