Articles
കോര്‍പറേറ്റ്-കാവി അജന്‍ഡയുടെ രാഷ്ട്രീയ നയരേഖ
വിശാലമായ ദേശീയ വീക്ഷണങ്ങളെല്ലാം സങ്കുചിത രാഷ്ട്രീയത്തിന് കീഴ്‌പ്പെട്ടുപോകുന്നതിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ് ബജറ്റില്‍ കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോട് കാണിച്ചിരിക്കുന്ന കടുത്ത അവഗണന. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെയാകെ അവഗണിച്ചിരിക്കുകയാണ്. കേരളത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ണമായി അവഗണിച്ച ബജറ്റില്‍ കേരളമെന്ന വാക്ക് പോലുമില്ല.
നിര്‍മലാ സീതാരാമന്റെ എട്ടാമത്തെ ബജറ്റ് കോര്‍പറേറ്റ്-കാവി അജന്‍ഡയുടെ രാഷ്ട്രീയ നയരേഖയാണെന്ന് പറയാം. പാവപ്പെട്ടവരെയും ബി ജെ പിയിതര സര്‍ക്കാറുകളുള്ള സംസ്ഥാനങ്ങളെയും പൂര്‍ണമായി അവഗണിക്കുന്നതും അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് സമ്പദ് ഘടനയെ അടിയറവെക്കുന്നതുമായ നയവും നിര്‍ദേശങ്ങളുമാണ് ബജറ്റിലുള്ളത്. വിദേശ മൂലധനശക്തികള്‍ക്ക് അണുശക്തി, ഇന്‍ഷ്വറന്‍സ് മേഖലകള്‍ തീറെഴുതുന്ന നിര്‍ദേശങ്ങള്‍ ഗുരുതരമായ പ്രത്യഘാതങ്ങളുണ്ടാക്കുന്നതാണ്. കോര്‍പറേറ്റുകളുടെയും സമ്പന്നരുടെയും മേല്‍ നികുതി ചുമത്താനോ നിലവിലുള്ള നികുതി കൂട്ടാനോ മടിച്ചുനില്‍ക്കുന്ന ബജറ്റ് പാവപ്പെട്ടവര്‍ക്കുള്ള സഹായങ്ങളും സൗജന്യങ്ങളും വെട്ടിക്കുറച്ചിരിക്കുകയാണ്. സാമ്പത്തിക വളര്‍ച്ചയുടെ അടിസ്ഥാന യുക്തി, പാവപ്പെട്ടവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുകയെന്നതായിരിക്കണമെന്ന ക്ഷേമോന്മുഖമായ വീക്ഷണങ്ങളെയാകെ നിഷേധിക്കുന്ന നിര്‍ദേശങ്ങളും പദ്ധതികളുമാണ് ബജറ്റിന്റെ ഉള്ളടക്കം. വിലക്കയറ്റവും തൊഴിലില്ലായ്മയും പട്ടിണിയും വര്‍ധിപ്പിക്കുന്ന കോര്‍പറേറ്റ് അജന്‍ഡയാണ് നിര്‍മലാ സീതാരാമന്റെ ബജറ്റിന്റെ അന്തര്‍ധാരയായി പ്രവര്‍ത്തിക്കുന്നത്.
പൊതുചെലവുകള്‍ വെട്ടിച്ചുരുക്കുന്നതും സ്വകാര്യവത്കരണവും ആസ്തി വില്‍പ്പനയും തീവ്രമാക്കുന്നതുമായ ബജറ്റ് കടുത്ത സമ്പന്നാനുകൂല നിര്‍ദേശങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതാണ്. രാജ്യത്തിന്റെ സമ്പദ് ഘടന നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദേശങ്ങളൊന്നുമില്ലാത്ത കോര്‍പറേറ്റ് മൂലധന താത്പര്യങ്ങള്‍ക്കുള്ള നയരേഖ മാത്രമായി ബജറ്റ് പരിമിതപ്പെട്ടു. വിപണി മാന്ദ്യം പരിഹരിക്കാനും ജനങ്ങളുടെ വരുമാനം ഉയര്‍ത്താനുമുള്ള പദ്ധതികളൊന്നുമില്ലാത്ത ബജറ്റ് സംസ്ഥാനങ്ങള്‍ക്കു മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്നതുമാണ്. നിര്‍മലാ സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ച ഒട്ടുമിക്ക പദ്ധതികളും നടപ്പാക്കാന്‍ പണം ചെലവിടേണ്ടി വരുന്നത് സംസ്ഥാനങ്ങളാണ്. സംസ്ഥാനങ്ങള്‍ക്ക് അധികഭാരം അടിച്ചേല്‍പ്പിക്കുന്ന ബജറ്റിന്റെ വിചിത്ര സ്വഭാവം സംസ്ഥാനങ്ങള്‍ക്ക് വന്‍തോതില്‍ നഷ്ടമുണ്ടാക്കുന്ന തരത്തില്‍ നികുതികള്‍ വെട്ടിക്കുറച്ചിരിക്കുന്നുവെന്നതാണ്. അങ്കണ്‍വാടി, ആശ, ഉച്ചഭക്ഷണ പദ്ധതികള്‍പോലുള്ള ഒന്നിനും വേതനം ഉയര്‍ത്താന്‍ നിര്‍മല മനസ്സ് കാണിച്ചിട്ടില്ല.
ബജറ്റിന്റെ അടിസ്ഥാന സ്വഭാവം ബഹുരാഷ്ട്ര കുത്തകകള്‍ക്ക് നമ്മുടെ ധനകാര്യ മേഖലയിലും കാര്‍ഷിക വ്യാവസായിക മേഖലയിലും യഥേഷ്ടം കടന്നുവരാന്‍ അവസരമുണ്ടാക്കുന്നുവെന്നതാണ്. ഇന്‍ഷ്വറന്‍സ് മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 74 ശതമാനത്തില്‍ നിന്ന് 100 ശതമാനമാക്കി ഉയര്‍ത്തി. ആണവോര്‍ജ നിയമം ഭേദഗതി ചെയ്ത് സ്വകാര്യ പങ്കാളിത്തത്തോടെ ചെറുകിട ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുമെന്നാണ് ബജറ്റ് പറയുന്നത്. 2033നകം തദ്ദേശീയമായി വികസിപ്പിച്ച റിയാക്ടറുകള്‍ സജ്ജീകരിക്കാന്‍ 20,000 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ഇത് അമേരിക്കന്‍ ആണവ കുത്തകകള്‍ക്ക് നമ്മുടെ അണുശക്തി മേഖലയില്‍ ആധിപത്യമുറപ്പിക്കാനും അവരുടെ റിയാക്ടര്‍ സാങ്കേതിക വിദ്യക്ക് വിപണിയുണ്ടാക്കാനുമുള്ള അങ്ങേയറ്റം രാജ്യദ്രോഹപരമായ നീക്കമാണ്.
ആണവോര്‍ജ സാങ്കേതിക രംഗത്ത് വലിയ പ്രതിസന്ധിയാണ് ജനറല്‍ ഇലക്ട്രിക്കല്‍സ് പോലുള്ള അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകള്‍ കഴിഞ്ഞ കുറേ ദശകങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്നത്. അമേരിക്കയിലെ ത്രീ മൈല്‍ ഐലന്‍ഡ് ആണവ ദുരന്തത്തിനു ശേഷം ആ രാജ്യം പുതുതായി ആണവ നിലയങ്ങള്‍ സ്ഥാപിക്കാന്‍ മുതിരുന്നില്ല. എന്നുമാത്രമല്ല ചെര്‍ണോബില്‍ ഉള്‍പ്പെടെയുള്ള ആണവ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഒട്ടുമിക്ക ലോകരാജ്യങ്ങളും ആണവോര്‍ജത്തെ സ്വീകരിക്കാന്‍ മടിച്ചുനില്‍ക്കുകയാണ്. ഈയൊരു സാഹചര്യം ആണവ റിയാക്ടര്‍ രംഗത്ത് വന്‍മൂലധന മുതല്‍ മുടക്ക് നടത്തിയിരിക്കുന്ന അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകളെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ജനറല്‍ ഇലക്ട്രിക്കല്‍സ് ഉള്‍പ്പെടെയുള്ള അമേരിക്കന്‍ ആണവ റിയാക്ടര്‍ കുത്തകകള്‍ക്കു വേണ്ടിയാണ് ബജറ്റിലെ ഇത്തരം നിര്‍ദേശങ്ങള്‍ എന്നുവേണം കരുതാന്‍. ആണവ ദുരന്തമുണ്ടായാല്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ വിദേശ കോര്‍പറേറ്റുകളെ സഹായിക്കുംവിധം ആണവ ബാധ്യതാ നിയമത്തില്‍ ഭേദഗതിയുണ്ടാകുമെന്നാണ് പ്രഖ്യാപനം. അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് കീഴടങ്ങുന്ന നിലപാടിന്റെ ഭാഗമാണ് ബജറ്റിലെ ഇത്തരം നിര്‍ദേശങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിന്റെ രണ്ടാം വരവിനു ശേഷം തന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പുറപ്പെടാനിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഇത്തരം പ്രഖ്യാപനങ്ങള്‍ വരുന്നത്.
ഇന്ത്യയെ അപദേശീയവത്കരിച്ച് അമേരിക്കന്‍ താത്പര്യങ്ങളുടെ തന്ത്രപരമായ പങ്കാളിയാക്കുന്ന ഹിന്ദുത്വ അജന്‍ഡയുടെ ഭാഗമാണ് അണുശക്തി രംഗത്തും ഇന്‍ഷ്വറന്‍സ് രംഗത്തുമൊക്കെ വിദേശ മൂലധനത്തിന് വാതില്‍ തുറന്നിട്ടുകൊടുക്കുന്ന നീക്കമെന്ന് തിരിച്ചറിയണം. അപദേശീയവത്കരണത്തിന്റെ ഭാഗമാണ് അപനിക്ഷേപവത്കരണവും. നിര്‍മലാ സീതാരാമന്‍ തന്റെ ബജറ്റില്‍ പൊതു ആസ്തികള്‍ വിറ്റ് അഞ്ച് വര്‍ഷത്തില്‍ 10 ലക്ഷം കോടി രൂപ സമാഹരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യവികസനത്തിന് മൂന്ന് വര്‍ഷത്തെ പദ്ധതികള്‍ പി പി പി മാതൃകയില്‍ നടപ്പിലാക്കാനാണ് ബജറ്റ് നിര്‍ദേശിക്കുന്നത്.
140 കോടിയിലേറെ ജനങ്ങളുള്ള ഇന്ത്യ പോലെയുള്ളൊരു വലിയ രാജ്യത്തെ കേവലം ഒരു ശതമാനത്തില്‍ താഴെ വരുന്ന ആദായ നികുതിദായകര്‍ക്ക് ഇളവ് നല്‍കിയെന്നതാണ് ബജറ്റിന്റെ ജനകീയതയായി ബി ജെ പിയും കോര്‍പറേറ്റ് മാധ്യമങ്ങളും കൊണ്ടാടുന്നത്. 12 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായ നികുതി ഒഴിവാക്കിക്കൊടുത്തത് മധ്യവര്‍ഗത്തിന്റെ കൈകളില്‍ കൂടുതല്‍ പണമെത്തിക്കാനാകാം. ഈ ഇളവ് വഴി ഉയര്‍ന്ന മധ്യവര്‍ഗങ്ങള്‍ക്ക് മാത്രമാണ് ഗുണം ലഭിക്കുകയെന്നതാണ് യാഥാര്‍ഥ്യം. പുതിയ നികുതി സമ്പ്രദായ പ്രകാരം നികുതി നല്‍കുന്നവര്‍ക്കാണ് ഈ പുതിയ സ്ലാബിന്റെ ആനുകൂല്യം ലഭിക്കുക. പലരും ചൂണ്ടിക്കാട്ടുന്നത് പഴയ സ്ലാബ് നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമാണ് ഇതെന്നാണ്.
നിലവില്‍ ഏഴ് ലക്ഷം വരെയുള്ളവര്‍ക്കായിരുന്നു നികുതിയിളവ് ലഭിച്ചിരുന്നത്. ശമ്പളക്കാരായ നികുതി ദായകര്‍ക്ക് 75,000 രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്്ഷന്‍ ഉള്‍പ്പെടെ 12.75 ലക്ഷം വരെയുള്ളവര്‍ക്ക് ആയിരുന്നു ആദായനികുതി ഇളവ് ലഭിച്ചിരുന്നത്. ധനമന്ത്രി തന്റെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത് പുതിയ സ്ലാബ് വഴി സര്‍ക്കാറിന് ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ്. ധനമന്ത്രിയുടെ അവകാശവാദം ഇടത്തരക്കാരന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തിയാല്‍ അവര്‍ വാങ്ങുന്ന ഉത്പന്നങ്ങള്‍ വഴി ആദായനികുതിയേക്കാള്‍ കൂടുതല്‍ വരുമാനം സര്‍ക്കാറിന് നേടാന്‍ കഴിയുമെന്നാണ്. ഇതിന്റെയൊക്കെ നിജസ്ഥിതി മനസ്സിലാകണമെങ്കില്‍ ഇന്‍കം ടാക്‌സ് ബില്ല് സഭയുടെ പരിഗണനക്ക് വരുന്നതു വരെ കാത്തിരിക്കേണ്ടതുണ്ട്. അതായത് നികുതി കണക്കാക്കലും റിട്ടേണുകള്‍ സമര്‍പ്പിക്കലും ഉള്‍പ്പെടെ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് തയ്യാറാക്കിയ ബില്ലിലൂടെ മാത്രമേ ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനങ്ങളുടെ വാസ്തവമെന്തെന്ന് അറിയാനാകൂ. ഇടത്തരക്കാരെ മോഹിപ്പിച്ചും ആദായനികുതി ഇളവിന്റെ മാഹാത്മ്യം പറഞ്ഞും നടക്കുന്ന പ്രചാരണങ്ങളില്‍ വീണുപോകുന്നവര്‍ ഇക്കാര്യം ഓര്‍ക്കേണ്ടതുണ്ട്.
നിലവിലെ ആദായ നികുതി നിയമത്തിലെ വകുപ്പുകള്‍ പ്രകാരം ലഭിച്ചുകൊണ്ടിരിക്കുന്ന ഭവനവായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങിയ പലിശ ഇളവുകളില്‍ ഏതെല്ലാമാണ് ഇല്ലാതാകുകയെന്നത് പുതിയ ബില്ല് വരുമ്പോഴേ വ്യക്തമാകൂ. എന്തായാലും ഡല്‍ഹി സംസ്ഥാന തിരഞ്ഞെടുപ്പിന് ശേഷമേ പുതിയ ബില്ല് വരികയുള്ളൂവെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഈ ആദായ നികുതി ഇളവ് പ്രഖ്യാപനത്തിന് പിറകില്‍ ഡല്‍ഹിയിലെ ഭൂരിപക്ഷം വരുന്ന ഇടത്തരക്കാരെ സ്വാധീനിക്കാനുള്ള രാഷ്ട്രീയ തന്ത്രം ഒളിഞ്ഞുകിടപ്പുണ്ടെന്ന കാര്യം ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
കേന്ദ്ര സര്‍ക്കാറിന്റെ കോര്‍പറേറ്റ് പ്രീണന നയങ്ങളെയും ആണവ നയങ്ങളില്‍ ഉള്‍പ്പെടെ അമേരിക്കക്ക് കീഴടങ്ങുന്ന നീക്കങ്ങളെയും മറച്ചുവെക്കാനുള്ള കൗശലം മാത്രമാണ് ആദായ നികുതി ഇളവ് പ്രഖ്യാപനങ്ങളെന്നതാണ് യാഥാര്‍ഥ്യം. രാജ്യത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളെയാകെ മറന്ന ദരിദ്രവിരുദ്ധ ബജറ്റാണിത്. തന്ത്രപ്രധാനമായ മേഖലകളെ സ്വകാര്യവത്കരിക്കുന്നതിനാണ് ബജറ്റ് ഊന്നുന്നത്. ചങ്ങാത്ത മുതലാളിത്തത്തെ ശാക്തീകരിക്കുന്ന നിര്‍ദേശങ്ങളാണ് ബജറ്റിലുടനീളം. കുത്തകകളെയും അതിസമ്പന്നരെയും സഹായിക്കുന്ന ബജറ്റ് ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഒരു ശ്രദ്ധയും കാണിച്ചിട്ടില്ല. വിലക്കയറ്റം, തൊഴിലില്ലായ്മ, കാര്‍ഷിക തകര്‍ച്ച, കടുത്ത ദാരിദ്ര്യവത്കരണം തുടങ്ങിയ ജീവല്‍പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ബജറ്റില്‍ ഒരു നിര്‍ദേശവുമില്ല.
നവലിബറല്‍ നയങ്ങളുടെ താത്പര്യങ്ങളിലൂന്നുന്ന ബജറ്റ് ധനകമ്മി കുറക്കുന്നതിനാവശ്യമായ നടപടികളാണ് മുന്നോട്ടുവെക്കുന്നത്. എന്നാല്‍ തൊഴിലും വരുമാനവുമില്ലാത്ത ജനങ്ങളുടെ ക്രയശേഷി വര്‍ധിപ്പിച്ച് സമ്പദ് ഘടനയെ ചലനാത്മകമാക്കാനുള്ള യാതൊരു പദ്ധതികളുമില്ല. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയും വിലക്കയറ്റവും അനുദിനം വര്‍ധിച്ചുവരുന്ന അസമത്വവും ദാരിദ്ര്യവും പരിഹരിക്കാന്‍ ഒരു ശ്രമവും ബജറ്റിലില്ല. സമ്പാദ്യ നിരക്കിലെ ഇടിവും പൊതു, സ്വകാര്യ നിക്ഷേപത്തിലെ കുറവും കാണിക്കുന്നത് സമ്പദ് മേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയെയാണ്. ഇതൊന്നും പരിഹരിക്കാന്‍ ബജറ്റിലൊരു ശ്രമവും ധനമന്ത്രി നടത്തിയിട്ടില്ല.
വിശാലമായ ദേശീയ വീക്ഷണങ്ങളെല്ലാം സങ്കുചിത രാഷ്ട്രീയത്തിന് കീഴ്‌പ്പെട്ടുപോകുന്നതിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ് ബജറ്റില്‍ കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോട് കാണിച്ചിരിക്കുന്ന കടുത്ത അവഗണന. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെയാകെ അവഗണിച്ചിരിക്കുകയാണ്. കേരളത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ണമായി അവഗണിച്ച ബജറ്റില്‍ കേരളമെന്ന വാക്ക് പോലുമില്ല. 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജോ എയിംസോ വിഴിഞ്ഞത്തിനുള്ള സഹായമോ ഒന്നും ബജറ്റിലില്ല. വയനാടിന് സഹായമോ വന്യജീവി പ്രശ്‌നം പരിഹരിക്കാനുള്ള സഹായ പദ്ധതിയോ ഒന്നും പ്രഖ്യാപിച്ചിട്ടില്ലാത്ത ബജറ്റ് കേരളത്തോട് കടുത്ത അനീതിയാണ് കാണിച്ചിട്ടുള്ളത്. എത്രയോ കാലമായി കേരളം ഉന്നയിക്കുന്ന ശബരിപാത ഉള്‍പ്പെടെ റെയില്‍വേ പദ്ധതികള്‍ക്കൊന്നും അനുമതിയില്ല. റബ്ബറിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചില്ല എന്നു മാത്രമല്ല നാളികേരം, നെല്ല് തുടങ്ങിയ കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില നല്‍കുന്നതിനെക്കുറിച്ച് ബജറ്റ് മൗനം പാലിക്കുകയാണ്.
കാര്‍ഷിക മേഖലക്ക് കടാശ്വാസമോ മറ്റ് ഇളവുകളോ ഒന്നും ബജറ്റിലില്ല. നൂറ് ജില്ലകളില്‍ ധനമന്ത്രി പി എം ധന്‍ ധന്യ കൃഷിയോജന പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ അതിന്റെ ചെലവുകളെല്ലാം സംസ്ഥാനങ്ങളാണ് വഹിക്കേണ്ടത്! പി എം കിസാന്‍ സമ്മാന്‍ പദ്ധതിയില്‍ നിന്നുള്ള സഹായം വര്‍ധിപ്പിച്ചില്ല. 2017ലെ ബജറ്റില്‍ അഞ്ച് വര്‍ഷം കൊണ്ട് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാമെന്ന് പറഞ്ഞവര്‍ പ്രഖ്യാപനങ്ങള്‍ക്കപ്പുറം ഒന്നും ചെയ്തില്ല. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഉത്പാദനച്ചെലവും അതിന്റെ 50 ശതമാനവും ചേര്‍ത്ത് മിനിമം താങ്ങുവില നിശ്ചയിക്കണമെന്ന സ്വാമിനാഥന്‍ കമ്മീഷന്‍ ശിപാര്‍ശയെക്കുറിച്ച് നിര്‍മലാ സീതാരാമന്റെ എട്ടാം ബജറ്റും മൗനം പാലിക്കുന്നു.
രാസവള, ഭക്ഷ്യ സബ്‌സിഡികളും വിള ഇന്‍ഷ്വറന്‍സ് വിഹിതവും കുറച്ചു. വളം സബ്‌സിഡിയില്‍ 3,400 കോടിയും വിള ഇന്‍ഷ്വറന്‍സ് വിഹിതത്തില്‍ 3,500 കോടിയുമാണ് വെട്ടിക്കുറച്ചത്. എല്ലാ ക്ഷേമപദ്ധതികളെയും അതിനുള്ള വിഹിതം കുറച്ചുകൊണ്ട് ബജറ്റ് അവഗണിച്ചിരിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതവും കൂട്ടിയില്ല. തൊഴിലാളികളെയും യുവാക്കളെയും സ്ത്രീകളെയും കുട്ടികളെയും കാണാത്ത പാര്‍ശ്വവത്കൃത വിഭാഗങ്ങളെ പൂര്‍ണമായും അവഗണിക്കുന്ന ബജറ്റാണിത്. കൊട്ടിഘോഷിക്കുന്ന ജി ഡി പി വളര്‍ച്ച പാവപ്പെട്ടവരുടെ ജീവിതത്തില്‍ ഒരു മാറ്റവും ഉണ്ടാക്കുന്നില്ല. ഒരു ഭാഗത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കൂടുമ്പോള്‍ മറുഭാഗത്ത് ജനങ്ങളുടെ ക്രയശേഷി നിരന്തരം ഇടിയുകയാണ്. ക്ഷേമ പെന്‍ഷന്‍ വിഹിതവും അര്‍ഹതപ്പെട്ടവരുടെ എണ്ണവും വര്‍ധിപ്പിക്കണമെന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം ധനമന്ത്രി പരിഗണിച്ചില്ല. 60നും 79നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 200 രൂപയും 80ന് മുകളിലുള്ളവര്‍ക്ക് 500 രൂപയുമാണ് കേന്ദ്ര സര്‍ക്കാറിന്റെ വര്‍ഷങ്ങളായുള്ള ക്ഷേമ പെന്‍ഷനുള്ള പ്രതിമാസ വിഹിതം.
പാവപ്പെട്ടവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനുള്ള, അതിനായി അവരുടെ കൈകളില്‍ പണമെത്തിക്കാനുള്ള, ജനങ്ങളുടെ ക്രയശേഷി വര്‍ധിപ്പിക്കാനുള്ള യാതൊരു പദ്ധതിയുമില്ല. ഉത്പാദനവും തൊഴിലും വര്‍ധിപ്പിക്കാതെ, ജനങ്ങളുടെ ക്രയശേഷി വര്‍ധിപ്പിക്കാതെ സ്ഥിരതയാര്‍ന്ന സാമ്പത്തിക വളര്‍ച്ച ഒരു രാജ്യത്തിനും കൈവരിക്കാനാകില്ല.