Connect with us

Kerala

സേവനകാലം മാനവ സമൂഹത്തിന്റെ നന്മക്കായി ഉപയോഗപ്പെടുത്തിയ മാർപാപ്പ: കാന്തപുരം

അറബ് സമൂഹവുമായും മുസ്‌ലിം ജനതയുമായും വളരെ അടുത്ത ബന്ധം പുലർത്തിയ അദ്ദേഹം യുദ്ധങ്ങൾക്കെതിരായ നിലപാടുകൾ ഉൾപ്പെടെ മാനുഷികവും സാമൂഹികവുമായ ശ്രദ്ധേയമായ അനേകം ഇടപെടലുകൾ നടത്തിയെന്നും കാന്തപുരം

Published

|

Last Updated

കോഴിക്കോട് | ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ. അഭയാർഥികൾക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടിയുള്ള ഇടപെടലുകൾ, മതസൗഹാർദ്ദത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ, യുദ്ധങ്ങൾക്കെതിരായ നിലപാടുകൾ ഉൾപ്പെടെ മാനുഷികവും സാമൂഹികവുമായ ശ്രദ്ധേയമായ അനേകം ഇടപെടലുകൾ നടത്തിയാണ് അദ്ദേഹം യാത്രയായിരിക്കുന്നതെന്ന് അദ്ദേഹം അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.

അറബ് സമൂഹവുമായും മുസ്‌ലിം ജനതയുമായും വളരെ അടുത്ത ബന്ധം തന്നെ അദ്ദേഹം പുലർത്തി. ഏറ്റവുമൊടുവിലെ വിശേഷ ദിനത്തിൽ നൽകിയ സന്ദേശത്തിൽ ഫലസ്തീനിൽ കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്കൊപ്പമാണ് തൻ്റെ മനസ്സെന്നും പട്ടിണി കിടക്കുന്ന ജനതയെ സഹായിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും പോപ്പ് ആവശ്യപ്പെട്ടിരുന്നു.
സേവനകാലം മാനവ സമൂഹത്തിന്റെ നന്മക്കായി ഉപയോഗപ്പെടുത്തിയ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും വിശ്വാസി സമൂഹത്തെയും സ്നേഹജനങ്ങളെയും അനുശോചനം അറിയിക്കുന്നുവെന്നും കാന്തപുരം വ്യക്തമാക്കി.

2019 ൽ അബുദാബിയിലും 2022 ൽ ബഹ്‌റൈനിലും നടന്ന അന്താരാഷ്ട്ര സമ്മേളനങ്ങളിൽ അദ്ദേഹത്തെ നേരിട്ടുകാണുകയും സൗഹൃദം പങ്കിടുകയും ആശയവിനിമയം നടത്തുകയും ചെയ്ത അനുഭവങ്ങളും കാന്തപുരം പങ്കുവെച്ചു.

Latest