Connect with us

articles

ഹിമാചലിലെ രാഷ്ട്രീയ സ്ഥിതി അത്ര ശുഭകരമല്ല

ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ്സ് ഭരിക്കുന്ന ഏക സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. അഞ്ച് വര്‍ഷത്തിനിടയില്‍ ഓപറേഷന്‍ താമരയിലൂടെ മധ്യപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ പിടിച്ചെടുത്തതു പോലെ കോണ്‍ഗ്രസ്സില്‍ നിന്ന് ഹിമാചല്‍ പ്രദേശും പിടിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു ബി ജെ പി. നിയമസഭയില്‍ ബജറ്റ് പാസ്സാക്കാന്‍ കോണ്‍ഗ്രസ്സിന് സാധിച്ചതോടെ ബി ജെ പിയുടെ മോഹം തത്കാലം നടക്കാതെ പോയി. എങ്കിലും സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ കോണ്‍ഗ്രസ്സിനെ ഭയപ്പെടുത്തുന്നതാണ്.

Published

|

Last Updated

ഹിമാചല്‍ പ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിച്ചുവെന്ന എ ഐ സി സി നേതാക്കളുടെ പ്രസ്താവന പാഴ് വാക്കാകുകയാണ്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി വിക്രമാദിത്യ സിംഗ് വിമത എം എല്‍ എമാരെ സന്ദര്‍ശിച്ചതും വിക്രമാദിത്യയുടെ മാതാവും പി സി സി അധ്യക്ഷയുമായ പ്രതിഭാ സിംഗ് ബി ജെ പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ചതും സംസ്ഥാനത്തെ കോണ്‍ഗ്രസ്സിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്നതാണ്. എഫ് ബി പേജില്‍ നിന്ന് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സ്, പൊതു മരാമത്ത് മന്ത്രി എന്നീ വിശേഷണങ്ങള്‍ വിക്രമാദിത്യ സിംഗ് നീക്കം ചെയ്യുകയും ചെയ്തു. പ്രതിഭാ സിംഗും വിക്രമാദിത്യ സിംഗും ഹിമാചലില്‍ ആറ് തവണ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയായിരുന്ന വീരഭദ്ര സിംഗിന്റെ ഭാര്യയും മകനുമാണ്. നിലവില്‍ മാണ്ഡിയില്‍ നിന്നുള്ള ലോക്‌സഭാ അംഗമാണ് പ്രതിഭാ സിംഗ്.

ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ്സ് ഭരിക്കുന്ന ഏക സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഓപറേഷന്‍ താമരയിലൂടെ മധ്യപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ പിടിച്ചെടുത്തതു പോലെ കോണ്‍ഗ്രസ്സില്‍ നിന്ന് ഹിമാചല്‍ പ്രദേശും പിടിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു ബി ജെ പി. നിയമസഭയില്‍ ബജറ്റ് പാസ്സാക്കാന്‍ കോണ്‍ഗ്രസ്സിന് സാധിച്ചതോടെ ബി ജെ പിയുടെ മോഹം തത്കാലം നടക്കാതെ പോയി. എങ്കിലും സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ കോണ്‍ഗ്രസ്സിനെ ഭയപ്പെടുത്തുന്നതാണ്. വിമത സ്വരമുയര്‍ത്തിയ മന്ത്രി വിക്രമാദിത്യ സിംഗ് പാര്‍ട്ടിയുടെ വിലക്കുണ്ടായിട്ടും ജനുവരി 22ന് അയോധ്യയില്‍ നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്ത അപൂര്‍വം കോണ്‍ഗ്രസ്സ് നേതാക്കളില്‍ ഒരാളാണ്.

2022ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ബി ജെ പിയെ പരാജയപ്പെടുത്തി അധികാരമേറ്റ കോണ്‍ഗ്രസ്സിനെ പ്രതിസന്ധിയിലാക്കിയത് രാജ്യസഭാ തിരഞ്ഞെടുപ്പിലെ പരാജയമാണ്. 68 അംഗ നിയമസഭയില്‍ 40 അംഗങ്ങളുള്ള കോണ്‍ഗ്രസ്സ് കണ്ണും പൂട്ടി ജയിക്കേണ്ടതായിരുന്നു. കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാവും എ ഐ സി സി വക്താവുമായ മനു അഭിഷേക് സിംഗ്‌വിയെ പാര്‍ട്ടി മത്സരിപ്പിച്ചത് ഈ ആത്മവിശ്വാസത്തിലായിരുന്നു. ആറ് കോണ്‍ഗ്രസ്സ് എം എല്‍ എമാരെ ബി ജെ പി വലയിലാക്കിയതോടെ അഭിഷേക് സിംഗ്‌വിക്ക് പരാജയം രുചിക്കേണ്ടി വന്നു.

എന്നാല്‍ മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ് സുഖുവിനെതിരെ പൊതു മരാമത്ത് മന്ത്രി വിക്രമാദിത്യ സിംഗ് രംഗത്ത് വന്നത്, സംസ്ഥാന കോണ്‍ഗ്രസ്സിലെ പ്രശ്‌നം ആറ് എം എല്‍ എമാരുടെ കൂറുമാറ്റത്തോടെ അവസാനിക്കുന്നതല്ല എന്ന് സൂചിപ്പിക്കുന്നതായിരുന്നു. മന്ത്രി വിക്രമാദിത്യ സിംഗ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കിയതും പിന്നീട് രാജി പിന്‍വലിച്ചതും സംസ്ഥാനത്തെ കോണ്‍ഗ്രസ്സില്‍ ഉടലെടുത്ത പ്രതിസന്ധി തുറന്നുകാട്ടുന്നു. പ്രശ്‌നപരിഹാരത്തിനായി എ ഐ സി സി പ്രസിഡന്റ് ഖാര്‍ഗെ നിയോഗിച്ച കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം താത്കാലിക വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കിയതായി മാധ്യമങ്ങളോട് വിവരിച്ചാണ് ഷിംലയില്‍ നിന്ന് മടങ്ങിയത്.

കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി അഭിഷേക് സിംഗ്‌വിക്കെതിരെ വോട്ട് ചെയ്ത വിമത കോണ്‍ഗ്രസ്സ് എം എല്‍ എമാരെ സംസ്ഥാന നിയമസഭാ സ്പീക്കര്‍ കുല്‍ദീപ് സിംഗ് പതാനിയ അയോഗ്യരായി പ്രഖ്യാപിച്ചിരിക്കുകയാണ്. പിന്നീട് ഇവരുടെ നിയമസഭാ അംഗത്വവും സ്പീക്കര്‍ റദ്ദാക്കുകയുണ്ടായി. സംസ്ഥാന ബജറ്റ് സമ്മേളനത്തില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ചതിനാണ് സ്പീക്കര്‍ ആറ് പേര്‍ക്ക് അയോഗ്യത കല്‍പ്പിച്ചത്. കോണ്‍ഗ്രസ്സ് എം എല്‍ എമാരായ കൂടുതല്‍ പേര്‍ കൂറുമാറാന്‍ സാധ്യതയുണ്ടെന്ന പ്രചാരണത്തിനിടയില്‍ വ്യാഴാഴ്ച നടന്ന ബജറ്റ് സമ്മേളനം അലങ്കോലപ്പെടുകയുണ്ടായി. ഇതേത്തുടര്‍ന്ന് 15 ബി ജെ പി. എം എല്‍ എമാരെ നിയമസഭയില്‍ നിന്ന് സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു.

പ്രതിസന്ധിയില്‍ നിന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ് സുഖുവിന് താത്കാലിക രക്ഷയായത് സ്പീക്കറുടെ ഈ നടപടിയാണ്. സ്പീക്കറുടെ നിലപാട് ബജറ്റ് പാസ്സാക്കുന്നതിന് സര്‍ക്കാറിനെ സഹായിച്ചു. ബജറ്റ് പാസ്സാകാതിരുന്നെങ്കില്‍ മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗിന് രാജിവെക്കേണ്ടി വരുമായിരുന്നു.
എ ഐ സി സി പ്രസിഡന്റ് നിയോഗിച്ച സമിതി സംസ്ഥാനത്ത് നിന്ന് വ്യാഴാഴ്ച മടങ്ങിയത് ശുഭാപ്തിയോടെയായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ചേരാനിരുന്ന സംസ്ഥാന മന്ത്രിസഭാ യോഗം മുഖ്യമന്ത്രി പെട്ടെന്ന് നിര്‍ത്തിവെക്കുകയുണ്ടായി. ഇതോടൊപ്പം വിക്രമാദിത്യ സിംഗിനെ പിന്തുണക്കുന്ന രാംപൂര്‍ എം എല്‍ എ നന്ദുലാലിനെ സംസ്ഥാന ധനകാര്യ കമ്മീഷന്‍ ചെയര്‍മാനായി ക്യാബിനറ്റ് പദവിയോടെ മുഖ്യമന്ത്രി നിയോഗിക്കുകയും ചെയ്തു.

എ ഐ സി സി അധ്യക്ഷനെ കാണാന്‍ ഡല്‍ഹിയിലേക്ക് പോകും വഴിയാണ് ചണ്ഡീഗഢ് പഞ്ചുകുലയിലെ ഹോട്ടലില്‍ ബി ജെ പി കസ്റ്റഡിയിലാണെന്ന് ആരോപിക്കപ്പെടുന്ന വിമത എം എല്‍ എമാരെ മന്ത്രി വിക്രമാദിത്യ സിംഗ് സന്ദര്‍ശിച്ചത്. പാര്‍ട്ടിയില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിമത എം എല്‍ എമാരെ കണ്ടത് എന്നാണ് മന്ത്രി വിക്രമാദിത്യ സിംഗിന്റെ വിശദീകരണം.

വെള്ളിയാഴ്ച നിര്‍ത്തിവെച്ച മന്ത്രിസഭാ യോഗം ശനിയാഴ്ച ചേര്‍ന്നത് മന്ത്രി വിക്രമാദിത്യ സിംഗിന്റെ അസാന്നിധ്യത്തിലാണ്. മറ്റൊരു ക്യാബിനറ്റ് മന്ത്രിയായ ഹര്‍ഷ് വര്‍ധ് ചൗഹാനും മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തില്ല. പങ്കെടുത്തവരില്‍ വിദ്യാഭ്യാസ മന്ത്രി രോഹിത് ഠാക്കൂര്‍ മന്ത്രിസഭാ യോഗം അവസാനിക്കുന്നതിനു മുമ്പ് ഇറങ്ങിപ്പോകുകയും ചെയ്തു. ഉപമുഖ്യമന്ത്രി മുകേഷ് അഗ്‌നി ഹോത്രി വിദ്യാഭ്യാസ മന്ത്രിയെ അനുനയിപ്പിച്ച് തിരിച്ചുകൊണ്ടുവരികയായിരുന്നു. രാജ്യസഭാ സ്ഥാനാര്‍ഥി അഭിഷേക് സിംഗ്‌വിക്കെതിരെ വോട്ട് ചെയ്ത എം എല്‍ എമാരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതിനെ പി സി സി അധ്യക്ഷ പ്രതിഭാ സിംഗ് എതിര്‍ത്തിട്ടുണ്ട്.
മാസങ്ങളായി സംസ്ഥാന കോണ്‍ഗ്രസ്സില്‍ തുടരുന്ന ആഭ്യന്തര തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പ്രശ്‌നം.

മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിംഗിന്റെ കുടുംബവും കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡും തമ്മില്‍ ഇടക്കാലത്ത് അകല്‍ച്ചയിലാണ്. മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ് സുഖു ഏകാധിപതിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിഭാ സിംഗും മന്ത്രി വിക്രമാദിത്യ സിംഗും ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡ് ഈ പരാതി ലാഘവത്തോടെയാണ് നോക്കിക്കണ്ടത്. ആ ലാഘവത്വത്തിന് മനു അഭിഷേക് സിംഗ്്വിയുടെ പരാജയത്തോടെ കോണ്‍ഗ്രസ്സ് വലിയ വില നല്‍കേണ്ടി വന്നിരിക്കുകയാണ്. പ്രശ്‌നം രൂക്ഷമായപ്പോഴാണ് എ ഐ സി സി പ്രസിഡന്റിന്റെ നിര്‍ദേശ പ്രകാരം കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഭൂപീന്ദര്‍ സിംഗ് ഹൂഡയും സംസ്ഥാന കോണ്‍ഗ്രസ്സ് നേതാക്കളുമായി ചര്‍ച്ച ചെയ്യാനെത്തിയത്.

പ്രശ്‌ന പരിഹാരത്തിനായി ആറംഗ സമിതിയെ നിയോഗിച്ചു. സമിതിയില്‍ പി സി സി അധ്യക്ഷ പ്രതിഭാ സിംഗും മന്ത്രി വിക്രമാദിത്യ സിംഗും അംഗങ്ങളാണ്. എന്നാല്‍ ഇങ്ങനെയൊരു സമിതി രൂപവത്കരിച്ചത് കൊണ്ട് മാത്രം അമ്മയും മകനും തൃപ്തരല്ല എന്നാണ് തുടര്‍ന്നുള്ള സംഭവങ്ങള്‍ തെളിയിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സുഖ്‌വീന്ദറിനെ മാറ്റണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. പാര്‍ട്ടി എം എല്‍ എമാരില്‍ ഭൂരിഭാഗം പേര്‍ക്കും സുഖ്‌വീന്ദറില്‍ വിശ്വാസം നഷ്ടപ്പെട്ടതായി ഇവര്‍ ആരോപിക്കുന്നു. സംസ്ഥാനത്തെ ഈ സ്ഥിതിവിശേഷം നേരത്തേ ഹൈക്കമാന്‍ഡിന് അറിവുള്ളതാണ്. സുഖ്‌വീന്ദര്‍ തുടരുന്നത് രാഹുല്‍ ഗാന്ധിയുടെ താത്പര്യ പ്രകാരമാണ്. 2022ല്‍ മന്ത്രിസഭാ രൂപവത്കരണ വേളയില്‍ പി സി സി അധ്യക്ഷ പ്രതിഭാ സിംഗിനെ മുഖ്യമന്ത്രിയാക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നിരുന്നു. എന്നാല്‍ സുഖ്‌വീന്ദറിന്റെ പേര് നിര്‍ദേശിച്ചത് രാഹുല്‍ ഗാന്ധിയാണ്.

സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലെ ബസ് ഡ്രൈവറുടെ മകനായ സുഖ്‌വീന്ദര്‍ മുഖ്യമന്ത്രി ആയതില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് അമര്‍ഷമുണ്ട്. വീര്‍ ഭദ്ര സിംഗിന്റേത് രാജകുടുംബമാണ്. ഈ അന്തരം സംസ്ഥാന കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലും നിലനിന്നുപോരുന്നു. 2013ല്‍ സുഖ്‌വീന്ദര്‍ സിംഗ് സുഖു പി സി സി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട യോഗത്തില്‍ വീര്‍ഭദ്ര സിംഗ് പങ്കെടുക്കുകയുണ്ടായില്ല. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് ഒരു വര്‍ഷം മുമ്പ് കൊവിഡ് ബാധിച്ച് വീര്‍ഭദ്ര സിംഗ് മരണപ്പെടുകയുണ്ടായി. ആറ് ദശകത്തിലേറെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന നേതാവായിരുന്നു വീര്‍ഭദ്ര സിംഗ്.

ആറ് തവണ മുഖ്യമന്ത്രിയും ഒമ്പത് തവണ എം എല്‍ എയും അഞ്ച് തവണ എം പിയും ആയിരുന്ന വീര്‍ഭദ്ര സിംഗിന് സംസ്ഥാനത്ത് ഉചിതമായ സ്മാരകം പണിയണമെന്ന കുടുംബത്തിന്റെ ആവശ്യം മുഖ്യമന്ത്രി നടപ്പാക്കാത്തതും പാര്‍ട്ടിയിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്. വിമത കോണ്‍ഗ്രസ്സ് എം എല്‍ എമാര്‍ വോട്ട് ചെയ്ത് വിജയിപ്പിച്ച ബി ജെ പിയുടെ രാജ്യസഭാ സ്ഥാനാര്‍ഥി ഹര്‍ഷ മഹാജന്‍, വീര്‍ഭദ്ര സിംഗിന്റെ അടുത്ത അനുയായി ആയിരുന്നു. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന മന്ത്രി, നിയമസഭാ സ്പീക്കര്‍, സംസ്ഥാന കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ഹര്‍ഷ് മഹാജന്‍ കോണ്‍ഗ്രസ്സ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്നത് ഒരു വര്‍ഷം മുമ്പായിരുന്നു.