Kerala
പൂരം കൊടിയിറങ്ങി ; കലാ കിരീടം കണ്ണൂരിന്
ഇത് നാലാം തവണയാണ് കണ്ണൂര്‍ കപ്പ് സ്വന്തമാക്കുന്നത്
കൊല്ലം | 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരശീല വീഴുമ്പോള്‍ 23 വര്‍ഷങ്ങള്‍ക്കിപ്പുറം കിരീടം തിരിച്ച് പിടിച്ചിരിക്കുകയാണ് കണ്ണൂര്‍ ജില്ല.
അവസാന ലാപ്പില്‍ മുന്‍ വര്‍ഷ ജേതാക്കളായ കോഴിക്കോട് കണ്ണൂരിന് വെല്ലുവിളി ഉയര്‍ത്തിയെങ്കിലും കണ്ണൂര്‍ കുതിപ്പ് തുടര്‍ന്നു.ഇത് നാലാം തവണയാണ് കണ്ണൂര്‍ കപ്പ് സ്വന്തമാക്കുന്നത്. 952 പോയിന്റാണ് കണ്ണൂര്‍ നേടിയത്. 949 പോയിന്റുമായി കോഴിക്കോട് ജില്ല രണ്ടാംസ്ഥാനത്തും 938 പോയിന്റുകളോടെ പാലക്കാട് മൂന്നാംസ്ഥാനത്തും ആണ്.
കലാകിരീടത്തിനായി തുടക്കം മുതല്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് വടക്കന്‍ ജില്ലകളായ കോഴിക്കോടും കണ്ണൂരും തമ്മിലുണ്ടായിരുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര മേളക്ക് ഇക്കുറി കൊല്ലം ആതിഥേയത്വം വഹിച്ചപ്പോള്‍ പുതു ചരിത്രം രചിച്ച് കലാ കിരീടവുമായി മടങ്ങുകയാണ് കണ്ണൂര്‍.
കൊല്ലം-912 ,എറണാകുളം – 899, തിരുവനന്തപുരം -870, ആലപ്പുഴ- 852, കാസര്‍ഗോഡ് – 846, കോട്ടയം -837, വയനാട് – 818, പത്തനംതിട്ട-766 , ഇടുക്കി- 730 എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ പോയിന്റ് നിലകള്‍.
അറബിക് കലോത്സവത്തില്‍ ഒന്നാംസ്ഥാനം പങ്കിട്ടത് മലപ്പുറവും കണ്ണൂരുമാണ്.സംസ്‌കൃതോത്സവത്തില്‍ ഒന്നാംസ്ഥാനം ഇടുക്കി നരിയംപാറ എംഎംഎച്ച്എസ്എസ് സ്‌ക്കൂളിനാണ്. ഹൈസ്‌ക്കൂള്‍ ജനറല്‍ വിഭാഗം ഒന്നാംസ്ഥാനം കണ്ണൂര്‍ ജില്ലയ്ക്കാണ്.
ഹൈസ്‌ക്കൂള്‍ ജനറല്‍ വിഭാഗത്തില്‍ 249 പോയിന്റുകളുമായി ബിഎസ്എസ് ഗുരുഗുലം ഹയര്‍സെക്കന്ററി സ്‌കൂളാണ് വിജയിച്ചത്. ഹയര്‍ സെക്കന്ററി ജനറല്‍ വിഭാഗത്തിലും ഒന്നാംസ്ഥാനം ആലത്തൂര്‍ ബിഎസ്എസ് ഗുരുഗുലം സ്‌കൂളിനാണ്. ഹയര്‍ സെക്കന്ററി ജനറല്‍ വിഭാഗത്തില്‍ മികച്ച രണ്ടാമത്തെ ജില്ല കോഴിക്കോടാണ്.
ജനുവരി 4 ന് തുടങ്ങിയ കലാമേള ആവേശ ആരവങ്ങളോടെയാണ് കൊല്ലം ജില്ല വരവേറ്റത്. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു കലാഘോഷത്തിന് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. 24 വേദികളില്‍ 239 ഇനങ്ങളിലായി പതിനായിരക്കണക്കിന് പ്രതിഭകളാണ് കലാമേളയുടെ ഭാഗമായത്. ആശ്രാമം മൈതാനത്ത് ഒരുക്കിയ ഒ എന്‍ വി സ്മൃതിയായിരുന്നു പ്രധാന വേദി. നാലാം തവണയാണ് കൊല്ലം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വേദിയായത്.