Connect with us

Book Review

ഓർമകളുടെ രാഷ്ട്രീയം

മനസ്സിൽ കൊടിയേറിയ ഓർമകൾ - രമേഷ് പുതിയമഠം

Published

|

Last Updated

ഏറ്റവും തിരക്കുപിടിച്ച ജീവിതമാണ് രാഷ്ട്രീയക്കാരന്റെത്. പുലരുമ്പോള്‍ മുതല്‍ പാതിരാത്രി വരെ നീളുന്ന ജനസമ്പര്‍ക്കം. അതിനിടയില്‍ പലപ്പോഴും കുടുംബത്തെപ്പോലും മറന്നുപോകും. എല്ലാവര്‍ക്കും മുമ്പില്‍ ചിരിച്ച മുഖവുമായി നില്‍ക്കുമ്പോഴും, സ്വന്തം സങ്കടങ്ങള്‍ അവര്‍ ഉള്ളിലൊതുക്കി സൂക്ഷിക്കും. ജനങ്ങളുമായി അടുത്തിടപഴകുമ്പോള്‍, ഒരുപാട് അനുഭവങ്ങള്‍ അവരെ വേദനിപ്പിച്ചിട്ടുണ്ടാകും. അല്ലെങ്കില്‍ സന്തോഷിപ്പിച്ചിട്ടുണ്ടാകും. അത്ഭുതം സമ്മാനിച്ചിട്ടുണ്ടാകും. അത്തരം ഓർമകളിലേക്കുള്ള കൊടിയേറ്റമാണ് മാധ്യമപ്രവര്‍ത്തകനായ രമേഷ് പുതിയമഠം രചിച്ച “മനസ്സില്‍ കൊടിയേറിയ ഓർമകള്‍’ എന്ന പുസ്തകം. രാഷ്ട്രീയജീവിതത്തിലെ രാഷ്ട്രീയവും അല്ലാത്തതുമായ അനുഭവങ്ങള്‍ക്കൊപ്പം സമ്പൂർണ രാഷ്ട്രീയക്കാരല്ലാത്തവരുടെ രാഷ്ട്രീയം നിറഞ്ഞ ഓർമകള്‍ കൂടി ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു.

ഒരു തിരുവോണ നാളില്‍ ആര്‍ എസ് എസുകാരുടെ അക്രമത്തിനിരയായ അനുഭവമാണ് പി ജയരാജന്‍ പറയുന്നത്. മരിച്ചു എന്ന് ഉറപ്പുവരുത്തിയശേഷം ബോംബെറിഞ്ഞശേഷമാണ് അക്രമികള്‍ അവിടംവിട്ടത്. ശരീരം നുറുങ്ങിപ്പോയ അവസ്ഥയില്‍നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയത് ജയരാജന്‍ വിവരിക്കുമ്പോള്‍ അത് വലിയൊരു അതിജീവനത്തിന്റെ കഥയായി നമുക്കു മുമ്പില്‍ അവശേഷിക്കുന്നു. ലീഡര്‍ കെ കരുണാകരന്‍ തന്നെ അവഗണിച്ചതിന്റെ വേദന പങ്കുവെക്കുകയാണ് മുന്‍ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്ദിരാ ഗാന്ധി മരിക്കുന്നതിന്റെ തൊട്ടുതലേന്ന് രാത്രി അവസാനമായി ഒപ്പിട്ടത് തന്നെ കെ പി സി സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിലാണെന്ന് വ്യക്തമാക്കുമ്പോള്‍ അത് പുതിയൊരു വെളിപ്പെടുത്തലായി മാറുന്നു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ അസ്വസ്ഥത വള്ളുവനാട്ടിലെ സ്വന്തം അനുഭവത്തിലൂടെ കാണിച്ചുതരികയാണ് മുന്‍ സ്പീക്കര്‍ കൂടിയായ പി ശ്രീരാമകൃഷ്ണന്‍.

കശ്മീര്‍ സന്ദര്‍ശനത്തിനിടെ പരിചയപ്പെട്ട അഹമ്മദും സുവര്‍ണക്ഷേത്രത്തിലെ യുവപുരോഹിതനും പഠിപ്പിച്ചുതന്ന മതസൗഹാർദത്തിന്റെ പാഠം വരുംതലമുറക്ക് മാതൃകയാണെന്ന് കെ ടി ജലീല്‍ വിലയിരുത്തുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന കാലത്ത് ബാപ്പ കാണാതെ സമരത്തിനിറങ്ങിയതും ഒടുവില്‍ കൈയോടെ പിടിക്കപ്പെടുന്നതും രസകരമായി വിവരിക്കുന്നുണ്ട്, ഡോ. ഫസല്‍ ഗഫൂര്‍. തേക്കടിയിലെ ബോട്ടപകടം തന്നെ ഇപ്പോഴും വേട്ടയാടുന്നുവെന്ന് മുന്‍ കെ ടി ഡി സി ചെയര്‍മാന്‍ ആയിരുന്ന ചെറിയാൻ ഫിലിപ്പ് ഓർമിക്കുന്നു. എം ടി വാസുദേവന്‍ നായരെക്കുറിച്ചുള്ള മനോഹരമായ ഓർമകളാണ് അബ്ദുസ്സമദ് സമദാനി സമ്മാനിക്കുന്നത്. ഫാറൂഖ് കോളജില്‍ എം ടിയെ പ്രഭാഷണത്തിന് ക്ഷണിച്ചത് സമദാനിയായിരുന്നു. എം ടി പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ സദസ്സില്‍നിന്നും അപശബ്ദങ്ങളുണ്ടായി. തുടര്‍ന്ന് എം ടി ഇറങ്ങിപ്പോകുകയും അപ്പോള്‍ത്തന്നെ ശാന്തനാക്കി തിരിച്ചുകൊണ്ടുവരികയും ചെയ്ത അനുഭവമാണ് സമദാനി പങ്കുവെക്കുന്നത്.
സ്വന്തം അമ്മയെ ഓര്‍ക്കുന്നതുവഴി ഭാവിതലമുറക്ക് ഒരു സന്ദേശം കൂടി നല്‍കുകയാണ് ബിനോയ്‌വിശ്വം എം പി.
“ലോകത്തുള്ള ഒരു മക്കളും അവരുടെ മാതാപിതാക്കളോട് നീതി കാണിച്ചില്ലെന്ന് പലപ്പോഴും തോന്നാറുണ്ട്. അവര്‍ക്ക് നാം പൊന്നും പണവും കൊടുക്കുമെന്ന് മാതാപിതാക്കള്‍ പ്രതീക്ഷിക്കുന്നില്ല. വാർധക്യം തളര്‍ത്തുമ്പോള്‍ അടുത്തുണ്ടാകണം എന്നു മാത്രമാണ് അവര്‍ കൊതിക്കുക. എനിക്കതിന് കഴിഞ്ഞിട്ടില്ല. എത്രപേര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നറിയില്ല.’
ബിനോയ്‌വിശ്വത്തിന്റെ കുറിപ്പ് വായിക്കുന്നവര്‍ ഒരിക്കലെങ്കിലും സ്വന്തം മാതാപിതാക്കളെ ഓര്‍ത്തുപോകുമെന്ന് തീര്‍ച്ച.
അച്ഛനെക്കുറിച്ചും ഇന്ത്യാവിഷനില്‍ നേരിട്ട അനുഭവങ്ങളെക്കുറിച്ചുമാണ് മാധ്യമപ്രവര്‍ത്തകനായ എം വി നികേഷ്‌കുമാര്‍ വിശദീകരിക്കുന്നത്. “ന്യൂസ് ഔവര്‍’ അവതരിപ്പിച്ച കാലത്ത് അച്ഛനെ ചര്‍ച്ചക്ക് വിളിച്ചതും മിസ്റ്റര്‍ രാഘവന്‍ എന്ന് സംബോധന ചെയ്തതും പിന്നീടത് ചിലര്‍ വിവാദമാക്കിയതും നികേഷ് ഓർമിച്ചെടുക്കുന്നുണ്ട്, ഈ പുസ്തകത്തിലൂടെ.

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബസ് തടയല്‍ സമരത്തിനിറങ്ങിയപ്പോഴുണ്ടായ പ്രശ്‌നങ്ങള്‍ ഇ എസ് ബിജിമോള്‍ രസകരമായി അവതരിപ്പിക്കുന്നു. മരണം തൊട്ടറിഞ്ഞ നിമിഷങ്ങള്‍ ഷാഫി പറമ്പില്‍ സൂചിപ്പിക്കുമ്പോള്‍, തന്നെ നേതൃനിരയിലേക്ക് കൊണ്ടുവന്ന ഷൈബിയുടെ അപകടമരണത്തിന്റെ സങ്കടത്തിലാണ് മുന്‍ മന്ത്രിയായ പി കെ ജയലക്ഷ്മി. ഡമോക്രെയ്‌സി എന്ന ആക്ഷേപഹാസ്യ പരിപാടിയില്‍ കളിയാക്കപ്പെട്ട നേതാവ്, ഇനിയും തന്നെ കളിയാക്കണേയെന്ന് ഫോണിലൂടെ സീരിയസ്സായി പറഞ്ഞത് ഞെട്ടിച്ചുവെന്ന് മാധ്യമപ്രവര്‍ത്തകനായ കെ വി മധു പറയുന്നു. ഒപ്പം ചാനല്‍ പരിപാടിയിലെ ചില കൗതുകകരമായ കാഴ്ചകളിലേക്കും നമ്മെ കൊണ്ടുപോകുന്നു.
ഗോവ ഗവര്‍ണറായ പി എസ് ശ്രീധരന്‍പിള്ള, പി സി ജോര്‍ജ്, കെ സുരേന്ദ്രന്‍, കെ പി മോഹനന്‍, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ, പി കെ ബിജു, ഹൈബി ഈഡന്‍, എ പി അബ്ദുല്ലക്കുട്ടി, എല്‍ദോ ഏബ്രഹാം, സിന്ധുജോയ് എന്നിവര്‍ക്കൊപ്പം ജോയ്മാത്യുവും ജഗദീഷും അഡ്വ. എ ജയശങ്കറും ഡോ. എം ടി സുലേഖയും അനുഭവങ്ങളുമായി വരുന്ന പുസ്തകം, കഥ പോലെ വായിച്ചെടുക്കാന്‍ കഴിയും. കതിരൂര്‍ ജി വി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന് 165 രൂപയാണ് വില.

ഗിരീഷ്ബാബു കടമേരി
tngirishbabu@gmail.com

Latest