Editors Pick
മാർപാപ്പ വിടവാങ്ങി; പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നത് ഇങ്ങനെ
മാർപാപ്പയുടെ മരണശേഷം 15-20 ദിവസത്തിനുള്ളിൽ പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് ആരംഭിക്കുന്നു. 80 വയസ്സിന് താഴെയുള്ള കർദ്ദിനാൾമാർ ഈ രഹസ്യ നടപടികൾക്കായി വത്തിക്കാനിൽ ഒത്തുകൂടുന്നു. സിസ്റ്റീൻ ചാപ്പലിൽ അടച്ചിടുകയും പുറംലോകവുമായി ബന്ധം വിച്ഛേദിക്കുകയും ചെയ്യുന്നു. ഈ കാലയളവിൽ അവർക്ക് മാധ്യമങ്ങളുമായോ ഫോണുകളുമായോ ബന്ധമുണ്ടാകില്ല.

ലോകമെമ്പാടുമുള്ള 140 കോടിയോളം കത്തോലിക്ക വിശ്വാസികളുടെ പരമാധ്യക്ഷനാണ് മാർപാപ്പ. മാർപാപ്പയുടെ നിര്യാണം സ്ഥിരീകരിക്കുന്നത് മുതൽ പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നത് വരെയുള്ള നടപടിക്രമങ്ങൾ വ്യത്യസ്തമാണ്.
മാർപാപ്പയുടെ മരണശേഷം വത്തിക്കാൻ ഇൻ്റർറെഗ്നം (interregnum) കാലഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. മാർപാപ്പയുടെ മരണത്തിനും പുതിയ നേതാവിൻ്റെ തിരഞ്ഞെടുപ്പിനും ഇടയിലുള്ള സമയമാണിത്. കാമർലെൻഗോ (വത്തിക്കാൻ സ്വത്തിൻ്റെയും വരുമാനത്തിൻ്റെയും ഭരണാധികാരി) ആണ് ആദ്യം മരണവിവരം സ്ഥിരീകരിക്കുന്നത്. മാർപാപ്പയുടെ ജ്ഞാനസ്നാന നാമം മൂന്ന് തവണ വിളിച്ചാണ് കാമർലെൻഗോ ഇത് ചെയ്യുന്നത്. പ്രതികരണമൊന്നുമില്ലെങ്കിൽ മാർപാപ്പ മരിച്ചതായി അദ്ദേഹം പ്രഖ്യാപിക്കും. തുടർന്ന് വത്തിക്കാൻ ഔദ്യോഗിക ചാനലുകളിലൂടെ മാർപാപ്പയുടെ മരണം ലോകത്തെ അറിയിക്കുന്നു.
കവർച്ച തടയുന്നതിനായി കാമർലെൻഗോ മാർപാപ്പയുടെ അപ്പാർട്ട്മെൻ്റ് പൂട്ടുന്നു. തുടർന്ന് ഫിഷർമാൻസ് റിംഗും മാർപാപ്പയുടെ മുദ്രയും നശിപ്പിക്കാനുള്ള നടപടികൾ കാമർലെൻഗോ സ്വീകരിക്കുന്നു. ഇത് അദ്ദേഹത്തിൻ്റെ ഭരണത്തിൻ്റെ അവസാനത്തെ സൂചിപ്പിക്കുന്നു.
മാർപാപ്പയുടെ മരണശേഷം 4-6 ദിവസത്തിനുള്ളിൽ സംസ്കാരം നടത്തണമെന്ന് യൂണിവേഴ്സി ഡൊമിനിസി ഗ്രെഗിസ് ഭരണഘടനയിൽ പറയുന്നു. മാർപാപ്പയുടെ ആഗ്രഹപ്രകാരം മറ്റെവിടെയെങ്കിലും സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെങ്കിൽ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് സംസ്കാരം നടക്കുക. തുടർന്ന് ഒമ്പത് ദിവസത്തെ ദുഃഖാചരണ കാലം ഉണ്ടാകും.
പുതിയ മാർപാപ്പയുടെ തിരഞ്ഞെടുപ്പ്
മാർപാപ്പയുടെ മരണശേഷം 15-20 ദിവസത്തിനുള്ളിൽ പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് ആരംഭിക്കുന്നു. 80 വയസ്സിന് താഴെയുള്ള കർദ്ദിനാൾമാർ ഈ രഹസ്യ നടപടികൾക്കായി വത്തിക്കാനിൽ ഒത്തുകൂടുന്നു. സിസ്റ്റീൻ ചാപ്പലിൽ അടച്ചിടുകയും പുറംലോകവുമായി ബന്ധം വിച്ഛേദിക്കുകയും ചെയ്യുന്നു. ഈ കാലയളവിൽ അവർക്ക് മാധ്യമങ്ങളുമായോ ഫോണുകളുമായോ ബന്ധമുണ്ടാകില്ല.
ഒരു സ്ഥാനാർത്ഥിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നതുവരെ അവർ നിരവധി റൗണ്ടുകളിൽ വോട്ട് ചെയ്യുന്നു. ഓരോ വോട്ടിനും ശേഷം ബാലറ്റുകൾ കത്തിക്കുന്നു. കറുത്ത പുക തീരുമാനമെടുത്തിട്ടില്ലെന്നും വെളുത്ത പുക പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തു എന്നും സൂചിപ്പിക്കുന്നു.
പുതിയ മാർപാപ്പയുടെ പ്രഖ്യാപനം
പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തതിന് ശേഷം തൻ്റെ പങ്ക് അംഗീകരിക്കുന്നുണ്ടോ എന്ന് അദ്ദേഹത്തോട് ഔദ്യോഗികമായി ചോദിക്കുന്നു. അദ്ദേഹം സമ്മതിക്കുകയാണെങ്കിൽ മുൻകാല ‘വിശുദ്ധ’ന്മാരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു പേപ്പൽ നാമം തിരഞ്ഞെടുക്കണം. തുടർന്ന് സീനിയർ കർദ്ദിനാൾ ഡീക്കൺ ലാറ്റിനിൽ “ഹാബെമസ് പാപ്പം” (നമുക്ക് ഒരു മാർപാപ്പയുണ്ട് എന്ന് അർത്ഥം) സെൻ്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിൽ നിന്ന് പ്രഖ്യാപിക്കുന്നു. നിമിഷങ്ങൾക്കുള്ളിൽ പുതിയ മാർപാപ്പ സെൻ്റ് പീറ്റേഴ്സ് സ്ക്വയറിൽ തൻ്റെ അനുയായികളെ അഭിവാദ്യം ചെയ്യുകയും മാർപാപ്പ എന്ന നിലയിൽ അനുഗ്രഹം നൽകുകയും ചെയ്യുന്നു.