Kerala
മാര്‍പാപ്പ മാനവിക ഐക്യത്തിന് ഊന്നല്‍ നല്‍കിയ വ്യക്തിത്വം: ഖലീല്‍ തങ്ങള്‍
ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ഓര്‍ക്കുമ്പോള്‍ അദ്ദേഹം മതസൗഹാര്‍ദത്തിനും വിവിധ മതങ്ങള്‍ക്കിടയിലെ മാനവിക ഐക്യത്തിനും നടത്തിയ പരിശ്രമങ്ങളാണ് ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളത്.

വത്തിക്കാനില്‍ മാര്‍പാപ്പക്ക് കീഴിലുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ ആസ്ഥാനത്ത് നടന്ന മതസൗഹാര്‍ദ സംഗമത്തില്‍ പങ്കെടുക്കാന്‍ ഖലീല്‍ തങ്ങള്‍ എത്തിയപ്പോള്‍.
മലപ്പുറം | ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ഓര്‍ക്കുമ്പോള്‍ അദ്ദേഹം മതസൗഹാര്‍ദത്തിനും വിവിധ മതങ്ങള്‍ക്കിടയിലെ മാനവിക ഐക്യത്തിനും നടത്തിയ പരിശ്രമങ്ങളാണ് ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളതെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ഇബ്‌റാഹീം ഖലീല്‍ ബുഖാരി തങ്ങള്‍. മാര്‍പ്പാപ്പയുടെ കീഴിലുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഇന്ററിലീജിയസ് ഡയലോഗിന്റെ വത്തിക്കാന്‍ ആസ്ഥാനത്ത് നടന്ന അന്തര്‍ദേശീയ ചര്‍ച്ചാ വേദിയില്‍ സംബന്ധിക്കാനായത് മറക്കാനാവാത്ത അനുഭവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മതാന്തര സംവാദങ്ങള്‍ എന്നത് അതില്‍ സംബന്ധിക്കുന്നവരുടെ ആശയങ്ങളും ആദര്‍ശങ്ങളും ബലികഴിച്ചു കൊണ്ടുള്ളതാവണമെന്നുള്ള ശാഠ്യം കേള്‍ക്കാറുണ്ട്. എന്നാല്‍ വത്തിക്കാനിലെ അനുഭവം മറിച്ചായിരുന്നു. വത്തിക്കാനിലേക്കുള്ള ഞങ്ങളുടെ സന്ദര്‍ശനം നയിച്ച ഫാദര്‍ മാര്‍ക്കസ് സോളൊ മാര്‍പാപ്പയുടെ കീഴിലുള്ള പൊന്തിഫിക്കല്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ ഓഫീസുകളില്‍ എത്തിച്ച് പരിചയപ്പെടുത്തി തന്നു. മതങ്ങള്‍ വെറുപ്പിനും വിദ്വേഷത്തിനുമുള്ള ഉപകരണങ്ങളല്ലെന്നും മാനവികതയുടെയും വിശാലതയുടേതുമാണെന്നും ബോധ്യപ്പെടുത്തുന്ന വിധത്തിലാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍.
2019 ഫെബ്രുവരിയില്‍ മാര്‍പാപ്പയുടെ യു എ ഇ സന്ദര്‍ശന വേളയില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധി സംഘത്തില്‍ അംഗമായി സംബന്ധിക്കാനും അവസരമുണ്ടായി. പിന്നീട് ആ യോഗത്തില്‍ മാര്‍പാപ്പയും നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മുസ്‌ലിം ലോകത്തെ ഏറ്റവും ആധികാരികവും പൈതൃകവുമുള്ള അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റി ചീഫ് ഇമാം ഡോ. ശൈഖ് അഹമ്മദ് ത്വയ്യിബും ഒപ്പുവച്ച ഹ്യൂമണ്‍ ഫ്രിറ്റേണിറ്റി പ്രഖ്യാപനം ആധുനിക കാലഘട്ടത്തിലെ ഏറ്റവും വലിയ മതസൗഹാര്‍ദ സംഗമമായി മാറി. മാര്‍പാപ്പയുടെ വിയോഗം ആഗോള തലത്തില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഏറെ നഷ്ടവും നികത്താനാകാത്ത വിടവുമാണെന്നും ഖലീല്‍ തങ്ങള്‍ പറഞ്ഞു.