Kerala
ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവും മനസും സ്ത്രീപക്ഷമാണ്; സർക്കാർ ഇരയോടൊപ്പം: മന്ത്രി സജി ചെറിയാന്‍
രഞ്ജിത്ത് ആവശ്യപ്പെടാതെ തന്നെ രാജി സന്നദ്ധത അറിയിക്കുകയായിരുന്നു.
തിരുവനന്തപുരം | സംവിധായകന്‍ രഞ്ജിത്തിന്റെ രാജിയില്‍ പ്രതികരണവുമായി സാസ്‌കാരിക മന്ത്രി സജി ചെറിയാന്‍. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവും മനസും സ്ത്രീപക്ഷമാണ്. സര്‍ക്കാര്‍ ഇരയോടൊപ്പമാണ് വേട്ടക്കാരനൊപ്പമല്ലെന്നും ഇന്നലെ രഞ്ജിത്തിന്റെ രാജിയുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രതികരണം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും സജി ചെറിയാന്‍ പറഞ്ഞു.
ആരെയും സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനില്ല. മാധ്യമങ്ങള്‍ സര്‍ക്കാരിനെ താറടിച്ചെന്നും തന്നെ ഒരു സ്ത്രീ വിരുദ്ധനായി ചിത്രീകരിച്ചെന്നും മന്ത്രി പറഞ്ഞു.എനിക്കും മൂന്ന് പെണ്‍കുട്ടികളാണ് സ്ത്രീകള്‍ക്ക് എതിരായ ഏതൊരു നീക്കത്തെയും ശക്തമായി ചെറുക്കുന്ന ആളാണ് താനെന്നും മന്ത്രി പറഞ്ഞു.
രഞ്ജിത്ത് ആവശ്യപ്പെടാതെ തന്നെ രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. ഇപ്പോള്‍ തന്നെ കത്ത് നല്‍കാമെന്ന് രഞ്ജിത്ത് അറിയിച്ചെന്നും സജി ചെറിയാന്‍ പറഞ്ഞു.
രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണെന്നും രേഖാമൂലം പരാതി തന്നാല്‍ മാത്രമേ കേസെടുക്കാന്‍ പറ്റൂ എന്നും, ഒരു റിപ്പോര്‍ട്ടിന്റെയോ ആരോപണത്തിന്റെയോ പേരില്‍ കേസെടുക്കാനാകില്ലെന്നുമാണ് സജി ചെറിയാന്‍ ഇന്നലെ പറഞ്ഞിരുന്നത്.ഇത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
അതേസമയം രഞ്ജിത്തിനെതിരെ ഉന്നയിച്ച ലൈംഗികാരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര പറഞ്ഞു. ഒടുവില്‍ ആരോപണം രഞ്ജിത്ത് സമ്മതിച്ചു. ഒരു രഞ്ജിത്ത് മാത്രമല്ല ഉള്ളത്,നിരവധി പേരുണ്ട്. എല്ലാം പുറത്തുവരട്ടെയെന്നും അവര്‍ പറഞ്ഞു. ഒറ്റരാത്രികൊണ്ട് ഒന്നും മാറ്റാന്‍ കഴിയില്ല. ധൈര്യത്തോടെ സംസാരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പിന്തുണ ലഭിക്കാറില്ല. ഇത് വളരെ പ്രധാനപ്പെട്ട സമയം. എല്ലാം പുറത്തുവരട്ടെയെന്നും ശ്രീലേഖ മിത്ര കൂട്ടിച്ചേര്‍ത്തു.